Initiative | കാസർകോട്ടെ യുവതി - യുവാക്കളെ കല്യാണം കഴിപ്പിക്കാൻ തന്നെയുറച്ച് ജില്ലാ പഞ്ചായത്ത്; പദ്ധതിക്ക് സർക്കാർ അനുമതി തേടി; അക്ഷയ കേന്ദ്രങ്ങളിലൂടെ രജിസ്റ്റർ ചെയ്യാം

● സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവാക്കൾക്ക് പ്രയോജനം.
● അക്ഷയ കേന്ദ്രങ്ങളിലൂടെ രജിസ്റ്റർ ചെയ്യാം
● ആപ്പ് തയ്യാറാക്കും
കാസർകോട്: (KasargodVartha) ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന അക്ഷയ മാട്രിമോണിയൽ പദ്ധതിക്ക് സർക്കാരിൻറെ അനുമതി തേടുന്നതിന് ഭരണസമിതി യോഗം തീരുമാനിച്ചു. ഈ പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിവാഹപ്രായം കഴിഞ്ഞ യുവതി - യുവാക്കൾക്ക് അക്ഷയ കേന്ദ്രങ്ങളിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ സാധിക്കും. നിലവിലെ സ്വകാര്യ മാട്രിമോണി സൈറ്റുകൾ സാധാരണക്കാർക്ക് അപ്രാപ്യമായതിനാൽ, ഈ പദ്ധതി വലിയൊരു ആശ്വാസമായിരിക്കുമെന്ന് അധികൃതർ പറയുന്നു.
ജില്ലാ പഞ്ചായത്ത് പദ്ധതിയ്ക്കായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ തുക വെബ് ആപ്ലിക്കേഷൻ, മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുന്നതിനും മാർക്കറ്റിംഗ് ചെലവുകൾക്കുമായി ഉപയോഗിക്കും. അവിവാഹിതരായ യുവജനങ്ങൾക്ക് അക്ഷയ കേന്ദ്രത്തിൽ പേരുവിവരം രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇതുവഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും വിവാഹപ്രായം കവിഞ്ഞവരുമായ യുവജനങ്ങൾക്ക് തങ്ങളുടെ ജീവിതപങ്കാളികളെ ചെലവ് കുറഞ്ഞ രീതിയിൽ കണ്ടെത്താൻ സഹായിക്കും എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
പദ്ധതിക്ക് ഇതുവരെ സർക്കാർ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ, ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ സർക്കാർ അനുമതി തേടാൻ തീരുമാനിക്കുകയായിരുന്നു. ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയാൽ കാസർകോട് ജില്ലയിലെ നിരവധി യുവാക്കൾക്ക് ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായകമാകും. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
#Kasaragod #Matrimony #Kerala #GovernmentInitiative #FreeService #Youth