Initiative | കാസർകോട് നഗരസഭയുടെ 'സ്ട്രീറ്റ് വെൻഡേർസ് ഹബ്' ഉദ്ഘാടനത്തിനൊരുങ്ങുന്നു
പുതിയ ബസ് സ്റ്റാൻഡിന് സമീപമായി ഹബ്ബ് നിർമ്മിച്ചു.
ആദ്യഘട്ടത്തിൽ 28 വ്യാപാരികൾക്ക് കടകൾ അനുവദിച്ചു.
കാസർകോട്: (KasargodVartha) നഗരത്തിലെ തെരുവോര വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് നഗരസഭ നിർമ്മിച്ച 'സ്ട്രീറ്റ് വെന്റേർസ് ഹബ്ബ്' ഉദ്ഘാടനത്തിനൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ അവസരം ലഭിച്ച തെരുവോര വ്യാപാരികൾക്ക് കടകൾ അനുവദിക്കുന്നതിനായുള്ള നറുക്കെടുപ്പ് നടന്നു.
വനിതാ ഭവൻ ഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ അനുയോജ്യമായ മറ്റു സ്ഥലങ്ങളിലും ഇതുപോലുള്ള സ്ട്രീറ്റ് വെന്റേർസ് ഹബ്ബുകൾ സ്ഥാപിക്കുമെന്നും എം.ജി റോഡിലെ മുഴുവൻ തെരുവോര വ്യാപാരികളെയും അവിടെ നിന്നും മാറ്റി പുനരധിവസിപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു.
വൈസ് ചെയർപേഴ്സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, രജനി കെ, നഗരസഭ സെക്രട്ടറി ജസ്റ്റിന്‍ പി.എ, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് ജോയ്, തെരുവോര വ്യാപാരി സമിതി അംഗം അഷ്റഫ് എടനീര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആയിഷ ഇബ്രാഹിം, സെക്രട്ടറി ഷക്കീല മജീദ് തുടങ്ങിയവർ സംബന്ധിച്ചു.
ആദ്യഘട്ടത്തിൽ നഗരസഭ തെരുവോര വ്യാപാരി സമിതി പരിശോധിച്ച് അംഗീകരിച്ച് നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച എം.ജി റോഡിലെ 28 തെരുവോര വ്യാപാരികൾക്കും അഞ്ച് ലോട്ടറി സ്റ്റാളുകള്‍ക്കുമാണ് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് നിർമ്മിച്ച സ്ട്രീറ്റ് വെന്റേർസ് ഹബ്ബിൽ കടകൾ അനുവദിച്ചത്.