Donation | ഉംറയ്ക്കായി സ്വരുകൂട്ടിയ പണം മുതൽ സമ്മാനത്തുക വരെ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാസർകോട്ട് നിന്ന് സഹായ പ്രവാഹം
* വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സഹായം നൽകി.
കാസർകോട്: (KasargodVartha) വയനാടിനെ ഒപ്പം നിർത്താൻ കാസർകോട്ട് നിന്നുള്ള സഹായം തുടരുന്നു. കേരള സംസ്ഥാന ശാസ്ത്ര കലോത്സവത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഫാത്തിമത് ഷസ തന്റെ സമ്മാന തുകയായ 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ബദിര പി.ടി.എം.എ.യു.പി സ്‌കൂൾ വിദ്യാർത്ഥിനി നഫീസ ഗുദ ഉംറയ്ക്കായി സ്വരുകൂട്ടിയ 6500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ കലക്ടർ കെ ഇമ്പശേഖറിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മര്‍ച്ചന്റ് നേവി ഓഫീസര്‍മാരും എന്‍ജിനീയേര്‍സ് അസോസിയേഷന്‍ കാസര്‍കോടും സമാഹരിച്ച 1,50,000 രൂപ ജില്ലാ കലക്ടര്‍ക്ക് കൈമാറി.
തണൽ ബല്ല, യു.എ.ഇ കമ്മിറ്റി കാഞ്ഞങ്ങാട് സമാഹരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ കലക്ടർ കെ ഇമ്പശേഖറിന് കൈമാറി. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ സമാഹരിച്ച 50000 രൂപ ജില്ലാ കളക്ടർക്ക് കൈമാറി.
ഉദിനൂർ എ.യു.പി.എസ് എടച്ചാക്കൈ സ്‌കൂളിലെ കുട്ടികള്‍ സ്വാതന്ത്ര്യദിനാഘോഷത്തിനായി കൂട്ടിവെച്ച തുക, നീലേശ്വരം പുതുക്കൈ അരയാൽത്തറ കൂട്ടായ്മ, ഉദിനൂർ മഹാത്മ പാലിയേറ്റീവ്, ജി.എച്ച്.എസ്.എസ് മടിക്കൈ 1992 എസ്.എസ്.എൽ.സി.ബാച്ച്, എ.ബി.എസ് ഗ്ലോബൽ സ്‌കൂൾ തൃക്കരിപ്പൂർ, തളങ്കര ഗവണ്മെന്റ് മുസ്ലീം ഹയർ സെക്കണ്ടറി സ്‌കൂൾ, 1987 -88 എസ് എസ് എൽ സി ബാച്ച് ഇരിയണ്ണി, ബോവിക്കാനം പ്രൊവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ബാര ബ്രദേഴ്സ് ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബ് തുടങ്ങി നിരവധി സ്ഥാപനങ്ങളും സംഘടകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി.