city-gold-ad-for-blogger

വിയോജിപ്പുകളോടുള്ള അസഹിഷ്ണുത ജനാധിപത്യത്തിന് വെല്ലുവിളി; കാസർകോട്ട് ദേശീയ പതാക ഉയർത്തി മന്ത്രി കെ എം ഷാജി

Representational image of Minister K M Shaji hoisting the national flag
Photo: PRD Kasargod

● രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷമാണ് വിപുലമായ രീതിയിൽ കാസർകോട്ട് സംഘടിപ്പിച്ചത്
● കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി
● അർഹതയും കഴിവും മാനദണ്ഡമാക്കി ചെറുപ്പക്കാർക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ നടപടിയെടുക്കും
● ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പൊലീസ് മേധാവി പി നിതിൻ രാജ് എന്നിവർ പരേഡിൽ അഭിവാദ്യം ചെയ്തു
● സായുധ സേനകൾ, പൊലീസ്, എൻസിസി ഉൾപ്പെടെ 15 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു

കാസർകോട്: (KasaragodVartha) ഇന്നത്തെ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിയോജിപ്പുകളോടുള്ള അസഹിഷ്ണുതയാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ എം ഷാജി പറഞ്ഞു. രാജ്യത്തിൻ്റെ എൺപതാമത് സ്വാതന്ത്ര്യദിനത്തിൽ കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചതിനു ശേഷം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 

അഹിംസ എന്നത് ആയുധമെടുക്കാതിരിക്കൽ മാത്രമല്ല, വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെ ബഹുമാനിക്കൽ കൂടിയാണെന്നാണ് ഗാന്ധിജി പറഞ്ഞത്. രാജ്യത്തെ ഓരോ പൗരനും ജനാധിപത്യം അനുഭവിക്കണമെങ്കിൽ അധികാരം കൈകാര്യം ചെയ്യുന്നവർ സഹിഷ്ണുത ഉള്ളവരായിരിക്കണം. അപ്പോഴാണ് ഭരണഘടനാ സ്ഥാപനങ്ങളും നിഷ്പക്ഷമായി നിലനിൽക്കുകയുള്ളൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Representational image of Minister K M Shaji hoisting the national flag

ഭരണഘടനാ സ്ഥാപനങ്ങൾക്ക് അധികാരത്തിൻ്റെ സമ്മർദങ്ങൾ ഉണ്ടാവുമ്പോൾ പൗരന്മാർക്ക് രാജ്യത്തോടുള്ള സ്നേഹവും നഷ്ടപ്പെടും. അങ്ങനെ സംഭവിക്കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. സമരങ്ങളും വിമർശനകളും അധികാരികൾക്ക് ശത്രുതയായി തോന്നുമ്പോൾ ജനാധിപത്യം പരാജയപ്പെടുകയാണ്. സ്വാതന്ത്ര്യം നേടിയത് നിരന്തരമായ സമരങ്ങളിലൂടെയാണെന്ന് മറന്നു പോകരുത്. 

അസഹിഷ്ണുത കൊണ്ടും വെറുപ്പ് കൊണ്ടും അടിച്ചമർത്തപ്പെടേണ്ടതല്ല വിമർശനങ്ങൾ. എതിരാളിയെ ബഹുമാനിക്കുന്നതിൽ മാതൃക ഗാന്ധിജി തന്നെയാണെന്നും തന്നെ തടവിലിട്ട ജനറൽ ജാൻ സ്മട്സിന് സ്വന്തം കൈകൊണ്ട് ചെരുപ്പുണ്ടാക്കി സമ്മാനിച്ച മഹാത്മാവിനെയും, വിമർശനങ്ങൾ കുറഞ്ഞു പോയോ എന്ന സംശയത്തിൽ തനിക്കെതിരെ തന്നെ മറ്റൊരു പേരിൽ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതിയ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിനെയും സ്മരിക്കുന്ന ദിനം കൂടിയാണ് സ്വാതന്ത്ര്യദിനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Representational image of Minister K M Shaji hoisting the national flag

എൻഡോസൾഫാൻ ദുരിതബാധിതർക്ക് പ്രത്യേക പരിഗണന

കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ സർക്കാരിൻ്റെ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ചില വേദനകളും ഓർക്കാതിരിക്കാനാവില്ല. എൻഡോസൾഫാൻ കൊണ്ട് ജീവിതം ദുരിതത്തിലായ മനുഷ്യരോട് സമൂഹം ഒന്നിച്ച് പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. 

ഇനി ഒരു ജനതയ്ക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ നാം ഇത് ഓർമിച്ചുകൊണ്ടേയിരിക്കണം. ഭരണാധികാരികൾ ആദ്യ പരിഗണന നൽകേണ്ട ഒരു വിഷയമാണിത്. അവർക്ക് വേണ്ടി ഇനിയും ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ടെന്നും, ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Representational image of Minister K M Shaji hoisting the national flag

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന് സുരക്ഷയും അന്തസ്സും നൽകുന്ന ക്ഷേമ പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് ഈ സർക്കാരിൻ്റെ നയം. ചെറുപ്പക്കാർ തൊഴിൽ സന്നദ്ധരായി മുന്നോട്ട് വരുന്ന സാഹചര്യമാണ്. അവർക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ ഉള്ള നയനിലപാടുകൾ ഗവൺമെൻ്റ് സ്വീകരിക്കും. രാഷ്ട്രീയ താല്പര്യങ്ങൾ കൊണ്ടുള്ള സ്വജനപക്ഷപാതം ഈ സർക്കാരിൽ നിന്ന് ഉണ്ടാവില്ല. അർഹതയും കഴിവും ആയിരിക്കും മാനദണ്ഡങ്ങളാവുകയെന്നും മന്ത്രി വ്യക്തമാക്കി.

