Arrested | 'ഒരു കുടുംബത്തിലെ 4 പേരെ കൊന്നതിന് പിന്നിൽ മൂത്ത മകൻ'! ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയിച്ച് പൊലീസ്; ഉദ്ദേശിച്ചവരല്ല കൊല്ലപ്പെട്ടത്; സംഭവം ഇങ്ങനെ
* കാരണമായത് സ്വത്ത് തർക്കം
മംഗ്ളുറു: (KasaragodVartha) കർണാടകയിലെ ഗദഗ് നഗരത്തിൽ ഒരു കുടുംബത്തിലെ നാല് പേർ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന്റെ ചുരുളഴിയിച്ച് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിലെ മൂത്തമകൻ ഉൾപ്പെടെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്‌തു. ഗദഗ് എസ്പി ബിഎസ് നേമഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കുടുംബത്തിലെ മൂത്ത മകൻ വിനായക് ബകലെ സ്വത്തിന് വേണ്ടി അച്ഛനെയും രണ്ടാനമ്മയെയും ഇളയ സഹോദരനെയും ഇല്ലാതാക്കാൻ കൊലയാളികളെ വാടകയ്‌ക്കെടുത്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഗദഗ് നോർത് സോൺ ഐജിപി വികാസ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യപ്രതി വിനായക് ബകലെ (31), ഫിറോസ് (29), ജിഷാൻ (24), വാടക കൊലയാളികളായ സഹിൽ ഖാജി (19), സുഹൈൽ (19), സുൽത്താൻ ഷെയ്ഖ് (23), മഹേഷ് സലോങ്കെ (21), വാഹിദ് ബേപാരി (21) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത് ഇങ്ങനെ:
ഏതാനും മാസങ്ങൾക്കുമുമ്പ് പിതാവ് പ്രകാശ് ബകലെയും മകൻ വിനായക് ബകലെയും തമ്മിൽ സ്വത്തിൻ്റെ പേരിൽ വഴക്കുണ്ടായിരുന്നു. വിനായകൻ്റെ സ്വത്തുക്കൾ പിതാവറിയാതെ വിറ്റതാണ് പ്രകാശ് ബകലെയെ പ്രകോപിപ്പിച്ചത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതോടെയാണ് വിനായക് മാതാപിതാക്കളെയും സഹോദരനെയും കൊല്ലാൻ തീരുമാനിച്ചത്.
തുടർന്ന് വിനായക് കാർ വിൽപന ഏജൻ്റായ ഫിറോസിനേയും ജിഷാനേയും ബന്ധപ്പെട്ട് കരാർ നൽകി. 65 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയത്. അതിൽ രണ്ട് ലക്ഷം രൂപ മുൻകൂട്ടി കൊടുത്തു. ഇരുവരും മഹരാഷ്ട്രയിൽ നിന്ന് വാടകക്കൊലയാളികളെ വിളിച്ചുവരുത്തി. ഈ എട്ട് പ്രതികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പതിയിരുന്ന് കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മൂന്ന് പ്രധാന പ്രതികൾ ഗദഗ് നഗരത്തിൽ നിന്നുതന്നെയാണ് അറസ്റ്റിലായത്. മറ്റ് അഞ്ചുപേരെ മഹാരാഷ്ട്രയിൽ നിന്നാണ് പിടികൂടിയത്.
കൊല്ലപ്പെട്ടത് 4 നിരപരാധികൾ
മുനിസിപൽ കൗൺസിൽ വൈസ് പ്രസിഡൻ്റിൻ്റെ മകനുൾപ്പെടെ നാലുപേരാണ് ഒറ്റരാത്രികൊണ്ട് കൊല്ലപ്പെട്ടത്. ഗദഗ് നഗരത്തിലെ ദസർ ഓനിയിൽ താമസിക്കുന്ന ബിജെപി നേതാവ് പ്രകാശ് ബകലെയുടെ വീട്ടിലാണ് ഏപ്രിൽ 19ന് പുലർച്ചെ കൂട്ടക്കൊല നടന്നത്. ഗദഗ് ബെതഗേരി മുനിസിപൽ കൗൺസിൽ വൈസ് പ്രസിഡൻ്റ് സുനന്ദ ബകലെയുടെ മകൻ കാർത്തിക് ബകലെ (27), ബന്ധുക്കളായ പരശുരാമൻ (66), ലക്ഷ്മി (45), ആകാൻക്ഷ (16) എന്നിവരാണ് മരിച്ചത്.
വിനായക് ബകലെ വീട്ടിലുള്ള എല്ലാവരെയും കൊല്ലാൻ നിർദേശിച്ചിരുന്നു. ബന്ധുക്കളായ കൊപ്പൽ ഭാഗ്യനഗർ സ്വദേശികളായ പരശുരാമൻ, ലക്ഷ്മി, ആകാംക്ഷ എന്നിവരും അന്ന് വീട്ടിൽ താമസിച്ചിരുന്നു. പുലർച്ചെ ഒന്നിനും രണ്ടിനുമിടയിൽ വീടിൻ്റെ പിൻഭാഗത്തെ ജനൽ വഴി ഒന്നാം നിലയിൽ നിന്ന് മുറിയിലേക്ക് കടന്ന കൊലയാളികൾ പരശുരാമനെയും ലക്ഷ്മിയെയും ആകാംക്ഷയെയും കൊലപ്പെടുത്തി. ശബ്ദം കേട്ട് കാർത്തിക് പരിശോധിക്കാൻ ഒന്നാം നിലയിലേക്ക് പോയപ്പോൾ അദ്ദേഹത്തെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മുറിയുടെ വാതിൽ തുറക്കാതെ പൊലീസിൽ വിവരമറിയിച്ചതിനാലാണ് പ്രകാശും സുനന്ദ ബകലെയും രക്ഷപ്പെട്ടത്. പ്രകാശ്, സുനന്ദ, കാർത്തിക് എന്നിവരെ കൊലപ്പെടുത്താനെത്തിയ കൊലയാളികൾ വീട്ടിലെ മറ്റുള്ളവരുടെ സാന്നിധ്യം അറിഞ്ഞിരുന്നില്ല. അവർ കണ്ടുമുട്ടിയവരെയെല്ലാം കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സഹോദരനെ സംശയിക്കുമെന്ന് കരുതി
വിനായക് ബകാലെയുടെ ഇളയ സഹോദരൻ ദത്താത്രേയ ബകാലെ വ്യാജ സ്വർണക്കടത്ത് കേസിൽ പ്രതിയാണ്, ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഈ സമയം പ്രകാശും സുനന്ദ ബകലെയും കൊല്ലപ്പെട്ടാൽ ദത്താത്രേയയിൽ സംശയം ഉയരുമെന്നും വിനായക് കരുതി. എന്നാൽ പൊലീസിൻ്റെ മിടുക്ക് കാരണം വിനായകൻ കെണിയിൽ വീണു. വിനായക് ബകാലെ കൊല നടന്ന ദിവസം ഇതേ വീട്ടിലായിരുന്നു. കൊലപാതകം നടന്ന രാവിലെ മുതൽ പ്രകാശ്-സുനന്ദ ബകലെ ദമ്പതികൾക്കൊപ്പമുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിനെത്തിയപ്പോഴും പ്രമുഖർ ആശ്വസിപ്പിക്കാൻ എത്തിയപ്പോഴും സംശയം തോന്നാതെ അതേ വീട്ടിൽ കഴിഞ്ഞിരുന്ന ഇയാളെ പിന്നീട് പൊലീസ് കുടുക്കുകയായിരുന്നു.