Accident | ബേക്കൽ കോട്ടയിൽ നിന്ന് മടങ്ങിയ ഇന്നോവ കാർ അപകടത്തിൽപെട്ടു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
● ഇന്നോവ കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു
● കാറിലുണ്ടായിരുന്ന ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു
● അപകടസ്ഥലത്ത് അടിയന്തര സുരക്ഷാ നടപടികൾ ആവശ്യം
ഉദുമ:(KasargodVartha) ബേക്കൽ കോട്ട സന്ദർശിച്ച് മടങ്ങുകയായിരുന്ന ഇന്നോവ കാർ ഓവർ ബ്രിഡ്ജിന് സമീപം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. കാറിലുണ്ടായിരുന്ന ആറ് സ്ത്രീകളും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു.
കുടുംബസമേതം മംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്നോവ കാറാണ് കളനാട് റെയിൽവേ മേൽപ്പാലത്തിൽ വച്ച് അപകടത്തിൽപ്പെട്ടത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കാർ സുരക്ഷിതമായി മാറ്റി. ഓവർ ബ്രിഡ്ജിന്റെ സുരക്ഷാ ഭിത്തിക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു.
അൽപ്പം കൂടി കടന്നിരുന്നുവെങ്കിൽ കാർ റെയിൽ പാളത്തിലേക്ക് പതിക്കുമായിരുന്നു. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കാർ ഡ്രൈവർക്ക് നോട്ടീസ് നൽകി.
കാറിന്റെ ടയറും മുൻഭാഗവും തകർന്നിട്ടുണ്ട്. ടയർ മാറ്റി അതേ കാറിൽ കുടുംബം മംഗളൂരുവിലേക്ക് തിരിച്ചുപോകും.
രാവിലെ മാലിക്ക് ദിനാറിൽ പ്രാർത്ഥനയ്ക്കെത്തി വൈകീട്ട് കോട്ടയും ബീച്ചും സന്ദർശിച്ച് ഭക്ഷണം കഴിച്ച് തിരിച്ചു പോകുന്നതിനിടെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
ചാറ്റൽ മഴ ഉണ്ടായിരുന്നത് കൊണ്ടും ഓവർ ബ്രിഡ്ജ് ഉണ്ടെന്ന സിഗ്നൽ ഇല്ലാത്തത് കൊണ്ടും അൽപ്പം വേഗതയിലായിരുന്ന കാറിന്റെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് ഡ്രൈവർ പറഞ്ഞത്.
ഈ സ്ഥലത്ത് ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്. വേഗത കുറക്കാനും ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കാനും ആവശ്യമായ സൂചനാബോർഡുകളും മറ്റും ഇവിടെ അടിയന്തരമായി സ്ഥാപിക്കേണ്ടിയിരിക്കുന്നു.
ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അപകടങ്ങൾ തടയാൻ നമുക്കൊന്നിച്ച് പ്രവർത്തിക്കാം. അഭിപ്രായം രേഖപ്പെടുത്തുക, ഷെയർ ചെയ്യുക.
#caraccident #Kerala #BekalFort #traffic #safety #rescue