city-gold-ad-for-blogger
Aster MIMS 10/10/2023

Appeal | മാലിന്യമുക്ത നവകേരളം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ആഹ്വാനം

Appeal
Photo - Arranged

കാസർകോട് ജില്ലയിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന് വേണ്ടി രാഷ്ട്രീയ പാർട്ടികൾ ഒന്നിക്കുന്നു. പഞ്ചായത്തുകളെ ദത്തെടുത്ത് ശുചീകരിക്കാനുള്ള തീരുമാനം.

കാസർകോട്: (KasargodVartha) മാലിന്യമുക്ത നവകേരളം എന്ന ദൗത്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ ജില്ലാ തല യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തുകളെ ദത്തെടുത്ത് ശുചീകരിക്കുന്ന പ്രവർത്തനങ്ങളിലേക്ക് രാഷ്ട്രീയ പാർട്ടികൾ മാറണം. കടലോരങ്ങളും പുഴയോരങ്ങളും പാതയോരങ്ങളുമെല്ലാം ശുചീകരിച്ച് 2025 ഓടെ മാലിന്യമുക്ത നവകേരളം സാധ്യമാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ക്യാമ്പയിനിന്റെ വിജയത്തിനായി ജില്ലാ തലം മുതൽ വാർഡ് തലം വരെ നിർവ്വഹണ സമിതികൾ രൂപീകരിച്ച് പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.

നിലവില്‍ യുവാക്കൾ ഹരിതകർമ്മസേനയുമായി ചേർന്ന് ഒരു വാര്‍ഡില്‍ രണ്ട് ദിവസം എന്ന ക്രമത്തില്‍ ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തി വരികയാണ്. ഗൃഹ സന്ദർശനത്തിന് ശേഷം ഓരോവീടുകളിലെയും മാലിന്യ സംസ്‌ക്കരണ രീതികള്‍ പഠിച്ച് പരിമിതികള്‍ തിരിച്ചറിയും. പത്ത് മുതല്‍ 50 വരെ വീടുകള്‍ക്കായി സെപ്തംബർ ഒന്ന് മുതൽ 10വരെ യുവതയുടെ നേതൃത്വത്തിൽ വീട്ടുമുറ്റ ശുചിത്വ സദസ്സ് നടക്കും.

ശുചിത്വമിഷൻ കാസർകോട് ജില്ലയിലെ വ്യത്യസ്ത ഇടങ്ങളില്‍ നിന്ന് ശേഖരിച്ച കുടിവെള്ളം പരിശോധിച്ചപ്പോൾ എഴുപത് ശതമാനം കുടിവെള്ളത്തിലും ഇ കോളൈ ബ്ക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മാലിന്യമുക്ത നവകേരളം ക്യാമ്പയിനില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളും ചർച്ചയാകണം. ജില്ലയിൽ വിവിധയിടങ്ങളില്‍ എഫ്.എസ്.ടി.പികൾ ആരംഭിക്കുന്നതിനെതിരെ ജനങ്ങൾ രംഗത്ത് വരികയാണെന്നും അവരുടെ അജ്ഞത അകറ്റി വികസനത്തിന് മുന്നില്‍ നില്‍ക്കണമെന്ന് പ്രസിഡണ്ട് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടു. ഡയപ്പറുകളുടെ നിർമ്മാർജ്ജനത്തിന് ഡബിള്‍ ചേമ്പർ ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നതിലും ഇതേ വിഷയം നേരിടുന്നുണ്ട്. എഫ്.എസ്.ടി.പി കള്‍ പ്രവർത്തിക്കുന്ന പ്രദേശങ്ങളില്‍ രാ്ഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ കൊണ്ടു ചെന്ന് കാണിക്കുന്നതിനും സർക്കാര്‍ തയ്യാറാണെന്ന് അവർ പറഞ്ഞു. പല തദ്ദേശ സ്ഥാപനങ്ങളിലും ഹരിതകർമ്മസേനയുടെ കവറേജ് 50 ശതമാനം മാത്രമാണ് ക്യാമ്പയിനിന്റെ ഭാഗമായി അത് ഉയർത്തി കൂടുതൽ മികച്ച പ്രവർത്തനം നടത്തേണ്ടതുണ്ട്. ഒക്ടോബർ രണ്ടിന് ഉദ്ഘാടനം നടക്കുന്ന ക്യാമ്പയിൻ 2025 മാര്‍ച്ച് 30ന് സമാപിക്കും.

യോഗത്തിൽ ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ പി. ജയൻ അധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണൻ വിഷയാവതരണം നടത്തി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.പി ബാബു, ടി.എം.എ കരീം, സുബൈര്‍ പടുപ്പ്, എം. ഉമ, അബ്ദുള്ളകുഞ്ഞി ചെര്‍ക്കള, കെ.ബി മുഹമ്മദ്, ഡോ. സൂരജ്, കെ. അജയകുമാര്‍, സനൽ തുടങ്ങിയവര്‍ ചർച്ചയിൽ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് കാസർഗോട് അഡിസ്റ്റന്റ് ഡയറക്ടർ ബി.എൻ സുരേഷ് സ്വാഗതവും മാലിന്യ മുക്ത നവകേരളം കോ കോ- ഓർഡിനേറ്റർ എച്ച് കൃഷ്ണ നന്ദിയും പറഞ്ഞു. ജൂലൈ 27ന് മുഖ്യമന്ത്രി പിണറായി വിജന്റെ അധ്യക്ഷതയിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സർവ്വകക്ഷി യോഗം ചേർന്നതിന്റെ തുടർച്ചയായാണ് ജില്ലതലത്തിൽ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേർന്നത്. തുടർന്ന് വാര്‍ഡ് തലം വരെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗങ്ങൾ ചേരും. യോഗത്തിന്റെ തുടർച്ചയായി മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലാ സംഘാടക സമിതി യോഗം  ആഗസ്റ്റ് 31 ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia