Winner | കൈലാക്! സ്കോഡയുടെ പുതിയ എസ്‌യുവിക്ക് പേരിട്ട് കാസർകോട് സ്വദേശി; സമ്മാനമായി ലഭിക്കുക ഇതേ കാർ; ഹാഫിസ് മുഹമ്മദ് സിയാദിന് അപൂർവ നേട്ടം
സിയാദിനെ കൂടാതെ 10 പേർക്ക് പ്രാഗ് സന്ദർശിക്കാനുള്ള അവസരവും ലഭിച്ചു
കാസർഗോഡ്: (KasargodVartha) സ്കോഡയുടെ ചെറു എസ്‍യുവിയ്ക്ക് പേര് നിർദേശിച്ച് സമ്മാനമായി ഇതേ കാർ സ്വന്തമാക്കി കാസർകോട് സ്വദേശി. നായ്മാർമൂലയിലെ സൈനുദ്ദീൻ കോളിക്കടവ് - ത്വാഹിറ ദമ്പതികളുടെ മകൻ ഹാഫിസ് മുഹമ്മദ് സിയാദ് മർജാനി അൽ യമാനിയാണ് നേട്ടമെഴുതിയത്. 'കൈലാക്' എന്നാണ് സ്‌കോഡയുടെ കോംപാക്ട് എസ് യു വിക്ക് മുഹമ്മദ് സിയാദ് പേര് നിർദേശിച്ചത്. ഇത് കംപനി തിരഞ്ഞെടുക്കുകയായിരുന്നു.
രണ്ട് ലക്ഷത്തിലധികം പേർ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് ഒന്നാം സമ്മാനമായി സിയാദിന് കാർ ലഭിച്ചത്. സ്വന്തമായി സ്കൂടർ മാത്രമുള്ള സിയാദിന് ഇനി സ്വന്തം കാറിൽ യാത്ര ചെയ്യാം. വാഹനം 2025ൽ ലഭിക്കുമെന്നാണ് സ്കോഡ അറിയിച്ചിട്ടുള്ളത്. സിയാദിനെ കൂടാതെ 10 പേർക്ക് പ്രാഗ് സന്ദർശിക്കാനുള്ള അവസരവും സ്കോഡ ഒരുക്കിയിട്ടുണ്ട്. അതിൽ കോട്ടയം സ്വദേശി രാജേഷ് സുധാകരനും ഉൾപ്പെട്ടിട്ടുണ്ട്.
'നെയിം യുവർ സ്കോഡ' എന്ന കാംപയിൻ വഴിയാണ് തങ്ങളുടെ പുതിയ എസ്‌യുവിക്കായി പേര് നിർദേശിക്കാൻ സ്കോഡ അവസരം ഒരുക്കിയത്. 'കെ'യിൽ തുടങ്ങി 'ക്യൂ'വിൽ അവസാനിക്കുന്ന ഒരു പേര് നിർദേശിക്കാനായിരുന്നു നിബന്ധന. സോഷ്യൽ മീഡിയയിലൂടെ ഇതേ കുറിച്ച് മനസിലാക്കിയ സിയാദ് വെബ്‌സൈറ്റ് വഴിയാണ് കൈലാക് എന്ന പേര് നിർദേശിച്ചത്.
ആദ്യം 100 പേരുടെയും പിന്നീട് 10 പേരുടെയും ഷോർട് ലിസ്റ്റ് ചെയ്താണ് അന്തിമ വിജയിയെ തിരഞ്ഞെടുത്തത്. അപ്രതീക്ഷിതമായാണ് സമ്മാനം ലഭിച്ചതെന്നും ഏറെ സന്തോഷമുണ്ടെന്നും സിയാദ് കാസർകോട് വാർത്തയോട് പ്രതികരിച്ചു. പ്രത്യേക അർഥമൊന്നും മനസിലാക്കിയല്ല കൈലാക് എന്ന വാക്ക് നിർദേശിച്ചത്. പിന്നീട് ഇതിന് സംസ്കൃതത്തിൽ സ്ഫടികം എന്ന അർഥം കൂടിയുണ്ടെന്ന് സ്കോഡ അറിയിച്ചതായി സിയാദ് കൂട്ടിച്ചേർത്തു.
കാസർകോട് നജാത് ഖുർആൻ അകാഡമിയിലെ അധ്യാപകനാണ് ഹാഫിസ് മുഹമ്മദ് സിയാദ്. കൈലാക് എസ് യു വി കയ്യിൽ ലഭിക്കുമ്പോൾ താൻ പേര് നൽകിയ കാറിൽ യാത്ര ചെയ്യാമെന്ന അപൂർവ ഭാഗ്യവും സിയാദിന് സ്വന്തമാക്കാം. ഒപ്പം വാഹന നിർമാണ ഭീമന്റെ കാറിന് പേര് നൽകിയത് കാസർകോട് സ്വദേശിയാണെന്നതിൽ നാടിനും അഭിമാനിക്കാം.