Resolution | ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വിവാദത്തിന് അയവ്; കനകപ്പള്ളിയിലെ കമാനവും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നീക്കി; നടപടി ഹൈകോടതി ഉത്തരവിനെ തുടർന്ന്
വിഷ്ണു മൂർത്തി ദേവസ്ഥാനത്തിന്റെ കമാനവും ബസ് കാത്തിരിപ്പ് കേന്ദ്രവും കനകപ്പള്ളി ഡിപ്പോറസ് ചർച്ചിന് മുന്നിൽ പള്ളി കമ്മിറ്റി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവുമാണ് വിവാദമായത്
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) ഇരുവിഭാഗങ്ങൾ തമ്മിലെ ഭിന്നതക്കിടയിൽ വിവാദമായ പരപ്പ കനകപ്പള്ളിയിലെ ക്ഷേത്ര കമാനവും രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഹൈകോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റി. ഏറെ മാസങ്ങൾ നീണ്ടുനിന്ന വിവാദങ്ങൾക്ക് ഒടുവിലാണ് ജില്ലാ കലക്ടറുടെ പ്രത്യേക നിർദേശപ്രകാരം തിങ്കളാഴ്ച രാവിലെ സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, വെള്ളരിക്കുണ്ട് തഹസിൽദാർ പി. വി. മുരളി, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്ത്, വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി.കെ മുകുന്ദൻ, ബളാൽ പഞ്ചായത്ത് സെക്രട്ടറി അജയഘോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് എത്തി പൊളിച്ചു നീക്കിയത്.
കനകപ്പള്ളി ഏറാൻ ചിറ്ററോഡിന് കുറുകെ സ്ഥാപിച്ച വിഷ്ണു മൂർത്തി ദേവസ്ഥാനത്തിന്റെ കമാനവും ബസ് കാത്തിരിപ്പ് കേന്ദ്രവും കനകപ്പള്ളി ഡിപ്പോറസ് ചർച്ചിന് മുന്നിൽ പള്ളി കമ്മിറ്റി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവുമാണ് യന്ത്ര സഹായത്തോടെ നീക്കം ചെയ്തത്. ക്ഷേത്ര കമാനം പൊളിച്ചു മാറ്റരുത് എന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ബളാൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് വരെ നടത്തിയ സാഹചര്യത്തിൽ സംഘർഷ സാധ്യതകണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും സ്ഥലത്ത് ഉണ്ടായിരുന്നു..
കനകപ്പള്ളിയിലെ കമാന വിവാദങ്ങൾ ഇങ്ങനെ:
രണ്ട് വർഷങ്ങൾക്കുമുൻപ് സെന്റ് മാർട്ടിൻ ഡിപ്പോറസ് ദേവാലയം വടക്കാംകുന്ന് കുരിശുമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കനകപ്പളളി - ഏറാചിറ്റ റോഡിന് കുറുകെ ഒരു സ്വാഗത കമാനം താത്കാലികമായി വച്ചിരുന്നു. ഇതിനെതിരെ പ്രാദേശവാസിയായ ദാമു എന്നയാൾ പഞ്ചായത്തിൽ പരാതി നൽകിയതിനെ തുടർന്ന് ആ കമാനം അവിടെ നിന്ന് നീക്കംചെയ്തിരുന്നു.
2023 ജനുവരിയിൽ കനകപ്പള്ളി ദേവസ്ഥാനം ഉത്സവാഘോഷങ്ങളുടെ ഭാഗമായി റോഡിന് കുറുകെ ഒരു ഫ്ലക്സ് ബോർഡ് സ്ഥാപിച്ചുവെങ്കിലും ഉത്സവം കഴിഞ്ഞിട്ടും അത് എടുക്കാതെ വന്നപ്പോൾ കനകപ്പള്ളിയിലെ സന്തോഷ് ജോസഫ് കൊടി കുത്തിയേൽ എന്നയാൾ പഞ്ചായത്തിൽ പരാതി കൊടുക്കുകയും, ബന്ധപ്പെട്ട ആളുകളോട് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. സമയപരിധി കഴിഞ്ഞിട്ടും ഈ ഫ്ളക്സ് ബോർഡ് അവിടെനിന്ന് എടുത്തു മാറ്റാതെ വന്നപ്പോൾ ഫെബ്രുവരി 16ന് കനകപ്പള്ളി ദേവസ്ഥാനത്തിന്റെയും സെന്റ് തോമസ് ദേവാലയത്തിന്റെയും റോഡിന് കുറുകെ വച്ച ബോർഡുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിരുന്നു.
