Eid-Ul-Fitr | എന്താണ് ഈദ് അല്‍-ഫിത്വര്‍? ഈ ദിവസം അനുഷ്ഠിക്കേണ്ട കാര്യങ്ങളും മതപരമായ പ്രധാന്യവും അറിയാം!
* റമദാന്റെ അവസാനം കുറിച്ച് പെരുന്നാൾ ആഘോഷിക്കുന്നു
* ചന്ദ്രന്‍ ദൃശ്യമാവുന്നതിന്റെ അടിസ്ഥാനത്തില്‍ നിർണയിക്കുന്നു
കൊച്ചി: (KasargodVartha) ലോകമെങ്ങുമുള്ള ഇസ്ലാംമത വിശ്വാസികളുടെ പുണ്യമാസമായ റമദാന്റെ അവസാനം കുറിച്ച് ഈദ് അല്‍-ഫിത്വര്‍ ആഘോഷിക്കുന്നു. ആ പുണ്യ ദിവസത്തിന് ഇനി ദിവസങ്ങള്‍ മാത്രമെയുള്ളൂ. ഇസ്ലാമിക് കലന്‍ഡറായ ഹിജ്റ വര്‍ഷത്തിലെ ഒമ്പതാം മാസമായ റമദാന്‍, ഇസ്ലാം മതവിശ്വാസികള്‍ ഉപവാസവും പ്രാര്‍ഥനയും, ദയ, സത്കര്‍മങ്ങള്‍, സേവനങ്ങള്‍ എന്നിവയൊക്കെയായി ആചരിക്കുന്നു.
ഈദ് അല്‍-ഫിത്വര്‍ എന്നത് റമദാന്‍ മാസത്തിന്റെയും റമദാന്‍ നോമ്പിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ദിനവുമാണെന്ന് പറയാം. റമദാന്‍ മാസത്തിന് ശേഷം അതായത് ഇസ്ലാമിക് കലന്‍ഡറിലെ പത്താം മാസമായ ശവ്വാല്‍ മാസത്തെ ആദ്യത്തെ ദിവസമാണ് ഈദ് അല്‍-ഫിത്വര്‍ ആയി ആഘോഷിക്കുന്നത്.
ചില വിശ്വാസികള്‍ ശവ്വാല്‍ മാസത്തിലും (ഈദിന് തൊട്ടടുത്ത ദിവസം) ആറ് ദിവസത്തെ ഉപവാസം ആചരിക്കുന്നു, കാരണം ഈ കാലയളവ് വര്‍ഷം മുഴുവനും ഉപവാസത്തിന് തുല്യമായി കണക്കാക്കപ്പെടുന്നു. ഇസ്ലാമില്‍ സല്‍പ്രവൃത്തികള്‍ക്ക് 10 തവണ പ്രതിഫലം ലഭിക്കുന്നുവെന്നതാണ് വിശ്വാസം. അതിനാല്‍ റമദാനിലെ 30 ദിവസത്തെ നോമ്പുകാലം തന്നെ നാഥന് സ്വയം സമര്‍പ്പിക്കുന്നതിലൂടെ ലോകത്ത് സമാധാനവും ഐക്യവും നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം.
ചെറിയ പെരുന്നാള്‍ എന്ന് വിളിക്കുന്ന ഈ ആഘോഷത്തിന് തുടക്കം കുറിക്കുന്നത്, സൂര്യാസ്തമയത്തോടെ ചന്ദ്രക്കലയെ ആദ്യമായി കാണുന്ന സമയം കണക്കാക്കിയാണ്. ചന്ദ്രന്‍ ദൃശ്യമാവുന്നതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കൂടാതെ ഈദ് അല്‍-ഫിത്വറും ശവ്വാല്‍ മാസത്തിന്റെ ആദ്യ ദിനമായി അടയാളപ്പെടുത്തുന്നതിനാല്‍, വിവിധ ദിവസങ്ങളില്‍ ആണ് ഇത് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്. കേരളത്തില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ വരുന്നത് ഏപ്രില്‍ 10 ന് ആണ്. ചിലപ്പോള്‍ ഇത് 11 ന് ആവാനും സാധ്യതയുണ്ട്.
