Order | 'ഗർഭസ്ഥ ശിശുവിന്റെ അവസ്ഥ കണ്ടെത്തിയില്ല'; കാസർകോട്ടെ ദമ്പതികൾക്ക് ഡോക്ടറും ആശുപത്രിയും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
കമീഷൻ രൂപവത്‌കരിച്ച മെഡികൽ ബോർഡ് ഡോക്ടറുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായതായി സ്ഥിരീകരിച്ചു
തിരുവനന്തപുരം: (KasaragodVartha) ഗർഭസ്ഥ ശിശുവിന്റെ ശാരീരിക വൈകല്യങ്ങൾ കണ്ടെത്തുന്നതിൽ വീഴ്ചയുണ്ടായെന്ന് കാണിച്ച് കാസർകോട്ടെ ദമ്പതികൾ നൽകിയ പരാതിയിൽ മലപ്പുറം എടപ്പാളിലെ സ്വകാര്യ ആശുപത്രിക്ക് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ 50 ലക്ഷം രൂപ പിഴ ചുമത്തി. ജസ്റ്റിസ് കെ സുരേന്ദ്ര മോഹൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗുരുതരമായ ശാരീരിക വൈകല്യങ്ങളോടെ കുഞ്ഞ് ജനിക്കുകയും പ്രസവശേഷം ഉടൻ മരിക്കുകയും ചെയ്‌തുവെന്നാണ് പരാതി.
'ആരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിക്കുന്നതിനായി ആശുപത്രിയിലെ ഡോക്ടറുടെ നിർദേശപ്രകാരം ഏറെനാൾ ചികിത്സയും പരിശോധനകളും നടത്തിയിരുന്നു. ഗർഭസ്ഥ ശിശുവിന് ജന്മവൈകല്യം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ക്രോമസോം പരിശോധനയും നടത്തിയിരുന്നു. ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാമെന്ന് ഡോക്ടർ പറയുകയും ചെയ്തു. ഗർഭിണിയായതിന് ശേഷം കൃത്യമായ ഇടവേളകളിൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. ഓരോ പരിശോധനയ്ക്കും സ്കാനിനും ശേഷവും ഡോക്ടർ കുഞ്ഞ് ആരോഗ്യവാനാണെന്നും വൈകല്യങ്ങളൊന്നുമില്ലെന്നും പറഞ്ഞിരുന്നു. 2007 ഏപ്രിൽ 13ന് കുഞ്ഞിനെ പ്രസവിച്ചെങ്കിലും ഗുരുതരമായ ശാരീരിക വൈകല്യങ്ങൾ ഉണ്ടായിരുന്നു', ദമ്പതികൾ പരാതിയിൽ പറയുന്നു.
അതേസമയം ആശുപത്രി അധികൃതർ ചികിത്സാപിഴവ് നിഷേധിച്ചു. ഗർഭം ധരിച്ച് 20 ആഴ്ചയ്ക്കുശേഷം ഗർഭഛിദ്രം സാധ്യമല്ലെന്നും ചൂണ്ടിക്കാട്ടി. കമീഷൻ രൂപവത്‌കരിച്ച മെഡികൽ ബോർഡ് ഡോക്ടറുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായതായി സ്ഥിരീകരിച്ചു. പരാതി നൽകിയ 2009 സെപ്തംബർ 13 മുതൽ എട്ട് ശതമാനം വാർഷിക പലിശ സഹിതം 40 ലക്ഷം രൂപ നഷ്ടപരിഹാരമായി ആശുപത്രിയും ഡോക്ടറും ചേർന്ന് കൈമാറാനാണ് കമീഷന്റെ ഉത്തരവിൽ പറയുന്നത്. കൂടാതെ മാനസിക പ്രയാസത്തിനും കഷ്ടപ്പാടുകൾക്കും എട്ട് ശതമാനം പലിശ സഹിതം 10 ലക്ഷം രൂപയും നിയമനടപടികളുടെ ചിലവിനത്തിൽ 50,000 രൂപയും നൽകാനും ഉത്തരവിട്ടിട്ടുണ്ട്.