Kidnapped | '10 വയസുകാരിയെ ഉറക്കത്തിനിടയില്‍ എടുത്ത് ഒരു കിലോമീറ്ററോളം ദൂരം കൊണ്ടുപോയി അക്രമിച്ച് സ്വര്‍ണം കവര്‍ന്ന് ഉപേക്ഷിച്ചു'; ഞെട്ടലോടെ നാട്, പ്രതിയെ ഉടന്‍ പിടിക്കുമെന്ന് പൊലീസ്'
പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം
കാഞ്ഞങ്ങാട്: (KasaragodVartha) 10 വയസുള്ള പെണ്‍കുട്ടിയെ ഉറക്കത്തിനിടയില്‍ എടുത്ത് ഒരു കിലോമീറ്ററോളം ദൂരെ കൊണ്ടുപോയതിനുശേഷം അക്രമിച്ച് സ്വര്‍ണം കവര്‍ന്ന് ഉപേക്ഷിച്ചതായി പരാതി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ഹൊസ്ദുര്‍ഗ് പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. നിലവില്‍ ദൃശ്യങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. കൂടുതല്‍ പരിശോധന നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടേമുക്കാലിനും നാലരമണിക്കുമിടയിലാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. 'പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയെ അടിക്കുകയും കഴുത്തിന് അമര്‍ത്തുകയും ചെയ്ത ശേഷമാണ് വഴിയില്‍ ഉപേക്ഷിച്ചത്. മോഷ്ടാവ് രക്ഷപ്പെട്ടതോടെ പെണ്‍കുട്ടി തൊട്ടടുത്തുള്ള വീട്ടിലെത്തുകയും കോളിങ് ബെല്‍ അടിക്കുകയും ചെയ്തു. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലുള്ളവര്‍ വാതില്‍ തുറക്കാതെ തൊട്ടടുത്തുള്ള ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹം എത്തിയപ്പോള്‍ മുറ്റത്ത് പെണ്‍കുട്ടിയെ കണ്ടെത്തി. കുട്ടിക്ക് ഒന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പിന്നീട് കുട്ടിയുടെ പിതാവിന്റെ നമ്പര്‍ ചോദിച്ചറിഞ്ഞ് ബന്ധപ്പെട്ടപ്പോഴാണ് മാതാപിതാക്കളും വിവരമറിയുന്നത്. ഇവരുടെ നിലവിളികേട്ടതോടെ പരിസരവാസികള്‍ ഉണരുകയും എല്ലാവരും കുട്ടിയുടെ അടുക്കലേക്ക് ഓടിയെത്തുകയും ചെയ്തു', ബന്ധുക്കൾ പറഞ്ഞു.
നാട്ടുകാര്‍ ഒന്നടങ്കം പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടിയെ പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. കുട്ടിയുടെ കഴുത്തില്‍ പരുക്കുള്ളതായി പരിശോധിച്ച ഡോക്ടര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സാധാരണ വീട്ടില്‍ അമ്മൂമ്മയ്‌ക്കൊപ്പമായിരുന്നു പെണ്‍കുട്ടി കിടന്നുറങ്ങാറുള്ളത്. ഇവര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്ര പോയതിനാല്‍ ചൊവ്വാഴ്ച രാത്രി മുത്തച്ഛന്റെ കൂടെയാണ് ഉറങ്ങിയിരുന്നത്. മുത്തച്ഛന്‍ പുലര്‍ച്ചെ 2.45 മണിയോടെ പശുവിനെ കറക്കാന്‍ ആലയിലേക്ക് പോയപ്പോഴാണ് വരാന്തയുടെ ചാരിയ വാതില്‍ തുറന്ന് കുട്ടിയെ എടുത്തുകൊണ്ടുപോയത്.
പെണ്‍കുട്ടിയുടെ പിതാവടക്കമുള്ളവര്‍ ഈ സമയം മറ്റ് മുറികളില്‍ ഉറക്കത്തിലായിരുന്നു. ജില്ലാ പൊലീസ് മേധാവി പി ബിജോയ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി ലതീഷ്, ഹൊസ്ദുര്‍ഗ് സിഐ എം പി ആസാദ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും കാസര്‍കോട് നിന്നെത്തിയ പൊലീസ് നായയും പരിശോധനയില്‍ പങ്കാളികളായി. പൊലീസ് നായ വീട്ടില്‍ നിന്നും ഒരുകിലോമീറ്റര്‍ ദൂരെ ഓടി പെണ്‍കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്തെത്തി. അവിടെ 50ന്റേയും, 10ന്റേയും രണ്ട് കറൻസികൾ വീണുകിടപ്പുണ്ടായിരുന്നു. കറൻസികൾ പൊലീസ് ബന്തവസിലെടുത്തിട്ടുണ്ട്. കറൻസിയില്‍ നിന്നും വിരലടയാളം ലഭിക്കുമേയെന്ന് പരിശോധിക്കുന്നുണ്ട്.