കലക്ടർ അന്വേഷിച്ചു നടപടി എടുക്കാനായി ഈ പരാതി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയതിന്റെ അടിസ്ഥാനത്തിൽ മാർച്ച് മൂന്നിന് ബന്ധപ്പെട്ട ആളുകൾക്ക് നോട്ടീസ് അയക്കുകയും നോട്ടീസ് ലഭിച്ച ഏഴ് ദിവസത്തിനുള്ളിൽ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ക്ഷേത്ര കമ്മിറ്റിയും പള്ളി കമ്മിറ്റിയും ആ ഫ്ലക്സ് ബോർഡുകൾ അവിടെ നിലനിർത്തണം എന്ന തീരുമാനത്തിൽ എത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി അത്തരത്തിൽ തന്നെ കലക്ടർക്ക് റിപ്പോർട്ട് നൽകി.
എന്നാൽ ജില്ലാകലക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്ന് കാണിച്ച് ജൂൺ 10 ന് സന്തോഷ് ജോസഫ് ഹൈകോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പഞ്ചായത്തിന് നോട്ടീസ് അയക്കുകയും പരാതിക്കാരന്റെ പരാതി പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് ജൂലൈ 14ന് പഞ്ചായത്തിൽ വച്ച് സർവകക്ഷി യോഗം ചേരുകയുണ്ടായി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, സെന്റ് തോമസ് ദേവാലയ ഭാരവാഹികൾ, തഹസിൽദാർ തുടങ്ങി പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.
യോഗത്തിൽ പ്രമോദ് എന്നയാൾ നൽകിയ രണ്ട് പരാതികൾ കൂടി ഉന്നയിക്കപ്പെട്ടു. കനകപ്പള്ളി സെന്റ് മാർട്ടിൻ ഡി പോറസ് ദേവാലയത്തിന്റെ ഏറാം ചിറ്റ റോഡിലുളള കുരിശുപള്ളി റോഡിലേക്ക് ഇറങ്ങിയാണ് നിൽക്കുന്നത് എന്നും വടകാംകുന്നു കുരിശുമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള കുരിശുകൾ റോഡിലാണ് നിൽക്കുന്നത് എന്നും ഉന്നയിക്കപ്പെട്ടു. സർവകക്ഷിയോഗം സംഭവസ്ഥലം സന്ദർശിക്കാനും വേണ്ട നടപടികൾ എടുക്കാനും തീരുമാനിച്ചു.
ജൂലൈ 17ന് സർവകക്ഷി സംഘങ്ങളും പഞ്ചായത്ത് അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും തഹസിൽദാരും സംഭവം സ്ഥലം സന്ദർശിച്ച്,ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും നോട്ടീസും നൽകിയിരുന്നു.. എന്നാൽ നോട്ടീസ് നൽകി ഏഴു ദിവസം കഴിഞ്ഞിട്ടും പരാതിയിൽ പറഞ്ഞ ബോർഡ് നീക്കം ചെയ്തില്ല. ഇതേ തുടർന്ന് ഹൈകോടതി വീണ്ടും ജില്ലാ കലക്ടർക്ക് നോട്ടീസ് അയച്ചു. ജില്ലാ കലക്ടർ ആ നോട്ടീസ് പഞ്ചായത്തിന് കൈമാറുകയും ചെയ്തു.
