Police | കാസർകോട്ട് ഒരു സംഘം യുവാവിനെ ആക്രമിച്ചോ? സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് പൊലീസ്
* ജാഗ്രത പാലിക്കണമെന്ന് അഭ്യർഥന
കാസർകോട്: (KasargodVartha) നഗരത്തിന് സമീപം ഒരു സംഘം ആളുകൾ യുവാവിനെ അക്രമിച്ചുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്‌ദ സന്ദേശം വ്യാജമെന്ന് കാസർകോട് ടൗൺ പൊലീസ് അറിയിച്ചു. സന്ദേശത്തിൽ പറയുന്ന തരത്തിലുള്ള സംഭവം നടക്കുകയോ അങ്ങനെ ഒരു പരാതി പൊലീസിൽ ആരെങ്കിലും നൽകുകയോ ചെയ്തിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത പുലർത്തണമെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ മുതലാണ് ചില വാട്സ് ആപ് ഗ്രൂപുകളിൽ ശബ്‌ദ സന്ദേശം വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. രാത്രിയിൽ നടന്ന് പോകുന്നതിനിടെ അണങ്കൂരിന് അടുത്തെത്താറായപ്പോൾ കയ്യിൽ വടിയുമായി 12 ഓളം വരുന്ന സംഘം ഉണ്ടായിരുന്നുവെന്നും അവരിൽ ചിലർ പേര് ചോദിച്ച് അക്രമിക്കുകയും ചെയ്തതായി പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയതായും പൊലീസ് സ്ഥലത്ത് എത്തിയതായും സന്ദേശത്തിൽ പറയുന്നത് കേൾക്കാം.
എന്നാൽ പൊലീസ് ഇത് പൂർണമായും തള്ളിക്കളയുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ചയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.