Criticism | നെല്ലിക്കുന്ന് ബീച് റോഡിന് ക്രികറ്റ് താരം ഗവാസ്കറുടെ പേരിടുന്നതിൽ എതിർപ്പ്; ക്ലബുകൾ കത്ത് നൽകി; പരിപാടി വെച്ചാൽ തടയുമെന്ന് ബിജെപി; വ്യവസായിയുടെ താത്പര്യം സംരക്ഷിക്കാനെന്നും ആരോപണം
● നഗരസഭ കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്
● തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയ്ക്ക് പരാതി
● സ്ഥലത്തെ കൗൺസിലർമാർക്കും എതിർപ്പ്
കാസർകോട്: (KasargodVartha) നെല്ലിക്കുന്ന് ബീച് റോഡിന് ക്രികറ്റ് താരം സുനിൽ ഗവാസ്കറുടെ പേരിടുന്നതിൽ എതിർപ്പ്. ഒരു തരത്തിലും റോഡിന്റെ പേര് മാറ്റം അനുവദിക്കില്ലെന്ന് വാർഡ് കൗൺസിലർമാരായ എം ഉമയും അജിത് കുമാരനും കാസർകോട് വാർത്തയോട് പ്രതികരിച്ചു. നെല്ലിക്കുന്ന് ഫിർദൗസ് നഗറിലെ ഫാസ്‌ക് ക്ലബ് അടക്കമുള്ള ക്ലബുകളും തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
പ്രദേശത്തെ മുസ്ലിം ലീഗിന്റെ കൗൺസിലർമാർക്ക് ഇടയിലും പേര് മാറ്റുന്നതിൽ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ഒരു പ്രമുഖ വ്യവസായിയുടെ താത്പര്യം സംരക്ഷിക്കാനാണ് പേരുമാറ്റമെന്നാണ് പ്രധാന ആരോപണം. ഇദ്ദേഹത്തിന്റെ സുഹൃത്തായ ഗവാസ്കറെ കാസർകോട്ട് കൊണ്ടുവന്ന് റോഡിന് പേരിട്ട് പൊങ്ങച്ചം കാണിക്കാനുള്ള ഗൂഢ നീക്കമാണ് ഇതിന് പിന്നിലൂടെ വ്യക്തമാവുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. ഇൻഡ്യയുടെ അഭിമാന ക്രികറ്റ് താരമായ ഗവാസ്കറിനോടുള്ള എല്ലാ ബഹുമാനവും ആദരവും ഉണ്ടെങ്കിലും ഏകപക്ഷീയമായി തീരുമാനം അടിച്ചേൽപിക്കുന്നതിലാണ് എതിർപ്പെന്നും ഇവർ വ്യക്തമാക്കുന്നു. തീരുമാനത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.
കാസർകോട് ബാങ്ക് റോഡിൽ നിന്നും നെല്ലിക്കുന്ന് ബീചിലേക്കുള്ള റോഡിന് സുനിൽ ഗാവസ്‌കർ ബീച് റോഡ് എന്നാക്കാൻ തീരുമാനിച്ചതാണ് വിവാദമായത്. എൻ എ നെല്ലിക്കുന്ന് എംഎൽഎ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ വെച്ചാണ് തീരുമാനം പാസാക്കിയത്. ഇതിനെതിരെ ബിജെപിയുടെയും മറ്റ് പ്രതിപക്ഷത്തുള്ള കൗൺസിലർമാരുടെയും എതിർപ്പ് ശക്തമായിരുന്നു. നവംബറിലോ ഡിസംബറിലോ റോഡിന്റെ ഉദ്‌ഘാടനം നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
എന്നാൽ റോഡിന്റെ പേരിടുന്നത് തടയുമെന്ന് കാസർകോട് നഗരസഭ കടപ്പുറം കൗൺസിലർ എം ഉമ വ്യക്തമാക്കി. ബിജെപിയും സ്ഥലത്തെ ക്ഷേത്ര കമിറ്റിയും ഈ തീരുമാനത്തിന് എതിരാണ്. ഒരു സുപ്രഭാതത്തിൽ ആരുമായും കൂടിയാലോചന നടത്താതെ കൗൺസിലിൽ 14-ാമത്തെ അജൻഡയായി വെച്ചാണ് തീരുമാനം പ്രഖ്യാപിച്ചത്. ഗവാസ്കറിനോട് എല്ലാ ആദരവും ഉണ്ടെന്നും കായിക താരമെന്ന നിലയിൽ ഇദ്ദേഹത്തിന്റെ പേര് മുൻസിപൽ സ്റ്റേഡിയത്തിനാണ് നൽകേണ്ടതെന്നും ഉമ നിർദേശിച്ചു.
