K Radhakrishnan | മന്ത്രി പദവി പോയി, എംപി സ്ഥാനം കിട്ടി, ആലത്തൂരില്‍ കെ രാധാകൃഷ്ണന് ലാഭമോ നഷ്ടമോ? പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി വരും, പി വി ശ്രീനിജന് നറുക്ക് വീഴാന്‍ സാധ്യത
പാര്‍ടിയുടെയും മുന്നണിയുടെയും മാനം കാക്കാനായി
ആലത്തൂര്‍: (KasaragodVartha) മന്ത്രിസ്ഥാനം പോയി എംപി സ്ഥാനം കിട്ടി എന്ന അവസ്ഥയാണ് ആലത്തൂരില്‍ നിന്ന് വിജയിച്ച കെ രാധാകൃഷ്ണന്റേത്. ഇത് അദ്ദേഹത്തിന് ലാഭമോ നഷ്ടമോ എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ പാര്‍ടിയുടെയും മുന്നണിയുടെയും മാനം കാക്കാനായി എന്നത് മാത്രമാണ് ഒരു നേട്ടം. കെ രാധാകൃഷ്ണന്‍ വിജയിച്ചതോടെ പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന കാര്യം ഉറപ്പായി. പട്ടികജാതി വികസന വകുപ്പുമന്ത്രിയാണ് കെ രാധാകൃഷ്ണന്‍. അദ്ദേഹത്തിന് പകരം ആരാകും പകരം മന്ത്രിയാകുകയെന്ന കാര്യം ഇനിയും വ്യക്തമല്ല.
പട്ടികജാതി വികസന വകുപ്പ് കൈകാര്യം ചെയ്യുന്ന കെ രാധാകൃഷ്ണന് പകരം കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന് നറുക്ക് വീഴാന്‍ സാധ്യതയുണ്ട്. കടുത്ത പോരാട്ടത്തിലൂടെയാണ് കെ രാധാകൃഷ്ണന്‍ കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ രമ്യഹരിദാസിനെ അടിയറവ് പറയിച്ചത്. 19587 വോടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. കേരളത്തിന്റെ മറ്റ് 18 സീറ്റുകളിലും യുഡിഎഫ് തേരോട്ടമുണ്ടായപ്പോള്‍ ആലത്തൂരില്‍ മാത്രമാണ് കെ രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവം കൊണ്ട് ഇടതുമുന്നണി പിടിച്ചു നിന്നത്. ആലപ്പുഴയിലെ കനലൊരുതരി ആലത്തൂരില്‍ കത്തിയെന്ന ട്രോള്‍ വരെ രാധാകൃഷ്ണന്റെ വിജയത്തെ തുടര്‍ന്ന് ഉണ്ടായിട്ടുണ്ട്.
കെ രാധാകൃഷ്ണന്‍ വിജയിച്ച സ്ഥിതിക്ക് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയുന്നതോടെ സമ്പൂര്‍ണമായ ഒരു അഴിച്ചുപണി ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഇനിയും സംശയം ബാക്കിയാണ്. രണ്ട് വര്‍ഷം മാത്രം കാലാവധിയുള്ള പിണറായി സര്‍കാറില്‍ മന്ത്രിസ്ഥാനം ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ ബാക്കിയുണ്ട്. അവര്‍ക്ക് പ്രതീക്ഷ പകരുന്നതാണ് അഴിച്ചുപണിയെന്ന് കരുതാം.