Launch | ഐലീഡ് ഉൽപ്പന്നങ്ങൾ വിപണിയിൽ
എൻഡോസൾഫാൻ ദുരിതബാധിതർക്കും ഭിന്നശേഷിക്കാർക്കും സാമ്പത്തിക സ്വാശ്രയത്വം നേടിയെടുക്കുന്നതിനുള്ള ഈ സംരംഭം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സ്വാഗതം ചെയ്തു.
കാസർകോട്: (KasargodVartha) ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്ത പദ്ധതിയായ ഐലീഡ് മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. എൻഡോസൾഫാൻ ദുരിതബാധിതർക്കും ഭിന്നശേഷിക്കാർക്കുമായുള്ള സംയോജിത ഉപജീവന പദ്ധതിയായ ഐ ലീഡ് നിർമ്മിച്ച ഉൽപ്പന്നങ്ങൾ ആദ്യമായി വിപണിയിലെത്തിച്ചു.
വ്യവസായ വകുപ്പ് സംഘടിപ്പിച്ച കൈത്തറി വിപണന മേളയിൽ ഐലീഡ് സ്റ്റാൾ പ്രത്യേക ശ്രദ്ധ നേടി. പെരിയ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെൻ്റർ, പെർള നവജീവന സ്പെഷ്യൽ സ്കൂൾ, കാഞ്ഞങ്ങാട് റോട്ടറി സ്പെഷ്യൽ സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികളും കുടുംബാംഗങ്ങളും ചേർന്ന് നിർമ്മിച്ച നോട്ട് ബുക്കുകൾ, അച്ചാറുകൾ, ചവിട്ടികൾ, ഫിനോൾ, ടോയ്‌ലറ്റ് ക്ലീനർ, ഫ്ലവർ വേസ്, ഡിഷ് വാഷ്, ഹാൻഡ് വാഷ് തുടങ്ങിയ ഉൽപ്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
എൻഡോസൾഫാൻ ദുരിതബാധിതർക്കും ഭിന്നശേഷിക്കാർക്കും സാമ്പത്തിക സ്വാശ്രയത്വം നേടിയെടുക്കുന്നതിനുള്ള ഈ സംരംഭം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സ്വാഗതം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബേബി ബാലകൃഷ്ണൻ മേള സന്ദർശിച്ചു.