Disruption | കനത്ത മഴയിൽ ചെർക്കള - ജാൽസൂർ റോഡ് തകർന്നു; കെഎസ്ആർടിസി ബസ് സർവീസ് മുടങ്ങി; വിദ്യാർഥികൾ അടക്കം ദുരിതത്തിൽ; പ്രതിഷേധം ശക്തം
ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡിൽ അറ്റകുറ്റപ്പണി നടത്തി പാത ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെടുന്നത്.
കൊട്ടിയാടി: (KasargodVartha) കനത്ത മഴയിൽ ചെർക്കള - ജാൽസൂർ റോഡ് തകർന്നത് രോഗികളും വിദ്യാർഥികളും അടക്കം നിരവധി പേരെ ദുരിതത്തിലാക്കി. കേരള-കർണാടക അതിർത്തിയിലെ മുടൂർ എന്ന സ്ഥലത്താണ് പാത തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടത്. ഇതോടെ ബസ് ഉൾപെടെയുള്ള വാഹനങ്ങൾ വഴി തിരിച്ചുവിടേണ്ട അവസ്ഥയായി.
സുള്ള്യ-കാസർകോട് റൂടിൽ ഓടുന്ന ബസ് അടക്കമുള്ള വാഹനങ്ങളെ കൊട്ടിയാടി-ഈശ്വരമംഗല-കാവു-സുള്ള്യ പാതയിലും, ജാൽസൂർ-മുടൂർ-മണ്ടെകോൽ-അഡൂർ-കൊട്ട്യാടി പാതയിലുമാണ് വഴി തിരിച്ചുവിട്ടത്. പ്രധാനമായും കെഎസ്ആർടിസി ബസുകൾ മാത്രമാണ് ഈ റൂടിൽ സർവീസ് നടത്തുന്നത്. പാത തകർന്നതോടെ ബസ് സർവീസ് വഴിതിരിച്ചുവിട്ടത് ഇതിനിടയിൽ വരുന്ന പാതയിലെ നിരവധി യാത്രക്കാർക്ക് തിരിച്ചടിയായി.
അനവധി വിദ്യാർഥികൾ സുള്ള്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്. കൂടാതെ കാസർകോട് ഭാഗത്തേക്ക് വരാനും ഇവർ ബുദ്ധിമുട്ടുകയാണ്. റോഡരികിൽനിന്ന് വെള്ളം റോഡിലൂടെ തന്നെ ഒഴുകുന്ന അവസ്ഥയാണ്. റോഡ് പൂർണമായും തകർന്ന് യാത്ര അസാധ്യമായ നിലയിലാണ്. കഴിഞ്ഞ ദിവസം ലോറിയും മറ്റു വാഹനങ്ങളും ചെളിയിൽ താണു പോയി ഗതാഗതം തടസപ്പെട്ടിരുന്നു.
ബസ് സർവീസ് മുടങ്ങിയതിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്ന് ജെസിബി വന്ന് താത്കാലികമായി മണ്ണിട്ടെങ്കിലും ചുരുക്കം ചില ബസുകൾക്ക് മാത്രമാണ് സർവീസ് നടത്താനായത്. ഇത് യാത്രാ ദുരിതത്തിന് പരിഹാരമാവുന്നുമില്ല. ഇതിനിടെ കൊട്ടിയാടിയിൽ എ ബി ബശീർ പള്ളങ്കോട്, ഫഹദ് പരപ്പ, സമീർ, റസാഖ്, ഇബ്രാഹിം തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധ സമരവും നടത്തി.
ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡിൽ അറ്റകുറ്റപ്പണി നടത്തി പാത ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെടുന്നത്.