Launch | കാസർകോട്ടെ ഏറ്റവും വലിയ മാലിന്യ സംസ്കരണ പ്ലാൻ്റ് 29ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും; 1000 മെട്രിക് ടൺ മാലിന്യം കൈകാര്യം ചെയ്യാൻ കഴിയും

● 38 പഞ്ചായത്തുകളിൽ നിന്നും മൂന്ന് മുനിസിപ്പാലിറ്റികളിൽ നിന്നുള്ള മാലിന്യം സംസ്കരിക്കും.
● കുമ്പള അനന്തപുരം വ്യവസായ കേന്ദ്രത്തിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
● ഗ്രീൻ വേംസ് എന്ന സാമൂഹ്യ സംരംഭമാണ് പ്ലാന്റ് സ്ഥാപിച്ചത്
കാസർകോട്: (KasargodVartha) ജില്ലയിലെ ഏറ്റവും വലിയ മാലിന്യ സംസ്കരണ പ്ലാൻ്റ് കുമ്പള അനന്തപുരം വ്യവസായ കേന്ദ്രത്തിൽ സജ്ജമായതായി സ്ഥാപന അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 29 ന് രാവിലെ ഒമ്പത് മണിക്ക് വ്യവസായ മന്ത്രി പി രാജീവ് ഈ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. ജില്ലയിൽ ശേഖരിക്കപ്പെടുന്ന അജൈവമാലിന്യം മുഴുവനുമായി ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം നാളിതുവരെ ജില്ലയിൽ ഇല്ലായിരുന്നു. അതിനാണ് ഇതുവഴി സാധ്യമാകുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഈ ആധുനിക സംസ്കരണ പ്ലാന്റ് ജില്ലയിലെ 38 പഞ്ചായത്തുകളിൽ നിന്നും മൂന്ന് മുനിസിപ്പാലിറ്റികളിൽ നിന്നുമുള്ള അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സഹായിക്കും. പ്രതിവർഷം 10,000 മെട്രിക് ടൺ മാലിന്യം വരെ ഇവിടെ സംസ്കരിക്കാൻ സാധിക്കും. ഹരിത കർമ്മസേന വഴി ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഇവിടെ എത്തിക്കുക. പ്ലാന്റ് വഴി ജില്ലയിലെ മാലിന്യ സംസ്കരണം കൂടുതൽ ഫലപ്രദമാകുകയും പരിസ്ഥിതി സംരക്ഷണത്തിന് വലിയൊരു സംഭാവന നൽകുകയും ചെയ്യും.
അന്തർദേശീയ നിലവാരത്തിലുള്ള ഈ സംവിധാനം വഴി തദ്ദേശീയരായ 70 സ്ത്രീകൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്യുമെന്നും കമ്പനി അധികൃതർ പറഞ്ഞു. ഗ്രീൻ വേംസ് എന്ന സാമൂഹ്യ സംരംഭമാണ് ഈ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ 128 തദ്ദേശസ്ഥാപനങ്ങളുമായി പ്രവർത്തിച്ച് പ്രതിമാസം 5,000 മെട്രിക് ടൺ മാലിന്യം ശാസ്ത്രീയമായി കമ്പനി സംസ്കരിച്ചു വരുന്നു.
ചടങ്ങിൽ എകെഎം അഷ്‌റഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ കെ ഇമ്പശേഖർ മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ ഗ്രീൻ വേംസ് ഡയറക്ടർ സി കെ എ ഷമീർ ബാവ, സീനിയർ ഓപ്പറേഷൻസ് മാനേജർ ശ്രീരാഗ് കുറുവാട്ട് , പ്രൊജക്റ്റ് കോഓർഡിനേറ്റർ ഷാക്കിർ നിഹാൽ സി കെ എന്നിവർ പങ്കെടുത്തു.
#wastemanagement #Kerala #Kasaragod #environment #sustainability #greeninitiatives #cleanindia