Misrepresentation | മേൽപറമ്പ് ജുമാ മസ്ജിദിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം; നിയമ നടപടി സ്വീകരിക്കുമെന്ന് കമിറ്റി ഭാരവാഹികൾ
മേൽപറമ്പ് ജുമാ മസ്ജിദിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം
മേൽപറമ്പ്: (KasargodVartha) മറ്റൊരു പള്ളിയിൽ നടന്ന വാക്കേറ്റം മേൽപറമ്പ് ജുമാ മസ്ജിദിൽ നടന്നതാണെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. 'മേൽപറമ്പ ജമാഅത് കമിറ്റിയിൽ കൂട്ടത്തല്ല്' എന്ന തലക്കെട്ടിലാണ് ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ മേൽപറമ്പ് മസ്‌ജിദിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും വീഡിയോയിൽ കാണുന്ന പള്ളി മേൽപറമ്പ് ജുമാ മസ്ജിദുമായി ഒരു ബന്ധവുമില്ലാത്തതാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ഈ വ്യാജ പ്രചാരണം മസ്ജിദിന്റെയും ജമാഅതിന്റെയും പേരിന് കളങ്കം ചേർക്കാനുള്ള ദുഷ്‌പ്രവർത്തനമാണെന്ന് കമിറ്റി കുറ്റപ്പെടുത്തി. സംഭവത്തിൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് മസ്ജിദ് കമിറ്റി ജെനറൽ സെക്രടറി എസ് കെ മുഹമ്മദ് കുഞ്ഞി കാസർകോട് വാർത്തയോട് പറഞ്ഞു. ഇക്കാര്യത്തിൽ സൈബർ സെലിന്റെ സഹായം തേടിയിട്ടുണ്ട്.
മറ്റ് ഗ്രൂപുകളിലേക്ക് പ്രചരിപ്പിക്കുന്നവർക്കെതിരെയും, അത്തരം ഗ്രൂപുകളുടെ അഡ്മിൻമാർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്ന് കമിറ്റി ഭാരവാഹികൾ വ്യക്തമാക്കി. ദുരുദ്ദേശത്തോടെയുള്ള ഈ വ്യാജ പ്രചരണനം ആരും വിശ്വസിക്കരുതെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.