Festival | ഞായറാഴ്ച തിരുവോണം; ഉത്രാടപ്പാച്ചിലിൽ മലയാളികൾ
● വിപണികൾ ജനസാഗരമായി
● പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
● കുട്ടികളുടെ ഓണം ഉത്രാട ദിവസം ആഘോഷിക്കുന്നു.
കാസർകോട്: (KasargodVartha) ഞായറാഴ്ച തിരുവോണം ആഘോഷിക്കാനുള്ള അവസാന ഒരുക്കങ്ങളുമായി നാടും നഗരവും ഉത്രാടപ്പാച്ചിലിൽ. മാവേലി മന്നന്റെ വരവേൽപ്പിന് വീടുകൾ അലങ്കരിക്കാനും ഓണസദ്യയ്ക്കുള്ള സാധനങ്ങൾ ഒരുക്കാനുമുള്ള തിരക്കിലാണ് മലയാളികൾ. വിപണികൾ ജനസാഗരമായി. പച്ചക്കറി, പഴം, മീൻ, പൂക്കൾ എല്ലാം വാങ്ങാനെത്തിയ ആളുകളാൽ നിറഞ്ഞു.
പൂക്കളമൊരുക്കാനുള്ള പൂക്കളും ഓണക്കോടിയും വാങ്ങാനുള്ള തിരക്കും അങ്ങേയറ്റത്താണ്. കാണം വിറ്റും ഓണം ഉണ്ണാൻ എത്തുന്നവരുടെ എണ്ണം കൂടിയതോടെ വ്യാപാരികളും സന്തോഷത്തിലാണ്. വ്യാപാര ശാലകളിലും വഴിയോര വാണിഭ കേന്ദ്രങ്ങളിലുമെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പച്ചക്കറി വിപണിയായിരുന്നു ഏറ്റവും സജീവം. ഒപ്പം വസ്ത്ര വ്യാപാര ശാലകളിലും വൻ തിരക്ക് അനുഭവപ്പെട്ടു.
ഓണത്തിന് മുൻപ് പരമാവധി കച്ചവടം നേടാൻ വ്യാപാര ശാലകളെല്ലാം പ്രത്യേക ഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്. കുട്ടികളും മുതിർന്നവരും ഒരുമിച്ച് ഓണത്തപ്പനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ഓണക്കളികൾ അടക്കം വിവിധ പരിപാടികൾക്കുള്ള ഒരുക്കങ്ങളും നടക്കുന്നു. ഓണാഘോഷത്തിന്റെ ഈ തിരക്കിൽ പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
ഉത്രാടദിനത്തിൽ, മുതിർന്നവർ ഓണാഘോഷത്തിന്റെ അവസാന ഒരുക്കങ്ങളിൽ തിരക്കിലാകുമ്പോൾ, കുഞ്ഞുങ്ങൾക്കായി പ്രത്യേക ആഘോഷം ഒരുക്കാറുണ്ട്. അതുകൊണ്ടാണ് ഉത്രാട ദിവസത്തെ 'കുട്ടികളുടെ ഓണം' എന്നും വിളിക്കുന്നു. മുത്തശ്ശിമാരുടെയും മറ്റും കഥകളും പാട്ടുകളും കേട്ടുകൊണ്ട് കുട്ടികൾ ഈ ദിവസം ആഘോഷിക്കും. ഇത് കുട്ടികളിൽ ഓണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം, കുടുംബബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും സഹായിക്കുന്നു.
#Onam, #Kerala, #festival, #celebration, #Sadya, #Kasaragod