city-gold-ad-for-blogger
Aster MIMS 10/10/2023

I-Day | 'ഏക സിവിൽ കോഡ്, കേന്ദ്ര വഖഫ് നിയമഭേദഗതി': ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സിൽ ഭീതിയും ആശങ്കയും പരത്തുന്ന നടപടികൾ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

 I-Day
Photo Credit: PIB Kasaragod

വയനാട് ദുരന്തത്തെ തുടർന്ന് ഐക്യത്തോടെ മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രി ഊന്നിപ്പറഞ്ഞു

കാസർകോട്: (KasargodVartha) മുൻ തലമുറകൾ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ കൈത്തിരി അണയാതിരിക്കാൻ ജനാധിപത്യ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും പുതുതലമുറ സ്വാതന്ത്ര്യത്തിന്റെ കാവലാളാവുകയും വേണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. 

I-Day

അരാഷ്ട്രീയ ചിന്തകൾക്ക് ഇടം കൊടുക്കാതെ പുതുമനസ്സുകളുടെ ചിന്താധാരയെ സ്വാധീനിക്കാനാകണം. മാനവികതയ്ക്ക് ക്ഷതമേൽക്കുമ്പോൾ അവിടെ ജനാധിപത്യത്തിന്റെ മരണ മണിയായിരിക്കും ആദ്യം മുഴങ്ങുകയെന്ന് മറക്കാതിരിക്കണമെന്നും മന്ത്രി പറഞ്ഞു. 

വയനാട്ടിൽ സംഭവിച്ച സമാനതകളില്ലാത്ത ദുരന്തം എല്ലാവരെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാൻ ഒരുമിച്ചിറങ്ങേണ്ട സാഹചര്യമാണ്. തകർന്ന നാടിനെ പുനർനിർമ്മിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. രണ്ട് പ്രളയങ്ങളും കോവിഡും അതിജീവിച്ച നാം ഒറ്റക്കെട്ടായി നിന്ന് ഈ ദുരന്തവും അതിജീവിക്കുമെന്ന് മന്ത്രി പറഞ്ഞു. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് മന്ത്രി ആദരാഞ്ജലി അർപ്പിച്ചു.

ബ്രിട്ടീഷ് അധിനിവേശഭരണത്തിനെതിരെ പ്രാദേശികമായി നടന്ന സമരങ്ങളിൽ മുൻപന്തിയിലാണ് കാസർകോട് കാടകം വനസത്യാഗ്രഹമെന്ന് മന്ത്രി അനുസ്മരിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യം ഗുരുതരമായ ആക്രമണത്തിന് വിധേയമായി കൊണ്ടിരിക്കുന്നു. കോർപ്പറേറ്റ്, വർഗീയ അജണ്ടകൾ രാജ്യത്ത് നടപ്പാക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനാൽ നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ രാജ്യത്തിന്റെ കരുത്തും സവിശേഷതയും വെല്ലുവിളി നേരിടുകയാണ്. മതനിരപേക്ഷത മനസ്സായിരുന്നു നമ്മുടേത്. ജാതിമത ചിന്തകൾക്കതീതമായ മുന്നേറ്റം ആയിരുന്നു സ്വാതന്ത്ര്യ സമരത്തിൽ കണ്ടത്. മതപരമായ ഭിന്നിപ്പിന് ബ്രിട്ടീഷുകാർ ശ്രമിച്ചെങ്കിലും നമ്മൾ മതനിരപേക്ഷ മൂല്യം ഉയർത്തിപ്പിടിച്ചു' എന്നും മന്ത്രി പറഞ്ഞു.

I-Day |

രാജ്യത്തെ നാനാ ജാതി മതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ വേണ്ട രീതിയിൽ സ്വരൂപിക്കാതെ നടത്തുന്ന ഏക സിവിൽ കോഡ്, കേന്ദ്ര വഖഫ് നിയമഭേദഗതി പോലുള്ള പ്രഖ്യാപനങ്ങൾ മതന്യൂനപക്ഷങ്ങളുടെ ഇടയിൽ വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ്യതയും തുല്യപങ്കാളിത്തവും അനിവാര്യമായിരിക്കെ ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സിൽ ഭീതിയും ആശങ്കയും പരത്തുന്ന നടപടി ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി കെ കൃഷ്ണൻകുട്ടി നൽകിയ സ്വാതന്ത്ര്യ ദിനസന്ദേശത്തിൻ്റെ പൂർണരൂപം

'ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ നമ്മള്‍ 77 സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കി ആത്മവിശ്വാസത്തോടെ 78-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ സുദിനത്തില്‍ എല്ലാ സഹോദരീ സഹോദരന്‍മാര്‍ക്കും സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു. സ്വതന്ത്ര ഭാരതത്തിനായി ജീവന്‍ബലി നല്‍കിയ ചെയ്ത ധീര സ്വാതന്ത്ര്യ സമര സേനാനികളെയും, വിവിധ സേനാ അംഗങ്ങളെയും ഈ വേളയില്‍ ഞാന്‍ ആദരവോടെ സ്മരിക്കുന്നു. 

ഈ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും നമ്മളെ ദുഖത്തിലാഴ്ത്തുന്നത് വയനാടില്‍ സംഭവിച്ച സമാനതകളില്ലാത്ത ദുരന്തമാണ്. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാന്‍ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ്. പല വിധത്തില്‍ സഹായങ്ങള്‍ പ്രവഹിക്കുന്നുണ്ട്. എന്നിരിക്കിലും, കൂടുതല്‍ സഹായങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി അവരെ സഹായിക്കാൻ പങ്കാളികളാകണമെന്ന് ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. രണ്ടു പ്രളയങ്ങളും, കോവിഡും അതിജീവിച്ച നാം ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ ദുരന്തവും അതിജീവിക്കും. ഈ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ എല്ലാവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നു.

മുന്‍ തലമുറകള്‍ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ കൈത്തിരി അണയാതിരിക്കാന്‍ ജനാധിപത്യ-മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. പുതുതലമുറ സ്വാതന്ത്ര്യത്തിന്റെ കാവലാളാവണം. അരാഷ്ട്രീയ ചിന്തകള്‍ക്ക് ഇടം കൊടുക്കാതെ, പുതു മനസ്സുകളുടെ ചിന്താധാരയെ സ്വാധീനിക്കാന്‍ നമുക്കാകണം. മാനവികതക്ക് എവിടെ ക്ഷതമേല്‍ക്കുന്നുവോ അവിടെ ജനാധിപത്യത്തിന്റെ മരണമണിയായിരിക്കും ആദ്യം മുഴുങ്ങുക എന്ന് മറക്കാതിരിക്കണം. 

ധീരരായ നിരവധി സ്വാതന്ത്ര്യ സമര പോരാളികളുടെ രക്തം വീണ മണ്ണാണ് കാസര്‍ഗോഡ്‌. ബ്രിട്ടീഷ് അധിനിവേശ ഭരണത്തിനെതിരെ പ്രാദേശികമായ സമരങ്ങളിൽ മുൻപന്തിയിലാണ് കാസർകോട് കാടകത്തു നടന്ന വന സത്യാഗ്രഹ സമരം. നമ്മുടെ വനസമ്പത്തിനെ കൊള്ളയടിക്കാൻ ഈസ്റ്റ് ഇന്ത്യ കമ്പനി കൊണ്ടു വന്ന വന നിയമത്തെ അപ്പാടെ എതിർത്തു കൊണ്ടാണ് കാസർഗോഡ് താലൂക്കിലെ വനത്തിനോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങൾ കാടകത്ത് 1932 ആഗസ്റ്റ് മാസത്തിൽ സമരം ആരംഭിച്ചത്. വനത്തിനുള്ളിൽ നിന്ന് വിഭവങ്ങൾ ശേഖരിക്കരുതെന്ന ബ്രീട്ടീഷ് കരി നിയമത്തെ എതിർത്ത് സമരഭടൻമാർ വനത്തിനുള്ളിൽ കടന്ന് മരങ്ങൾ മുറിച്ചു പ്രതിഷേധിച്ചു 