ഇത് പ്രകാരം പഞ്ചായത്തിൽ വച്ച് വീണ്ടും സർവകക്ഷി യോഗം ചേർന്നു. യോഗത്തിൽ വെച്ച് കനകപ്പള്ളിയിലെ പള്ളിയുടെ മുമ്പിലുള്ള ബസ് വെയിറ്റിംഗ് ഷെഡ് റോഡിലേക്ക് ഇറങ്ങി നിൽക്കുകയാണെന്നും അത് പൊളിച്ചു മാറ്റണമെന്നും ആരോപണം ഉണ്ടായി. താലൂക്ക് സർവേയർ വന്ന് അളന്നു നോക്കി കലക്ടർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് നാനാജാതി മതസ്ഥരും സംഘടിച്ച് വെയിറ്റിംഗ് ഷെഡ് പൊളിക്കരുത് എന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകുകയും സെപ്റ്റംബർ മാസത്തിൽ വെയിറ്റിംഗ് ഷെഡ് പൊളിക്കരുത് എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുകയുമുണ്ടായി.
പ്രശ്നങ്ങൾ പഠിച്ച കലക്ടർ 2024 ജനുവരി മാസത്തിൽ വിഷ്ണുമൂർത്തി ദേവസ്ഥാന പ്രതിനിധികളെയും സെന്റ് തോമസ് ദേവാല പ്രതിനിധികളെയും കളക്ടറുടെ ചേമ്പറിൽ വിളിച്ചുവരുത്തി വിശദീകരണവും തേടിയിരുന്നു. റോഡിന് കുറുകെ വെച്ച് കമാനങ്ങൾ എടുത്തു മാറ്റാമെന്ന് പറയുകയും ചെയ്തു. കൂടാതെ കനകപ്പള്ളിയിൽ റോഡ് സൈഡിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള എല്ലാ വസ്തുവുകളെ കുറിച്ചും വില്ലേജ് ഓഫീസറോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
ഏപ്രിൽ 13 ന് ഹൈകോടതിയുടെ പരാമർശം കലക്ടറേയും പഞ്ചായത്ത് സെക്രട്ടറി അറിയിക്കുകയും ചെയ്തു. നിയമവിരുദ്ധമായി വച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റാൻ പഞ്ചായത്ത് തയ്യാറായില്ലെങ്കിൽ പഞ്ചായത്തിനെതിരെ കോടതി നടപടി വരും എന്ന എന്ന കാര്യം പഞ്ചായത്തിന് അറിയിക്കുകയും ചെയ്തു. മെയ് 25ന് വിഷ്ണുത്തി ദേവസ്ഥാന കമ്മിറ്റി അംഗങ്ങൾ, സെന്റ് തോമസ് ദേവാലയ കമ്മിറ്റി അംഗങ്ങൾ, മാർട്ടിൻ ദേവാലയ കമ്മിറ്റി അംഗങ്ങൾ എന്നിവരെ വിളിച്ച് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ വച്ച്, മുപ്പതാം തീയതിക്ക് മുമ്പായി കമാനങ്ങൾ എടുത്തു മാറ്റണമെന്ന് കോടതി നിർദേശം ഉണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സെന്റ് തോമസ് ദേവാലയത്തിന്റെ കമാനം 28ന് എടുത്തു മാറ്റാമെന്ന് പഞ്ചായത്തിനെ അറിയിച്ചു. എന്നാൽ അവർ കമാനം എടുത്തുമാറ്റിയെങ്കിലും വിഷ്ണുമൂർത്തി ദേവസ്ഥാനത്തിന്റെ കമാനം എടുത്തു മാറ്റിയില്ല. കോടതി വീണ്ടും ഈ വിഷയത്തിൽ ഇടപെടുകയും ജില്ലാ കലക്ടറോട് അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്ന് നിർദേശവും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ കാഞ്ഞങ്ങാട് ആർ.ഡി.ഒ കൂടിയായ സബ് കലക്ടർ സൂഫിയാൻ അഹമ്മദിനോട് എത്രയും വേഗത്തിൽ കമാനവും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൊളിച്ചു മാറ്റാൻ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.