Fact Check | കാസർകോട് നെല്ലിക്കട്ടയിലെ പെട്രോൾ പമ്പിൽ സിംഹത്തെ കണ്ടെന്ന പ്രചാരണം വ്യാജം; വൈറലായ വീഡിയോയുടെ സത്യമിതാണ്!
● വീഡിയോ ഗുജറാത്തിലെ ഗിറിൽ നിന്നുള്ളതാണ്.
● സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം.
● വീഡിയോയിൽ ഗുജറാതി ഭാഷയിലുള്ള ബോർഡ് കാണാം.
● കഴിഞ്ഞ മാസം ഗുജറാത്തിലെ മാധ്യമങ്ങൾ ഈ സംഭവം റിപോർട് ചെയ്തിരുന്നു.
കാസർകോട്: (Kasargodvartha) പെട്രോൾ പമ്പിൻ്റെ പരിസരത്ത് രാത്രിയിൽ സിംഹം വിഹരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കാസർകോട് ജില്ലയിലെ നെല്ലിക്കട്ട പെട്രോൾ പമ്പിൽ നിന്നുള്ള സംഭവമാണിതെന്നുള്ള അവകാശവാദത്തോടെയാണ് ഇത് പ്രചരിക്കുനന്ത്. എന്നിരുന്നാലും, ഈ അവകാശവാദം തെറ്റാണെന്ന് വസ്തുത പരിശോധനയിലൂടെ വ്യക്തമായി.
എന്താണ് വസ്തുത?
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ കാസർകോട് ജില്ലയിലെ നെല്ലിക്കട്ട പെട്രോൾ പമ്പിൽ നിന്നുള്ളതല്ല. ഇത് ഗുജറാതിലെ ഗിറിൽ നിന്നുള്ള ദൃശ്യങ്ങളാണ്. വിശദമായ പരിശോധനയിൽ, വീഡിയോയിൽ കാണുന്ന ഒരു ബോർഡിൽ ഗുജറാതി ഭാഷയിൽ എഴുതിയിരിക്കുന്നത് കാണാം. ഇത് വീഡിയോ ഗുജറാതിൽ നിന്നുള്ളതാണെന്നതിന്റെ തെളിവായി.
മാത്രമല്ല, കഴിഞ്ഞ മാസം ഓഗസ്റ്റ് 20ന് ന്യൂസ് 18 ഗുജറാത് സംഭവം റിപോർട് ചെയ്തിട്ടുമുണ്ട്. ഗുജറാതിലെ അംറേലിയിലെ ധാരി-വിസാവാദർ റോഡിലെ പെട്രോൾ പമ്പിൽ അർധരാത്രിയിൽ സിംഹം പെട്ടെന്ന് കയറുകയായിരുന്നുവെന്ന് വാർത്തയിൽ പറയുന്നു. ഇര തേടിയാണ് സിംഹം പെട്രോൾ ഇതുവഴിയെത്തിയതെന്നാണ് നാട്ടുകാരുടെ അനുമാനം. ഈ വീഡിയോ അന്ന് പ്രദേശത്ത് സാമൂഹ്യ മാധ്യമങ്ങളിലും വൈറലായിരുന്നു. ഗുജറാതിലെ മാധ്യമമായ സന്ദേശ് അവരുടെ ഫേസ്‌ബുക് പേജിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.
സത്യമറിഞ്ഞ് പങ്കുവെക്കാം
അതായത്, സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച നെല്ലിക്കട്ടയിലെ പെട്രോൾ പമ്പിൽ സിംഹം എത്തിയെന്ന പ്രചാരണം വെറും വ്യാജമാണെന്ന് വ്യക്തമായി. വസ്തുത പരിശോധനയിൽ, ഈ വീഡിയോ ഗുജറാതിലെ ഗിറിൽ നിന്നുള്ളതാണെന്ന് തെളിഞ്ഞു. വ്യാജ പ്രചാരണം സമൂഹത്തിൽ അരക്ഷിതത്വം സൃഷ്ടിക്കുകയും വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യും. അതിനാൽ, ഏതൊരു വിവരവും പങ്കുവെക്കുന്നതിന് മുമ്പ് അത് ശരിയാണോ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
#factcheck #fakenews #viralvideo #kasaragod #gujarat #lionsighting #socialmedia #awareness