നാരന്തട്ട രാമൻ നായർ, നാരന്തട്ട കൃഷ്ണൻ നമ്പ്യാർ, എ.വി കുഞ്ഞമ്പു, കെ.എൻ കുഞ്ഞിക്കണ്ണൻ നായർ തുടങ്ങിയ നേതാക്കൾ സമരത്തിന്റെ ഭാഗമായി നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു നാൽപത് ദിവസത്തോളം സമരം നീണ്ടു നിന്നു പലപ്പോഴായി സമരക്കാർ പൊലീസിന്റെ കണ്ണു വെട്ടിച്ച് വനത്തിനുള്ളിൽ കടന്ന് നിയമം ലംഘിച്ചു. പി.കൃഷ്ണപിള്ള അടക്കമുള്ള നേതാക്കൾ സമരത്തിന് ഊർജം നല്‍കാനായി കാടകത്ത് എത്തിയിരുന്നു. അങ്ങനെ പ്രാദേശികമായ ഒരു ചെറുത്ത് നിൽപ്പിന്റെ പേരായി കാടകം വനസത്യാഗ്രഹം മാറി. 

കാടകം സമരത്തിനു പുറമേ, പാലായി കൊയ്ത്തു സമരം, കയ്യൂര്‍ സമരം, എളേരി എസ്റ്റേറ്റ്‌ സമരം തുടങ്ങി കര്‍ഷക സംഘടനകള്‍ നടത്തിയ പല സമരങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ വേഗത കൂട്ടി. കര്‍ഷകപ്രക്ഷോഭത്തിന്‌ പുറമെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടന്ന വിവിധ സമരങ്ങളും ദേശീയ പ്രസ്ഥാനത്തെ പിന്തുണക്കുകയും സജീവമാക്കുകയും ചെയ്തു. ഇത്തരത്തില്‍ നിസ്വാര്‍ഥമായി സമൂഹത്തിന്റെ ഉന്നമനത്തിനായി ആത്മസമര്‍പ്പണം ചെയ്ത നിരവധി നേതാക്കളുടെയും സാധാരണക്കാരുടെയും പോരാട്ടത്തിന്റെ ഫലമായിരുന്നു 1947 ഓഗസ്റ്റ്‌ 15ന്‌ കണ്ടത്‌.

കൊളോണിയൽ ആധിപത്യത്തിൽ നിന്നും ഭാരതത്തെ വിമോചിപ്പിച്ച് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്ക് സ്ഥാപിക്കുക എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സ്വന്തം ജീവന്‍ തന്നെ സമര്‍പ്പിച്ച നേതാവായിരുന്നു മഹാത്‌മാഗാന്ധി. രാജ്യത്തിന്റെ ഐക്യം തർകക്കാൻ ശ്രമിക്കുന്ന വർഗീയശക്തികൾക്കെതിരെ അഹിംസയില്‍ അധിഷ്ഠിതമായി ഗാന്ധിജി ഉയർത്തിയ സഹിഷ്ണുതയുടേയും സാഹോദര്യത്തിന്റേയും സന്ദേശം ഉയർത്തിപ്പിടിച്ചു പോരാടുമെന്നു നമുക്ക് പ്രതിജ്ഞ ചെയ്യാം. സമത്വവും നീതിയും ഓരോരുത്തർക്കും ഒരുപോലെ ലഭ്യമാകുന്ന നാളേയ്ക്കായി പ്രയത്നിക്കാം.
    
സ്വാതന്ത്ര്യം പൊരുതിനേടിയത് പോലെ തന്നെ പ്രധാനമാണ് അത് കാത്തുസൂക്ഷിക്കുക എന്നതും. പൗരസമത്വം ഭരണഘടനയുടെ അക്ഷരങ്ങളില്‍ ഒതുങ്ങാതെ ജീവന്‍ തുടിക്കുന്ന മഹത്തായ ആശയമായി കൊണ്ടുനടക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. നാനാത്വത്തിലെ ഏകത്വം കേള്‍ക്കാന്‍ ഇമ്പമുള്ള രാഷ്ട്രീയ ആശയമായി ഒതുങ്ങാന്‍ അനുവദിച്ചു കൂടാ. 
എന്നാല്‍, സാമ്പത്തിക അസമത്വം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായാണ് ഇപ്പോള്‍ നമ്മുടെ രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ധനികരായ 100 പേരുടെ മൊത്തം ആസ്‌തി ഏകദേശം 54 ലക്ഷം കോടി രൂപയാണ്. 

