Recognition | ഗേറ്റ് പരീക്ഷയിൽ തിളങ്ങി സൂറത്കൽ എൻഐടിയിൽ പ്രവേശനം; കെ ഫൈസലിന് തനിമ കലാസാഹിത്യവേദിയുടെ അനുമോദനം
● കെ ഫൈസൽ കാസർകോട് കേന്ദ്രീയ വിദ്യാലയത്തിൽ നിന്നാണ് പഠിച്ചത്.
● പത്താം ക്ലാസിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.
● ഒരു ആർക്കിടെക്റ്റ് കമ്പനിയിൽ കാമ്പസ് സെലക്ഷൻ നേടിയിരുന്നു.
കാസർകോട്: (KasargodVartha) ഗേറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി സൂറത്കൽ എൻഐടിയിൽ ഉപരിപഠനത്തിന് പ്രവേശനം നേടിയ കെ ഫൈസലിനെ തനിമ കലാ സാഹിത്യ വേദി അനുമോദിച്ചു. പെരിങ്ങോമിലെ കെ അശ്റഫ് - എം എ മുംതാസ് ദമ്പതികളുടെ മകനാണ്. കാസർകോട് കേന്ദ്രീയ വിദ്യാലയത്തിൽ (നമ്പർ 2) നിന്നായിരുന്നു ഒന്നാം ക്ലാസ് മുതൽ മുതൽ പ്ലസ് ടു വരെയുള്ള പഠനം.
പത്താം ക്ലാസിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഫൈസൽ, നേരത്തെ ബി ആർക്കിടെക്ചർ കോഴ്‌സിന് തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ പ്രവേശനം നേടിയിരുന്നു. എൻഎടിഎ എൻട്രൻസ് പരീക്ഷയിൽ ഉന്നതമായ മാർക്ക് നേടിയാണ് ഈ നേട്ടം കൈവരിച്ചത്. കോഴ്സിന്റെ അവസാന സെമസ്റ്ററിനിടയിൽ എറണാകുളത്തെ ശിൽപ്പി ആർക്കിടെക്റ്റ് കമ്പനിയിൽ ആർക്കിടെക്റ്റായും കാമ്പസ് സെലക്ഷൻ നേടിയിരുന്നു.
കാസർകോട് ഡയലോഗ് സെൻററിൽ നടന്ന ചടങ്ങിൽ കാസർകോട് സാഹിത്യ വേദി പ്രസിഡണ്ട് എഎസ് മുഹമ്മദ് കുഞ്ഞി തനിമയുടെ ഉപഹാരം ഫൈസലിന് കൈമാറി. തനിമ പ്രസിഡണ്ട് അബൂ ത്വാഈ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സർവകലാശാല അധ്യാപകൻ ആർ ചന്ദ്രബോസ്, എം വി സന്തോഷ് കുമാർ, മുംതാസ് ടീച്ചർ, അഷ്റഫ് അലി ചേരങ്കൈ, റഹ്മാൻ മുട്ടത്തൊടി തുടങ്ങിയവർ സംബന്ധിച്ചു.
എം എൻ വിജയൻ മാഷിന്റെ ചിന്തകൾ ഇന്നും പ്രസക്തമെന്ന് ഡോ. ആർ. ചന്ദ്രബോസ്
അതിവിപുലമായ ഒരു ചിന്താലോകം അവശേഷിപ്പിച്ചു പോയ ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ധിഷണാശാലികളിൽ ഒരാളാണ് എം എൻ വിജയൻ മാസ്റ്ററെന്നും അദ്ദേഹം ഉയർത്തിയ പ്രതിരോധം ഇന്നും പ്രസക്തമാണെന്നും കേരള കേന്ദ്രസർവകലാശാലാ മലയാളം അധ്യാപകനും പ്രഭാഷകനുമായ ഡോ. ആർ ചന്ദ്രബോസ് അഭിപ്രായപ്പെട്ടു. തനിമ കലാസാഹിത്യ വേദി സംഘടിപ്പിച്ച 'എം എൻ വിജയൻ മാഷ് വീണ്ടും വായിക്കപ്പെടുമ്പോൾ' എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാസർകോട് ഡയലോഗ് സെൻററിൽ നടന്ന യോഗത്തിൽ തനിമ കലാസാഹിത്യവേദി ജില്ലാ പ്രസിഡണ്ട് അബു ത്വാഈ അധ്യക്ഷത വഹിച്ചു. അശ്റഫലി ചേരെങ്കെ സ്വാഗതം പറഞ്ഞു. സാഹിത്യ വേദി പ്രസിഡണ്ട് എഎസ് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി എം.വി സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. റഹ്മാൻ മുട്ടത്തൊടി നന്ദി പറഞ്ഞു.
#Kasaragod #GATEExam #NITSuratkal #Architecture #Education #Kerala #India #AcademicExcellence #SuccessStory