Arrested | വീട്ടിൽ നിന്ന് മെതഫിറ്റമിനും കഞ്ചാവും പിടികൂടി എക്സൈസ്; യുവാവ് അറസ്റ്റിൽ
* കാസർകോട് എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന
കാസർകോട്: (KasaragodVartha) വീട്ടിൽ നിന്ന് മെതഫിറ്റമിനും കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ മുഹമ്മദ് ഹനീഫ് (32) ആണ് അറസ്റ്റിലായത്. കാസർകോട് എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള എക്സൈസ് സർകിൾ ഇൻസ്പെക്ടർ അമൽ രാജനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
വീട്ടിൽ നിന്ന് രാസലഹരി വിഭാഗത്തിൽ പെട്ട 23 ഗ്രാം മെതഫിറ്റമിനും 10 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. യുവാവിനെതിരെ നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) പ്രകാരമാണ് കേസെടുത്തത്.
എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജെയിംസ് എബ്രഹാം കുര്യോ, ജനാർധനൻ കെ എ, പ്രിവന്റീവ് ഓഫീസർമാരായ നൗശാദ് കെ, പ്രസാദ് എം എം, സിവിൽ എക്സൈസ് ഓഫീസർമാരായ എ കെ നസ്റുദ്ദീൻ, സോനു സെബാസ്റ്റ്യൻ, അരുൺ ആർ കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഫസീല ടി, എക്സൈസ് ഡ്രൈവർമാരായ ക്രിസ്റ്റീൻ പി എ, വിജയൻ പി എസ് എന്നിവരും ഉണ്ടായിരുന്നു.