അഞ്ചു ശതമാനം ഇന്ത്യക്കാർ രാജ്യത്തെ സ്വത്തിന്റെ 60 ശതമാനം കൈയാളുമ്പോൾ 50 ശതമാനം വരുന്ന സാധാരണ ജനങ്ങളുടെ കൈവശമുള്ളത്‌ മൊത്തം സ്വത്തിന്റെ മൂന്നു ശതമാനം മാത്രമാണ്‌ എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാമ്പത്തിക അസമത്വം മാറ്റുന്നതിനായിട്ടുള്ള പദ്ധതികളാണ് രാജ്യത്ത് ആവിഷ്കരിക്കപ്പെടേണ്ടത്. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, പോഷകാഹാരം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ സ്വാതന്ത്ര്യം ലഭിച്ചിട്ട് 77 വര്‍ഷം പിന്നിട്ടിട്ടും എല്ലാവര്‍ക്കും ലഭ്യമല്ല എന്നത് ഒരു സത്യമാണ്. ഇവ ലഭിക്കാനുള്ള അവസരങ്ങളില്ലാതെ ഒരു തലമുറയുടെ ജീവിതനിലവാരമുയര്‍ത്താനും അവരെ ശാക്തീകരിക്കാനും സാധ്യമല്ല.

സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ രാം മനോഹർ ലോഹ്യയുടെ ആശയധാരയുടെ പ്രാധാന്യം ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതാണ്. സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും തത്ത്വങ്ങളിൽ ഉറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം സോഷ്യലിസ്റ്റ് തത്വങ്ങളിൽ അധിഷ്ഠിതമായ ഒരു സമത്വ സമൂഹം സ്ഥാപിക്കുന്നതിനായി പ്രവർത്തിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ആറാം സ്ഥാനത്താണ്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. 

1950-1951 സാമ്പത്തിക വർഷത്തിൽ, കൃഷിക്കും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കും ആ സാമ്പത്തിക വർഷം രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 59% വിഹിതമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ ഏകദേശം 14% മാത്രമാണ് കാർഷിക മേഖലയുടെ സംഭാവന എന്നത് കൃഷിക്കാരുടെ അവസ്ഥ എത്രമാത്രം ദയനീയമായി താഴ്ന്നുകഴിഞ്ഞു എന്നതിന്റെ വ്യക്തമായ തെളിവാണ്. ഇന്ത്യയിൽ മൊത്തം ജനസംഖ്യയുടെ 54.6% കാർഷിക മേഖലയിൽ ഏർപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇത്രയും വലിയൊരു ജനതയെ പോറ്റാൻ, കാര്യക്ഷമമായ ഭക്ഷണ ഉല്‍പ്പാദനത്തിന്റെ ആവശ്യമുണ്ട്. 

ഇന്ത്യയിലെ സാധാരണ കര്‍ഷകരെ ആഗോള കുത്തകകളോടൊപ്പം മത്സരിക്കാന്‍ വിട്ടു കൊടുത്തതിന്റെ ഫലമായി ഇറക്കുമതി ചെയ്ത കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ് ഇന്ത്യയിലെ കര്‍ഷകര്‍ക്ക്. ഉദാരവത്കരണ നയങ്ങളിലേക്ക്  പോകുമ്പോഴും ലോക രാജ്യങ്ങള്‍ അവിടെയുള്ള കൃഷിക്കാരെയും  പാരമ്പര്യ തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സ്വീകരിച്ചിരുന്നു. മിക്ക രാജ്യങ്ങളും തങ്ങളുടെ കൃഷിക്കാരെ സംരക്ഷിച്ച് ഭക്ഷ്യസുരക്ഷയും കര്‍ഷകരക്ഷയും ഉറപ്പാക്കുന്നുണ്ട്. 