യഥാർഥ ദേശസ്നേഹം

രാജ്യസ്നേഹം പതാക ഉയർത്തുന്ന ദിവസങ്ങളിൽ മാത്രം പ്രകടിപ്പിക്കേണ്ടതല്ലെന്നും അത് ദിവസേനയുള്ള പെരുമാറ്റത്തിൽ കാണണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥി സത്യസന്ധമായി ചരിത്രം പഠിക്കുമ്പോഴും, അധ്യാപകൻ നല്ല തലമുറയെ വളർത്തുമ്പോഴും, ഡോക്ടർ കരുണയോടെ ചികിത്സിക്കുമ്പോഴും, കർഷകൻ നാടിന് ഭക്ഷണം നൽകുമ്പോഴും, ഉദ്യോഗസ്ഥൻ നിഷ്പക്ഷമായി സേവിക്കുമ്പോഴും ഒരു സാധാരണക്കാരൻ റോഡിൽ നിയമം പാലിക്കുമ്പോഴും മാലിന്യം വലിച്ചെറിയാതിരിക്കുമ്പോഴും അവിടെ യഥാർഥ ദേശസ്നേഹം പ്രകടമാകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷയും വേഷവും മതവും ജാതിയും കൊണ്ട് വേർതിരിക്കാനാവാത്ത വിധം മനസ്സുകൾ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Representational image of Minister K M Shaji hoisting the national flag

ഇന്ത്യയിൽ ഭാഷ കൊണ്ട് വൈവിധ്യങ്ങൾ നിറഞ്ഞ ഒരു മണ്ണാണ് കാസർകോട്. ഏത് ഭാഷയിൽ സംസാരിച്ചാലും ഹൃദയം കൊണ്ടു അടുത്തു നിൽക്കാനാവും എന്ന് തെളിയിച്ച മണ്ണ്. കേരളത്തിൻ്റെ വികസന സ്വപ്‌നങ്ങൾക്ക് വിലയേറിയ സംഭാവനകൾ അർപ്പിച്ച ഒട്ടനവധി മനുഷ്യരുടെ നാടാണ് ഇത്. സ്വാതന്ത്ര്യ സമര പോരാളികളും ഏറെയുണ്ടായിരുന്ന നാടാണിതെന്നും അദ്ദേഹം ഓർമിച്ചു.

പരേഡിൽ പങ്കെടുത്തവർ

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പൊലീസ് മേധാവി പി നിതിൻ രാജ് എന്നിവർ പരേഡിൽ അഭിവാദ്യം ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ കല്ലട്ര മാഹിൻ, എ കെ എം അഷറഫ്, കെ നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം, വൈസ് പ്രസിഡൻ്റ് കെ കെ സോയ, മുൻസിപ്പൽ ചെയർപേഴ്സൺ ഷാഹിന സലിം, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുല്ല കുഞ്ഞി ചെർക്കള, ജില്ലാ പഞ്ചായത്ത് മെമ്പർ അസീസ് കളത്തൂർ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വസന്തൻ അജക്കോട്, മെമ്പർ ഹനീഫ് എ ഡി, എം പി ഉദയകുമാർ, ആർഡിഒ വ വിജുകുമാർ, എ എസ് പി അച്യുത് അശോക് തുടങ്ങിയവർ പങ്കെടുത്തു.

ഡിവൈഎസ്പിമാർ, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. കാസർകോട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികൾ ദേശീയ ഗാനം ആലപിച്ചു. സ്വാതന്ത്ര്യദിന പരേഡിൽ സായുധ സേനകൾ, പൊലീസ്, എക്സൈസ്, വൊക്കേഷണൽ ഹയർസെക്കൻഡറി, സ്റ്റുഡൻ്റ്സ് പൊലീസ് കേഡറ്റുകൾ, എൻസിസി, സ്കൂൾ ബാൻഡ് സെറ്റുകൾ എന്നിവ ഉൾപ്പെടെ 15 പ്ലാറ്റൂണുകൾ അണിനിരന്നു.

ജില്ലാ ആംഡ് റിസർവ് പൊലീസ്, ലോക്കൽ പൊലീസ്, വനിതാ പൊലീസ്, എക്സൈസ്, ഇരിയണ്ണി ജിവിഎച്ച്എസ്എസ്, നായന്മാർമൂല ടിഐഎച്ച്എസ്എസ്, ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ, ഉദിനൂർ ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ്, കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർസെക്കൻഡറി സ്കൂൾ, നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ, ചെമ്മനാട് ജിഎച്ച്എസ്എസ്, കാറഡുക്ക ജിവിഎച്ച്എസ്എസ്, പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ എൻസിസി, പെരിയ ജവഹർ നവോദയ വിദ്യാലയ, ഉളിയത്തടുക്ക ജയ് മാതാ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ബാൻഡ് സെറ്റ് എന്നിവ പ്ലാറ്റൂണിൻ്റെ ഭാഗമായി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിവരങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Local Self Government Minister K M Shaji hoisted the national flag and delivered the Independence Day message at the Kasaragod Municipal Stadium on India's 80th Independence Day on August 15, 2026.

#IndependenceDay2026 #KasaragodNews #KMShaji #KeralaNews #EndosulfanVictims #Democracy #MalayalamNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia