KSRTC | സന്ധ്യയായാൽ കാസർകോട്ട് നിന്ന് മംഗ്ളുറു ഭാഗത്തേക്ക് കെഎസ്ആർടിസി സർവീസുകൾ കുറവ്; യാത്രക്കാർ ദുരിതത്തിൽ
* ഓടുന്ന കെഎസ്ആർടിസി ബസുകൾ തന്നെ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നില്ലെന്ന ആക്ഷേപവും യാത്രക്കാർക്കുണ്ട്
കാസർകോട്: (KasaragodVartha) സന്ധ്യയായാൽ പിന്നെ കാസർകോട് ഡിപോയിൽ നിന്ന് മംഗ്ളുറു ഭാഗത്തേക്ക് കേരള- കർണാടക ആർടിസി ബസ് കിട്ടണമെങ്കിൽ ഓരോ ബസിനും അരമണിക്കൂറെങ്കിലും കാത്തിരിക്കണം. അഞ്ചു മിനിറ്റിൽ ഒരു ബസ് സർവീസുണ്ടായിരുന്ന ഡിപോയിലെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. കർണാടക കെഎസ്ആർടിസി ബസുകൾ സന്ധ്യയായാൽ മനപൂർവം സർവീസ് റദ്ദാക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ബസ് കിട്ടാതെ വലഞ്ഞ് ഡിപോയിലെ അതികൃതരോട് ചോദിച്ചാൽ ബസുകൾ ഡിപോയിലെത്താൻ താമസമെടുക്കുന്നുവെന്നാണ് മറുപടിയെന്ന് യാത്രക്കാർ പറയുന്നു. ദേശീയപാത സർവീസ് റോഡിലെ ഗതാഗത തടസമാണ് ഇതിന് കാരണമായി വ്യക്തമാക്കുന്നത്. എന്നാൽ ചില കർണാടക ആർടിസി ബസുകൾ മംഗ്ളൂറിൽ നിന്ന് പുറപ്പെട്ട് കുമ്പളയിൽ വെച്ച് ഓട്ടം നിർത്തുന്നതായും പരാതിയുണ്ട്.
കോവിഡ് നിയന്ത്രങ്ങൾ നീക്കിയതിന് ശേഷം കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചത് ഇതുവരെ പുനസ്ഥാപിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു. ഇതും യാത്രാദുരിതത്തിന് കാരണമായിട്ടുണ്ട്. അതേസമയം കേരള ആർടിസി ബസുകൾ കൂടുതലും കട്ടപ്പുറത്താണെന്നും വിമർശനമുണ്ട്. ഇതും സർവീസിനെ ബാധിക്കുന്നുണ്ട്. വരുമാനത്തിൽ ഏറെ മുന്നിലാണ് കെഎസ്ആർടിസിയുടെ മംഗ്ളുറു സർവീസുകൾ. എന്നിട്ടും ലാഭത്തിലോടുന്ന ഈ റൂടിൽ കൂടുതൽ ബസ് സർവീസുകൾ നടത്തേണ്ടതല്ലേ എന്നാണ് യാത്രക്കാരുടെ ചോദ്യം.
അതിനിടെ സന്ധ്യയായാൽ ഓടുന്ന കെഎസ്ആർടിസി ബസുകൾ തന്നെ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നില്ലെന്ന ആക്ഷേപവും യാത്രക്കാർക്കുണ്ട്. ഇവിടെ മണിക്കൂറുകളോളമാണ് യാത്രക്കാർ ബസിനായി കാത്തുനിൽക്കുന്നത്. ഏറ്റവും ദുരിതം അവസാന ബസുകൾക്കായി കാത്തിരിക്കുന്നവർക്കാണ്.
ബസ് വരാത്തത് കാരണം യാത്രക്കാർ മറ്റു കെഎസ്ആർടിസി ബസുകളിൽ കയറി പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ഡിപോയിൽ എത്തുന്ന സാഹചര്യമാണുള്ളത്. ചിലർ നടന്നും, ഓടോറിക്ഷ പിടിച്ചും ഡിപോ യിൽ എത്തുന്നു. ഇത് യാത്രക്കാർക്ക് അധിക ചിലവിനും കാരണമാകുന്നു. യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.