ഇത്തരത്തില്‍, നമ്മുടെ രാജ്യത്തിനും അന്നമൂട്ടുന്നവരെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. പാൽ ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് നമ്മുടെ കര്‍ഷകരെ രക്ഷപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യം ഗുരുതരമായ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. കോർപ്പറേറ്റ്, വര്‍ഗ്ഗീയ അജൻഡകൾ രാജ്യത്ത് നടപ്പാക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനാല്‍, നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ രാജ്യത്തിന്റെ കരുത്തും സവിശേഷതയും വെല്ലുവിളി നേരിടുകയാണ്. മതനിരപേക്ഷ മനസായിരുന്നു നമ്മുടേത്. ജാതി മത ചിന്തകള്‍ക്കതീതമായ മുന്നേറ്റമായിരുന്നു സ്വാതന്ത്ര്യ സമരത്തിൽ കണ്ടത്. മതപരമായ ഭിന്നിപ്പിന്‌ ബ്രിട്ടീഷുകാർ ശ്രമിച്ചെങ്കിലും നമ്മള്‍ മതനിരപേക്ഷ മൂല്യം ഉയർത്തിപ്പിടിച്ചു. 

രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ വേണ്ട രീതിയില്‍ സ്വരൂപിക്കാതെ നടത്തുന്ന ഏക സിവില്‍ കോഡ്, കേന്ദ്ര വഖഫ് നിയമ ഭേദഗതി പോലുള്ള പ്രഖ്യാപനങ്ങള്‍ മത ന്യൂനപക്ഷങ്ങളുടെ ഇടയില്‍ വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ്യതയും തുല്യ പങ്കാളിത്തവും അനിവാര്യമായിരിക്കെ, ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സില്‍ ഭീതിയും ആശങ്കയും പരത്തി ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നടപടി ഉണ്ടാകുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല.

കലാപം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികം പിന്നിട്ടിട്ടും മണിപ്പൂര്‍ ശാന്തമാകാത്തത് ഈ 78-ാം സ്വാതന്ത്ര്യ ദിനത്തില്‍ വേദന ഉളവാക്കുന്ന കാഴ്ചയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് ആള്‍ക്കാര്‍ കൊലചെയ്യപ്പെടുകയും, നിരവധി ദേവാലയങ്ങള്‍ നശിപ്പിക്കപ്പെടുകയും, പതിനായിരക്കണക്കിന് ആള്‍ക്കാര്‍ പലായനം ചെയ്യേണ്ടിയും വന്ന കലാപത്തിന് കാരണമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇനിയും വൈകാന്‍ പാടില്ല. 

രാജ്യത്തിന് മാതൃകയായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി മുന്നേറുന്ന കേരള സര്‍ക്കാര്‍  നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ എട്ട്  വര്‍ഷക്കാലം കേരളത്തിന്റെ സമസ്ത‌ മേഖലയിലും സമഗ്ര മാറ്റങ്ങള്‍ സൃഷ്ടിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നീതി ആയോഗ് പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ കേരളം സ്ഥിരമായി ഒന്നാം സ്ഥാനത്ത് തന്നെയാണ് എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. 

ഈ സർക്കാർ അതീവ ദുർബല വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള വികസന അജണ്ടയുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതി ദരിദ്രരെയും ദുർബല വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളെ അവരുടെ ഇപ്പോഴത്തെ സ്ഥിതിയിൽ നിന്നും അഭിവൃദ്ധിപ്പെടുത്തുന്നതിന് കുടുംബശ്രീയുമായും തദ്ദേശ സർക്കാരുകളുമായും സഹകരിച്ച് സൂക്ഷ്മ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് വരികയാണ്. 
2016ൽ ആരംഭിച്ച ലൈഫ് മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത്‌ പൂർത്തിയായ ആകെ വീടുകളുടെ എണ്ണം നാല് ലക്ഷം കഴിഞ്ഞു. ഇതിനു പുറമേ ഒരു ലക്ഷത്തിലധികം വീടുകളുടെ നിർമാണം പുരോഗമിക്കുന്നു.  900 ൽ അധികം സേവനങ്ങൾ ഓൺലൈൻ വഴിയാക്കിയത് ജനങ്ങൾക്ക് വളരെ പ്രയോജനപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

രാജ്യത്തിനാകെ മാതൃകയായി കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2030 ഓടു കൂടി പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമമാണ് നടന്നു വരുന്നത്. 2040-ഓടെ 100 ശതമാനം പുനരുപയോഗ ഊർജ്ജാധിഷ്ഠിത സംസ്ഥാനമായും, 2050-ഓടെ നെറ്റ് കാർബൺ ന്യൂട്രലായും മാറാനുള്ള പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനു പുറമേ, ഉള്‍ക്കാടുകള്‍ള്ളില്‍ താമസിക്കുന്ന ആദിവാസി സമൂഹങ്ങള്‍ക്കും വൈദ്യുതി എത്തിച്ച്, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെകൂടി വികസനത്തിന്റെ പാതയിലെക്കെത്തിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

