Enforcement | 'മലിനജലം തോടിലേക്ക് ഒഴുക്കി': ഓഡിറ്റോറിയത്തിന് പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്; കോളജിനും അപാർട്മെന്റിനും പണികിട്ടി
* ഈ പരിശോധനകൾ മലിനീകരണം തടയുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു
കാസർകോട്: (KasargodVartha) പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും മലിനജലം ഒഴുക്കുന്നതുമായ പ്രവർത്തനങ്ങൾക്കെതിരെ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കർശന നടപടികൾ സ്വീകരിച്ചു. പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി. ഈ പരിശോധനകൾ മലിനീകരണം തടയുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.
പൊയിനാച്ചി ഓഡിറ്റോറിയത്തിൽ നിന്നുള്ള ഉപയോഗശൂന്യമായ ജലം തോടിലേക്ക് ഒഴുക്കി മലിനീകരണത്തിന് കാരണമായതിന് കമ്മിറ്റിയിൽ നിന്നും 15,000 രൂപ പിഴ ഈടാക്കി. ഈ പ്രവർത്തനം ഉടൻ നിർത്തണമെന്നും മാലിന്യ സംസ്കരണ സംവിധാനം ഒരുക്കണമെന്നും സ്‌ക്വാഡ് നിർദേശിച്ചു. ഏഴു ദിവസത്തിനകം ഉറവിടത്തില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും അതിന് ശേഷം മാത്രമേ ഓഡിറ്റോറിയത്തില്‍ ചടങ്ങുകള്‍ നടത്തുവാന്‍ പാടുള്ളൂവെന്നും സ്‌ക്വാഡ് ലീഡര്‍ അറിയിച്ചു.
കോ-ഓപ്പറേറ്റീവ് കോളേജില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും വലിയതോതില്‍ കൂട്ടിയിട്ടതിനും സംസ്‌കരണ സംവിധാനം ഇല്ലാത്തതിനുമായി 10,000 രൂപ കോളജ് അധികൃതരില്‍ നിന്നും പിഴയായി ഈടാക്കി. മാലിന്യങ്ങള്‍ തരംതിരിക്കാതെ കൂട്ടിയിട്ടതിന് പെര്‍ളഡ്ക്കം കോപ്ലക്സ് ഉടമയില്‍ നിന്നും തത്സമയപിഴ ഈടാക്കി. നയാബസാറിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നുള്ള ഉപയോഗിച്ച ജലം കവിഞ്ഞൊഴുകിയതിനും പിഴ ഈടാക്കുകയും പുതിയ സോക്ക്-പിറ്റ് നിർമ്മിക്കാൻ നിർദേശിക്കുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ലീഡർ കെ വി മുഹമ്മദ് മദനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശാലിനി കെ എസ്, സ്‌ക്വാഡ് അംഗം ഇ കെ ഫാസില്‍, ഒ പി വിനേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
#pollution #environment #enforcement #fine #Kasaragod #Kerala