Fire | സഊദി അറേബ്യയിൽ താമസസ്ഥലത്ത് തീപ്പിടുത്തം; മംഗ്ളൂറിലെ 3 വയസുകാരന് ദാരുണാന്ത്യം; കുടുംബത്തിലെ 3 പേർക്ക് പരുക്ക്
ഫ്രിഡ്‌ജിൽ നിന്ന് വാതകം ചോർന്നതാകാം കാരണമെന്ന് സംശയിക്കുന്നു
റിയാദ്: (KasaragodVartha) ദമാമിൽ താമസ സ്ഥലത്തുണ്ടായ തീപ്പിടുത്തത്തിൽ മംഗ്ളുറു മൂഡ്ബിദ്രിയിലെ മൂന്ന് വയസുകാരൻ ദാരുണമായി മരിച്ചു. കുടുംബത്തിലെ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഫഹദ് - സൽമ ദമ്പതികളുടെ മകൻ സാഇഖ് ശെയ്ഖ് (രണ്ട്) ആണ് മരിച്ചത്. ഫഹദിനും ഭാര്യ സൽമയ്ക്കും ആറുവയസുള്ള മകൻ ശാഹിദിനുമാണ് പരുക്കേറ്റത്.
ദമാമിലെ അദാമയിൽ ലുലു മാളിന് പുറകിലുള്ള അൽ ഹുസൈനി പ്രദേശത്താണ് സംഭവം. ആറുമാസം മുമ്പ് കുടുംബം ഇവിടത്തെ അപാർട്മെന്റിലേക്ക് താമസം മാറിയിരുന്നു. ശനിയാഴ്‌ച രാത്രി, കുടുംബം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. മകൻ സാഇഖ് ശ്വാസം മുട്ടിയാണ് മരിച്ചത്.
വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തുള്ളവർ ഉടൻ തന്നെ കുടുംബാംഗങ്ങളെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീടിനുള്ളിലെ ഫ്രിഡ്‌ജിൽ നിന്ന് വാതകം ചോർന്നതാകാം തീപ്പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. വർഷങ്ങളായി സഊദി അറേബ്യയിൽ വ്യാപാരിയാണ് ഫഹദ്.