എല്ലാ ആദിവാസി ഗോത്ര മേഖലയിലെ എല്ലാ വീടുകളിലും ഈ വര്‍ഷം തന്നെ വൈദ്യുതി എത്തിക്കും. സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ ഒറ്റക്കെട്ടായി പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ട് രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സൗരോര്‍ജ്ജ ഉല്‍പ്പാദനം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജന വിഭാഗങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കുകയാണ് ഹരിത ഊര്‍ജ്ജ വരുമാന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ വീട്ടാവശ്യത്തിനുള്ള വൈദ്യുതി സ്വന്തം പുരപ്പുറങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാമെന്നതിന് പുറമേ, അധികമായി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് നല്‍കിക്കൊണ്ട് അധികവരുമാനം നേടാനും കഴിയുന്നതാണ്.

സംസ്ഥാനത്തെ വൈദ്യുതി മേഖല ഒരു കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 831.26 മെഗാവാട്ട് അധിക ഉത്പാദന ശേഷി കൈവരിച്ചിട്ടുണ്ട്. ഇതിൽ 782.71 മെഗാവാട്ട് സൗരോർജ്ജത്തിൽ നിന്നും, 48.55 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളിൽ നിന്നും ആണ് ഉത്പാദിപ്പിച്ചത്. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി, 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ എന്നീ ജലവൈദ്യുത പദ്ധതികൾ ഈ വര്‍ഷം തന്നെ പൂർത്തീകരിക്കുന്നതാണ്. ഈ പദ്ധതികള്‍ ഉള്‍പ്പടെ 211 മെഗാവാട്ട് ശേഷിയുള്ള 9 ജല വൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 

2000 മെഗാവാട്ട് ശേഷിയുള്ള ജല വൈദ്യുത പദ്ധതികളും, 3000 മെഗാവാട്ട് ശേഷിയുള്ള സൌരോര്‍ജ്ജ പദ്ധതികളും നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം, പമ്പ്ഡ്‌ സ്റ്റോറേജ് പദ്ധതികള്‍, ഫ്ലോട്ടിംഗ് സോളാര്‍ നിലയങ്ങള്‍, കാറ്റില്‍ നിന്നും വൈദ്യുതി തുടങ്ങിയ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. 
അടുത്ത 3 പതിറ്റാണ്ട് കാലത്തെ വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ കഴിയുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ്‌ വൈദ്യുതി പ്രസരണ മേഖലയില്‍ പൂര്‍ത്തിയാകുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 21 സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും, 29 സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു.  

ഉഡുപ്പി - കാസർഗോഡ്, കരിന്തളം - വയനാട് 400 കെവി ലൈൻ നിര്‍മ്മാണവും, കരിന്തളം 400 കെവി സബ്സ്റ്റേഷന്‍ നിർമ്മാണവും ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കുന്നതാണ്. ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന വിഷയത്തിലെ തര്‍ക്ക പരിഹാരത്തിന് കെ എസ് ഇ ബി തലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഉത്തര മലബാര്‍ മേഖലയ്ക്കും വിശിഷ്യാ കാസര്‍ഗോഡിനും വൈദ്യുതി മേഖലയുടെ കുതിപ്പിന് മുതല്‍ക്കൂട്ടാകുന്ന ഈ പദ്ധതി തടസ്സപ്പെടാത്ത രീതിയില്‍ സമവായത്തിലൂടെ നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. 

ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളാണ്. തുടര്‍ച്ചയായ രണ്ട് വെള്ളപ്പൊക്കങ്ങള്‍ നാം നേരിട്ടുകഴിഞ്ഞു. പ്രളയ പ്രതിരോധ ഡാമുകൾ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നു വരേണ്ടതുണ്ട്. ഇതിനായി പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയൽ ഡാമുകൾ നിർമ്മിക്കപ്പെടണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയും സഹകരണവും അത്യാവശ്യമാണ്. ദുരന്തങ്ങളിലെ നാശനഷ്ടം കുറയ്ക്കുന്നതിന് ശാസ്ത്രീയമായ കാലാവസ്ഥാ പ്രവചനം അനിവാര്യമാണ്. 