ക്രികറ്റിനോടുള്ള ആഭിമുഖ്യത്തിൽ നിന്നാണ് ഇത്തരമൊരു നിർദേശം ഉയർന്നുവന്നതെന്നും അക്കാര്യം കത്ത് മുഖേന നഗരസഭയെ അറിയിക്കുകയായിരുന്നുവെന്നും ഇക്കാര്യത്തിൽ ആരുടെയെങ്കിലും പ്രേരണ ഉണ്ടായിട്ടില്ലെന്നും എൻഎ നെല്ലിക്കുന്ന് എംഎൽഎ കാസർകോട് വാർത്തയോട് പറഞ്ഞു. ജീവകാരുണ്യ പ്രവർത്തന രംഗത്തും നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് ഗവാസ്‌കർ. നാടിന് നന്മയും ബീചിന് പെരുമയും പ്രതീക്ഷിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തോട് വിയോജിപ്പ് അറിയിച്ച് സ്ഥലത്തെ ക്ലബുകൾ അടക്കം കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിലുണ്ടായ പ്രതിഷേധം കണക്കിലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പേരിടുന്ന തീരുമാനം പിൻവലിക്കുമെന്ന സൂചനയും എംഎൽഎ നൽകുന്നു.
റോഡിന്റെ പേര് മാറ്റുന്നതിനെ ശക്തമായി എതിർക്കുമെന്ന് കേരള കോൺഗ്രസ് (എം) കാസർകോട് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് ചേരങ്കൈയും പറഞ്ഞു. റോഡിന് പേരിടുകയാണെങ്കിൽ മുൻ എംഎൽഎ ബി എം അബ്ദുർ റഹ്‌മാന്റേയോ മുൻ നഗരസഭ സ്റ്റാൻഡിങ് കമിറ്റി ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന കൊപ്പൽ അബ്ദുല്ലയുടെയോ പേര് നൽകാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭ പരിധിയിൽ ചെറുതും വലുതുമായ നിരവധി സ്റ്റേഡിയങ്ങളും പാർകുകളുമുണ്ട്. കായിക താരമെന്ന നിലയിൽ ഗവാസ്കറിനോട് ആദരവ് കാണിക്കുന്നുണ്ടെങ്കിൽ മൈതാനത്തിനാണ് പേര് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎയ്ക്കും നഗരസഭ ചെയർമാനും കത്ത് നൽകി
കാസർകോട്: നെല്ലിക്കുന്ന് ബീച് റോഡിന് ഗവാസ്കറുടെ പേര് നൽകുന്നതിനെതിരെ കടപ്പുറം ഫാസ്ക് ക്ലബ് കാസർകോട് ഭാരവാഹികൾ എൻഎ നെല്ലിക്കുന്ന് എംഎൽഎയ്ക്കും നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിനും നിവേദനം നൽകി. നെല്ലിക്കുന്ന് സ്പോർട്ടിംഗും, ഫ്രണ്ട്സ് തായൽത്തെ പുള്ളോയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പേര് മാറ്റാനുള്ള നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫാസ്ക് ക്ലബ് കത്ത് നൽകിയത്.
#Kasaragod #SunilGavaskar #Kerala #India #protest #renaming #road #controversy #localnews