Eid Greetings | 'സ്നേഹവും സാഹോദര്യവും ഐക്യവും പൂത്തുലയട്ടെ', വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ
* ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്‌താവണം ആഘോഷമെന്ന് കാന്തപുരം
കാസർകോട്: (KasaragodVartha) ഒരു മാസത്തെ വ്രതാനുഷ്ടാനത്തിലൂടെ നേടിയെടുത്ത ആത്മീയ കരുത്തുമായി ഇസ്ലാം മത വിശ്വാസികൾ ബുധനാഴ്ച ഈദുൽ ഫിത്വർ ആഘോഷിക്കുമ്പോൾ പ്രമുഖർ ആശംസകൾ നേർന്നു. സ്നേഹവും സാഹോദര്യവും ഐക്യവും പൂത്തുലയട്ടെയെന്ന് നേതാക്കൾ ആശംസിച്ചു.
ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്ന് മുഖ്യമന്ത്രി
ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു. ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ നെഞ്ചോട് ചേർത്തും അവയെ ശാക്തീകരിച്ചും നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം.
വിവിധ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാടാണ് നമ്മുടേത്. വർഗീയവിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളെ കരുതിയിരിക്കണം. ഈ പ്രതിലോമ ശ്രമങ്ങളെ ഒരുമയോടെ, ശക്തിയോടെ തുറന്നെതിർക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്‌താവണം ആഘോഷമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയുമാവണം പെരുന്നാൾ ആഘോഷിക്കേണ്ടതെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. വിശ്വാസികൾക്ക് സന്തോഷത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും വേളയാണ് ചെറിയ പെരുന്നാൾ. വ്രതമനുഷ്ഠിച്ചും സത്കർമങ്ങൾ ചെയ്തും ലളിത ജീവിതം നയിച്ചുമാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്.
കുടുംബങ്ങൾക്കും അയൽവാസികൾക്കും ഒപ്പം ഒത്തു ചേർന്ന് പരസ്പരം സന്തോഷങ്ങൾ പങ്കു വെച്ച്, പ്രയാസമനുഭവിക്കുന്നവർക്ക് സന്തോഷത്തിന്റെ കൈനീട്ടങ്ങൾ കൈമാറി പരസ്പര ഐക്യത്തിന്റെയും സന്ദേശം പകരാനുള്ളതാവണം നമ്മുടെ ഈദുൽ ഫിത്ർ. ആശംസകൾ കൈമാറുന്നതോടൊപ്പം നമ്മുടെ സഹജീവികളും നമ്മെപ്പോലെ സന്തോഷിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ നാം പ്രത്യേകം ശ്രദ്ധിക്കണം.
വിശുദ്ധ റമസാനിൽ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവിക സ്മരണയും ജീവിതത്തിലാകെ തുടരുമെന്ന ഉറച്ച തീരുമാനമാവണം പെരുന്നാളിന്റെ സന്തോഷങ്ങളിൽ പ്രധാനം. മറ്റുള്ളവർക്ക് ഉപദ്രവമാവുന്ന പ്രവർത്തികൾ നമ്മിൽ നിന്ന് ഉണ്ടാവില്ലെന്നും അരുതായ്മകൾക്കും തെറ്റുകൾക്കും നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കില്ലെന്നും നാം ഈ ദിവസം പ്രതിജ്ഞയെടുക്കുകയും ജീവിതത്തിൽ പാലിക്കുകയും വേണം. പുതു വസ്ത്രങ്ങൾ ധരിച്ച് വിശിഷ്ട വിഭവങ്ങൾ കഴിച്ച് ആരോഗ്യത്തോടെ കഴിയുന്ന വേളയിൽ ഈ അനുഗ്രഹങ്ങൾ സമ്മാനിച്ച നാഥന് നന്ദിയർപ്പിക്കാനും വിനയാന്വിതരാവാനും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശംസകൾ നേർന്ന് നേതാക്കൾ
ആഘോഷ ദിനത്തിൽ സ്നേഹവും സഹോദര്യവും ഐക്യവും പൂനിവ് പോലെ പരക്കട്ടെയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ആശംസിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരും പെരുന്നാൾ ആശംസകൾ നേർന്നു.
സ്‌നേഹ സൗഹൃദം പകര്‍ന്നു ഈദ് സുദിനം ധന്യമാക്കുക - കേരള മുസ്ലിം ജമാഅത്ത്
കാസര്‍കോട്: സൗഹൃദങ്ങളെ കൂടുല്‍ ഊഷ്മളമാക്കി പെരുന്നാളിനെ സജീവമാക്കണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട് എന്നിവര്‍ ഈദ് സന്ദേശത്തില്‍ അറിയിച്ചു. റമളാനിന്റെ ആത്മ ചൈതന്യം നിറഞ്ഞ് തുളുമ്പുന്നതാകണം നമ്മുടെ ആഘോഷങ്ങള്‍. സര്‍വ്വ സൃഷിടകളോടും കരുണാര്‍ദ്രമായ മനസ്സുമായി ജീവിക്കുന്നവര്‍ക്കു മാത്രമേ അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും ലഭിക്കുകയുള്ളൂവെന്ന ബോധത്തോടെ ബന്ധുക്കളിലേക്കും അയല്‍പക്കങ്ങളിലേക്കും നമ്മുടെ ശ്രദ്ധ പതിയണം. അവശതയനുഭവിക്കുന്നവരെ കണ്ടറിഞ്ഞ് സഹായിക്കാന്‍ നമുക്കാവണം. ദുരിതം പേറുന്ന ഫലസ്തീന്‍ മക്കള്‍ക്ക് പ്രാര്‍ത്ഥന കൊണ്ട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും നേതാക്കള്‍ പറഞ്ഞു
ആത്മീയ കരുത്തോടെ ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കുക - കുമ്പോല്‍ തങ്ങള്‍
കുമ്പള: വിശുദ്ധ റമളാന്‍ പകന്നു തന്ന ആത്മീമായ ഉണര്‍വ്വും ഊര്‍ജ്ജവും കരുത്താക്കി ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കണമെന്ന് ജാമിഅ സഅദിയ്യ പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു. കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്താനും മതസൗഹാര്‍ദ്ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താനും ആഘോഷ ദിനങ്ങളെ ഉപയോഗപ്പെടുത്തണെമെന്നും അദ്ദേഹഹം പറഞ്ഞു. ലോകത്ത് അവശതയെ അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥന പിന്തുണ ഉണ്ടാകണം സ്‌നേഹം കൊണ്ടും പരസ്പര സഹകരണം കൊണ്ടുമാണ് പെരുന്നാളിനെ ധന്യമാക്കേണ്ടത്. ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവര്‍ത്തനങ്ങളിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും തങ്ങള്‍ ഉണര്‍ത്തി.