Crisis | ലോറി സമരം: പാചകവാതക വിതരണം തകർന്നു, ജനം കഷ്ടപ്പെടുന്നു
കേരളത്തിൽ ലോറി സമരം മൂലം പാചകവാതകം ലഭ്യത കുറഞ്ഞത് ജനജീവനത്തെ ബാധിച്ചിരിക്കുന്നു. കുമ്പളയിൽ ഗ്യാസ് ഏജൻസികളിൽ നീണ്ട നിരകൾ രൂപപ്പെട്ടിരിക്കുകയാണ്.
കുമ്പള: (KasargodVartha) ഒരാഴ്ച മുമ്പ് നടന്ന ദേശീയതല ലോറി സമരത്തെ തുടർന്ന് തടസ്സപ്പെട്ട പാചകവാതക സിലിണ്ടർ വിതരണം പഴയപടി പുനസ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതോടെ കുമ്പള ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഏജൻസി ഓഫീസുകളിൽ സിലിണ്ടർ ലഭിക്കാനായി ഉപഭോക്താക്കൾ നീണ്ട നിര തീർക്കുന്ന ദയനീയമായ അവസ്ഥയാണ്.
ഗ്യാസ് ഇല്ലാതെ പല വീടുകളിലും പാചകം നിലച്ചിരിക്കുകയാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾ ഗ്യാസ് ഏജൻസി ഓഫീസുകളിലേക്ക് രാവിലെ തന്നെ എത്തി ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. സിലിണ്ടർ ലഭിക്കാനായി ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾക്ക് വാടക നൽകേണ്ടി വരുന്നതും അധിക സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു.
കുമ്പളയിലെ രണ്ട് ഗ്യാസ് ഏജൻസി ഓഫീസുകളിലും സിലിണ്ടറിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ലോറി സമരം മുമ്പ് എല്ലാ പ്രദേശങ്ങളിലേക്കും വാഹനങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചിരുന്നെങ്കിലും ഇപ്പോൾ അത് തടസ്സപ്പെട്ടിരിക്കുകയാണ്. ഏജൻസി അധികൃതർ വീടുകളിൽ സിലിണ്ടർ എത്തിക്കുമെന്ന് പറയുമ്പോഴും വൈകുന്നതിനാൽ ഉപഭോക്താക്കൾ നേരിട്ട് ഓഫീസുകളിൽ എത്തുകയാണ് ചെയ്യുന്നത്.