അതുപോലെ, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും നമുക്ക് പുരോഗമിക്കേണ്ടതുണ്ട്.
സംസ്ഥാന സർക്കാരിന്റെ വിട്ടുവീഴ്‌ചയില്ലാത്ത വികസന കാഴ്‌ചപ്പാടിന്‌ മറ്റൊരു പൊൻതൂവലായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ്‌ തുറമുഖമാണ് വിഴിഞ്ഞം. സെമി ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖം ഒക്ടോബറിൽ കമ്മീഷന്‍ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത വികസനമുന്നേറ്റമാണ് ഇവിടെ ഉണ്ടാകാൻ പോകുന്നത്. അത് കേരളത്തിന്റെ സമ്പദ്ഘടനയിലും വികസനത്തിലും നിർണായകമാകും. അന്താരാഷ്‌ട്ര ചരക്ക്‌ നീക്കത്തിൽ മാത്രമല്ല, വ്യവസായം, ടൂറിസം രംഗത്തും കുതിച്ചുചാട്ടത്തിന് വിഴിഞ്ഞം വഴിവയ്‌ക്കും. കൂറ്റൻ ആഡംബരക്കപ്പലുകൾക്ക് എത്താനുള്ള പ്രത്യേക പാതയും ഒരുക്കുന്നുണ്ട്.

തുടർഭരണം നേടി അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ സമഗ്രവും സർവ്വതലസ്പർശിയുമായ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ഈ കാലയളവിൽ സർക്കാരിനു സാധിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണ്.

സാമൂഹ്യക്ഷേമവും സാമ്പത്തിക വികസനവും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കുന്ന നമ്മുടെ നാടിനെ ദേശീയതലത്തിൽ നിരവധി അംഗീകാരങ്ങൾ തേടിയെത്തി. കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചു. ദേശീയ പാത വികസനം ദ്രുതഗതിയിൽ മുന്നേറുന്നു. സംരംഭക വർഷം ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ വ്യവസായ മേഖല വിപുലമാകുന്നു.  പൊതുവിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള അടിസ്ഥാന മേഖലകൾ കൂടുതൽ കരുത്താർജ്ജിച്ചു. ഐടിയിൽ വൻകിട കമ്പനികൾ നിക്ഷേപങ്ങൾ ആയി വരികയും സ്റ്റാർട്ടപ്പ് മേഖല അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തു. 

തൊഴിലുറപ്പ് പദ്ധതിയും സാമൂഹ്യ സുരക്ഷാ പെൻഷനുകളും കാരുണ്യ ഇൻഷുറൻസും ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികളിൽ രാജ്യത്തിനു മാതൃകയായി. ‌ഭരണ നിർവ്വഹണം, വികസനം, ജീവിത നിലവാരം, വിദ്യാഭ്യാസം ആരോഗ്യം തുടങ്ങി സമസ്ത മേഖലകളിലും നീതി ആയോഗ് നൽകുന്നത് ഉൾപ്പെടെയുള്ള ദേശീയതലത്തിലുള്ള അംഗീകാരങ്ങൾ നമ്മുടെ സംസ്ഥാനത്തിന് ലഭ്യമായി.

ജനങ്ങൾ നൽകിയ പിന്തുണയാണ് ഇതെല്ലാം സാധ്യമാക്കാൻ സർക്കാരിനു ഊർജ്ജവും പ്രചോദനവും പകരുന്നത്. നാടിനെ നിരന്തരം ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും പല ശക്തികൾ ശ്രമിച്ചിട്ടും അതിനെയെല്ലാം മറികടന്നു മുന്നോട്ടുപോകാൻ നമുക്കാകുന്നത് സർക്കാരും ജനങ്ങളും പരസ്പരം കൈകോർത്തു നിൽക്കുന്നതിനാലാണ്. വർഗീയതയും വിഭാഗീയതയും പല പ്രദേശങ്ങളേയും കീഴ്പ്പെടുത്തിയപ്പോഴും ജനാധിപത്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും മാനവികതയുടേയും മഹനീയത ഉയർത്തിപ്പിടിച്ച് മറ്റുള്ളവർക്ക് മാതൃകയാകാൻ നമുക്ക് സാധിച്ചു. ഈ കാഴ്ചപ്പാടുകൾ മുറുകെച്ചേർത്ത് കേരളത്തിന്റെ ശോഭനമായ ഭാവിക്കും സമഗ്ര പുരോഗതിയ്ക്കുമായി നമുക്ക് പ്രയത്നിക്കാം. സർക്കാരിനും ജനങ്ങൾക്കും ഒറ്റക്കെട്ടായി നിൽക്കാം.

