Banner | 'ഹേ പ്രഭോ യെ ക്യാ ഹുവാ, തൊഴിലാളി വഞ്ചനയാണോ നിങ്ങളുടെ പ്രത്യയ ശാസ്ത്രം; കാസർകോട്ടെ തോൽവിക്ക് പിന്നാലെ ചെറുവത്തൂരിൽ സിപിഎമിനെതിരെ ബാനർ
ചെറുവത്തൂർ: (KasargodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തായതോടെ ചെറുവത്തൂരിലെ ഓടോറിക്ഷ തൊഴിലാളികൾ മദ്യശാല വിഷയവുമായി വീണ്ടും പോര് കൊഴുപ്പിക്കുന്നു. 'ഹേ പ്രഭോ, യ ക്യാ ഹുവാ, ചെറുവത്തൂരിൽ എന്താ ഇങ്ങനെ?' എന്ന് തുടങ്ങുന്ന ബാനറാണ് ഓടോറിക്ഷ ഡ്രൈവർമാരുടെ പേരിൽ പ്രത്യക്ഷപ്പെട്ടത്.
'സിഐടിയു പ്രവർത്തകരായ തൊഴിലാളിക്കൂട്ടം ബാനറിലൂടെ നേതൃത്വത്തോട് പറയുന്നു, ഞങ്ങൾ നെഞ്ചിലേറ്റിയ പാർടി ചെറുവത്തൂരിലെ മദ്യ വിൽപനശാലയുടെ പേരിൽ തലകുനിക്കാൻ ഇടവന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ നിങ്ങൾ തന്നെയാണ്. മദ്യ വിൽപനശാല തുറന്നതും ഞങ്ങൾക്കറിയാം, പുട്ടിയതും ഞങ്ങൾക്കറിയാം, പിന്നാമ്പു കഥകളുമറിയാം. കേരളത്തിലെ പട്ടണങ്ങൾ ബാർ മുതലാളികൾക്ക് വേണ്ടി തീറെഴുതിയിട്ട് എന്തു നേടാൻ കഴിഞ്ഞു? നാഴികക്ക് നാൽപതുവട്ടം കവലകളിൽ തൊഴിലാളി സ്നേഹം പ്രസംഗിച്ചു നടന്ന് മുതലാളിയുടെ മുന്നിൽ കൈ കൂപ്പിനിന്നവരെ, തൊഴിലാളി വഞ്ചനയാണോ നിങ്ങളുടെ പ്രത്യയ ശാസ്ത്രം', ബാനറിലൂടെ തൊഴിലാളികൾ ചോദിക്കുന്നു.
2023 നവംബർ 23ന് ചെറൂവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തനം ആരംഭിച്ച കൺസ്യൂമർഫെഡിൻ്റെ മദ്യശാല ഒരു ദിവസം മാത്രം തുറന്ന് അടച്ചുപൂട്ടിയ പ്രശ്നമാണ് കാസർകോട്ടെ തോൽവിയോടെ വീണ്ടും തലപൊക്കി വന്നിരിക്കുന്നത്. ഒരുദിവസം തുറന്ന മദ്യക്കടയിൽ നിന്ന് 10 ലക്ഷത്താളം രൂപ വിറ്റുവരവുണ്ടായിരുന്നു. അതിനിടെ 11 മാസത്തെ വാടക കുടിശ്ശിക ലഭിക്കാത്തതിനാൽ കെട്ടിട ഉടമ ഹൈകോടതിയിൽ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കൺസ്യൂമർഫെഡ് അധികൃതർ മദ്യശാല കണ്ണൂരിലേക്ക് കടത്തിയതും ആരുമറിയാതെയായിരുന്നു.
മദ്യശാല പൂട്ടിയതിനെ തുടർന്ന് സിഐടിയു തൊഴിലാളികളും ഓടോറിക്ഷ ഡ്രൈവർമാരും പ്രദേശവാസികളും ചേർന്ന് മാസങ്ങളോളം സമരം നടത്തിയിരുന്നു. തിരഞ്ഞടുപ്പ് കഴിഞ്ഞതോടെ
കെട്ടിട ഉടമ ഇട്ട മറ്റൊരുതാഴും പൊളിച്ചാണ് എക്സൈസ് അധികൃതരുടെ സാന്നിധ്യത്തിൽ ചെറുവത്തൂരിലെ കെട്ടിടത്തിൽ നിന്നും മദ്യം കണ്ണൂരിലേക്ക് കടത്തിയത്. സർകാരിന് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാവുന്ന മദ്യശാല തുടങ്ങിയ ഉടനെ പൂട്ടിച്ചത് മൂലം ചെറുവത്തൂർ പഞ്ചായതിൽ മാത്രം 3,000ത്തോളം പാർടി വോട്ട് ബിജെപി സ്ഥാനാർഥിക്ക് മറിഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്.
സിപിഎമിന്റെ ഉരുക്കുകോട്ടയായ ചെറുവത്തൂരിലും സമീപപ്രദേശങ്ങളിലും യുവജനങ്ങളും ഓടോറിക്ഷ - ചുമട്ട് തൊഴിലാളികളും പാർടിയിൽ നിന്നും അകന്നിട്ടുണ്ടെന്നത് വസ്തുതയാണെന്ന് പ്രാദേശിക സിപിഎം നേതാക്കൾ സമ്മതിക്കുന്നു. പാർടി പ്രവർത്തകനായ ഒരാളുടെ ശബ്‌ദസന്ദേശവും ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.