ചരിത്രം
വിശുദ്ധ റമദാന്‍ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ വെളിപ്പെടുത്തല്‍ ലഭിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. റമദാന്‍ മാസത്തില്‍ പ്രഭാതം മുതല്‍ സന്ധ്യ വരെയുള്ള ഉപവാസത്തിന്റെ അവസാനവും ശവ്വാല്‍ മാസത്തിന്റെ തുടക്കവും ആണ് ഈദ് അല്‍-ഫിത്വറിലൂടെ അടയാളപ്പെടുത്തുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉപവാസ ചടങ്ങുകളില്‍ ശക്തിയും സഹിഷ്ണുതയും നല്‍കിയതിന് അല്ലാഹുവിനെ ബഹുമാനിക്കുന്നതിനായി ഈദ് അല്‍-ഫിത്വര്‍ ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ആഘോഷിക്കുന്നു.
സന്തോഷകരമായ കാര്യങ്ങള്‍ നടത്തുകയും പ്രാര്‍ഥനകളില്‍ ഏര്‍പ്പെടുകയും ചെയ്യേണ്ട സമയമാണിത്. ഈദിന് മുസ്ലിങ്ങള്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഒത്തുചേര്‍ന്ന് ഭക്ഷണങ്ങള്‍ ഉണ്ടാക്കുകയും പങ്കിടുകയും ദാനധര്‍മാദികള്‍ നടത്തുകയും കാരുണ്യ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
ഈദ് അല്‍-ഫിത്വര്‍ ദിവസം പള്ളികളില്‍ രാവിലെ നടത്തുന്ന ഈദ് നമസ്‌കാരം വളരെ പ്രാധാന്യമുള്ളതാണ്. വിശ്വാസികള്‍ പുതിയ വസ്ത്രം ധരിച്ച് പള്ളികളില്‍ എത്തുകയും ഈദ് മുബാറക് ആശംസകള്‍ കൈമാറുകയും, പരസ്പരം ആശ്ലേഷിക്കുകയും ചെയ്യുന്നു. ഈ നമസ്‌കാരത്തിന് മുമ്പ്, വീട്ടിലെ അംഗങ്ങള്‍ക്ക് കഴിക്കാനും കഴിയാനുമുള്ളതെല്ലാം ബാക്കിവച്ച്, മിച്ചമുള്ളതെല്ലാം ദാനം (സക്കാത്ത് അല്‍-ഫിത്വര്‍) ചെയ്യണമെന്നാണ് ഇസ്ലാം മതം അനുശാസിക്കുന്നത്.
വീട്ടിലെ ഓരോ അംഗത്തിന്റെയും ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ വരെ കണക്കാക്കി വേണം സക്കാത്ത് നിര്‍വഹിക്കാന്‍ എന്നാണ് വിശ്വാസം. വീട്ടിലെ ഓരോ അംഗങ്ങളുടെ പേരിലും കുറഞ്ഞത് ഒരു സ്വാ (ഏകദേശം രണ്ടരക്കിലോ) ഭക്ഷ്യ ധാന്യം വീതം ദാനം ചെയ്തിരിക്കണമെന്നാണ് പറയുന്നത്. പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തുകയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും ചടങ്ങിന്റെ ഭാഗമാണ്. ഇതോടൊപ്പം വൈവിധ്യമാര്‍ന്ന ഭക്ഷണം തയാറാക്കി കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ഒപ്പം സന്തോഷത്തോടെ കഴിക്കുന്നു.
ഈദ് ആഘോഷവേളയില്‍ ആരും പട്ടിണി കിടക്കരുതെന്നും എല്ലാവര്‍ക്കും ഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇസ്ലാം മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് സ്തംഭങ്ങളില്‍ ഉള്‍പെട്ടതാണ് വിശുദ്ധ റമദാന്‍ മാസത്തിലെ റമദാന്‍ നോമ്പും സക്കാത്തും. ഇസ്ലാം വിശ്വാസ പ്രകാരം ബാക്കിയുള്ള മൂന്ന് കാര്യങ്ങള്‍ - സ്വലാത്ത് (പ്രാര്‍ഥന), ശഹാദ (ദൈവത്തിനും അവന്റെ പ്രവാചകനായ മുഹമ്മദിനും പുറമെ ഒരു ദൈവമില്ല എന്ന വിശ്വാസം), ഹജ്ജ് (ജീവിതത്തില്‍ ഒരിക്കലെങ്കിലും മക്ക തീര്‍ഥാടനം നടത്തുക) എന്നിവയാണ്.