കാര്‍ഷിക മേഖലയുടെ പ്രാധാന്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. കാര്‍ഷിക രംഗത്ത് വിവരസാങ്കേതിക വിദ്യയുടെ ഉപയോഗവും,  പുതിയ സാങ്കേതിക വിദ്യകളും, ജലസേചനത്തിന് ആധുനിക സംവിധാനങ്ങളും പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ സാധ്യതകള്‍ നാം ഇപ്പോള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. 

നാണ്യ വിളയില്‍ മൈക്രോ ഇറിഗേഷന്‍ സമ്പ്രദായം സ്വീകരിക്കുന്നത് വിള വര്‍ധനവിന് സഹായിക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഈ രീതിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പി എം കുസും പദ്ധതി നടപ്പിലാക്കി കൊണ്ട് സൗരോര്‍ജ്ജ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ ഉപയോഗിച്ച് ജലസേചന സൗകര്യത്തോടൊപ്പം കര്‍ഷകര്‍ക്ക് അധികവരുമാനം ലക്ഷ്യമിടുന്നു. 

ഏതൊരു രാജ്യത്തിന്റെയും സുസ്ഥിരമായ ഭാവി അവിടത്തെ യുവതയുടെ കൈകളിലാണിരിക്കുന്നത്. വാണിജ്യവും വ്യവസായവുമെല്ലാം ശാസ്ത്ര സാങ്കേതിക രംഗങ്ങളിലൂടെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന പുതുപുത്തൻ വിവര സാങ്കേതിക ലോകത്തു പിന്തള്ളപ്പെട്ടുപോകാതിരിക്കുന്നതിന് നൈപുണ്യവും, നൈപുണ്യ വികസനവും അധിക വൈദഗ്ദ്ധ്യവും ശാസ്ത്രീയമായി തന്നെ യുവാക്കളിൽ ഉണ്ടാക്കിയെടുക്കേണ്ടത് ഏതൊരു രാജ്യത്തിന്റെയും കടമയും കർത്തവ്യവുമാണ്. 

ഒരു രാജ്യത്തെ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തി ആ രാജ്യത്തെ ഔന്നത്യങ്ങളിലെത്തിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തവും കർത്തവ്യ ബോധവും അവിടത്തെ യുവജനങ്ങൾക്കുണ്ടാക്കിയെടുക്കേണ്ടതും അവരുടെ ശക്തി പരമാവധി ഉപയോഗപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം. പുതിയ അറിവുകളും സാങ്കേതിക വിദ്യയും നാടിന്റെ  വികസനത്തിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് കഴിയും. നവമാധ്യമങ്ങളുടെ സാധ്യതയും പരമാവധി ഉപയോഗപ്പെടുത്തണം. വീടുകളില്‍ ഇരുന്നുതന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണമാണ് ഉണ്ടാക്കുക. 
    
ഭരണകര്‍ത്താക്കള്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജന വിഭാഗങ്ങളെ ഏത് രീതിയില്‍ ബാധിക്കുമെന്ന ഉള്‍ക്കാഴ്ച ഉണ്ടാകണമെന്ന് ഗാന്ധിജിയും നെഹ്‌റുവും നമുക്ക് കാണിച്ച് തന്നിട്ടുള്ളതാണ്. വിശാലമായ ലോകവീക്ഷണത്തോടെ മുന്നേറിക്കൊണ്ട്, കര്‍മ്മശക്തിയുള്ള ഒരു സമൂഹത്തെ കെട്ടിപ്പെടുക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഏവര്‍ക്കും ഒരിക്കല്‍ക്കൂടി സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു'.

#KeralaPolitics #IndianPolitics #Democracy #Secularism #Youth #WayanadFloods

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia