Train | ഡിസേബ്ൾഡ് കോച്ച് സാധാരണ യാത്രക്കാർ കൈയടക്കുന്നു; ട്രെയിനിൽ ഭിന്നശേഷിക്കാർക്ക് ദുരിതം
* 'ഇരു കാലുകളിലും വൈകല്യമുള്ള ഭിന്നശേഷി യാത്രക്കാരൻ ഇഴഞ്ഞു നീങ്ങാനാവാതെ ഇരച്ചു കയറിയവരുടെ ഇടയിൽ കുടുങ്ങി'
ബെംഗ്ളുറു: (KasaragodVartha) ബെംഗ്ളൂറിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകളിൽ ഭിന്നശേഷി വിഭാഗത്തിനുള്ള പ്രത്യേക കോച്ചുകൾ സാധാരണ യാത്രക്കാർ കൈയടക്കുന്നതായി ആക്ഷേപം. ഇത് മൂലം
വിവിധ വിഭാഗം ഭിന്നശേഷിക്കാർ യാത്രാ ദുരിതം അനുഭവിക്കുന്നു. കേരളത്തിൽ റയിൽവേ സ്റ്റേഷനുകളിൽ
പൊലീസ് ഭിന്നശേഷിയിതര യാത്രക്കാരെ പ്രത്യേക കോച്ചിൽ നിന്ന് നിർബന്ധിച്ച് ഇറക്കുകയും ട്രയിൻ ഗാർഡ് സാധാരണ യാത്രക്കാർ കയറുന്നത് തടയുകയും ചെയ്യാറുണ്ട്.
എന്നാൽ കർണാടക, തമിഴ് നാട് സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളിൽ അനിയന്ത്രിതമായി സാധാരണ യാത്രക്കാർ കോച്ച് കൈയടക്കുന്നു. ബെംഗ്ളൂറിൽ നിന്ന് വെള്ളിയാഴ്ച രാത്രി പുറപ്പെട്ട ബെംഗ്ളുറു-കന്യാകുമാരി കേപ് എക്സ്പ്രസ് ട്രെയിൻ (16526) ഭിന്നശേഷിക്കാർ അനുഭവിച്ച ദുരിതങ്ങളുടെ നേർകാഴ്ചയായെന്ന് ഈ ട്രയിനിൽ യാത്ര ചെയ്ത ബെംഗ്ളുറു 'കോൺസെൻട്രിക്സ്' കമ്പനി ജീവനക്കാരൻ
ടി പി നബീൽ കാസർകോട് വാർത്തയോട് പറഞ്ഞു.
ട്രെയിൻ പുറപ്പെട്ടപ്പോൾ തന്നെ പ്രത്യേക കോച്ചിൽ സാധാരണ യാത്രക്കാർ കയറി. അടുത്ത സ്റ്റേഷനുകളിൽ നിന്നും ഇങ്ങിനെ കയറിയത് തന്റെ കാബിനോട് ചേർന്നായിട്ടും ഗാർഡ് വിലക്കിയില്ല. രാത്രി 11.15ന് ട്രയിൻ തിരുപ്പത്തൂരിൽ എത്തിയതോടെ സാധാരണ യാത്രക്കാരുടെ വൻ തള്ളിക്കയറ്റമുണ്ടായി. നേരത്തെ കോച്ചിൽ ഇടംപിടിച്ച ഇരു കാലുകളിലും വൈകല്യമുള്ള ഭിന്നശേഷി യാത്രക്കാരൻ ഇഴഞ്ഞു നീങ്ങാനാവാതെ ഇരച്ചു കയറിയവരുടെ ഇടയിൽ കുടുങ്ങി.
ഏറെ പ്രയാസപ്പെട്ട് അയാൾ ശുചിമുറിയുടെ വാതിൽക്കൽ എത്തി ചുരുണ്ടുകൂടി കിടന്നു. ബർത്തിൽ കിടന്നിരുന്ന ഭിന്നശേഷി വിഭാഗം സ്ത്രീകൾ സുരക്ഷിതത്വം നഷ്ടപ്പെട്ട് ഭയന്നു. ശനിയാഴ്ച രാവിലെ എട്ടിന് ട്രെയിൻ എറണാകുളം എത്തിയതോടെ ഭിന്നശേഷി കോച്ചിലെ സാധാരണ യാത്രക്കാരെ പൊലീസ് ഇറക്കി മറ്റു കോച്ചുകളിൽ കയറാൻ നിർദേശിച്ചു. ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാൻ അധികൃതർ ശക്തമായി ഇടപെടണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.