Eid al-Fitr | വ്രതശുദ്ധിയുടെ പുണ്യവുമായി നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷം
*പണ്ഡിതരുടെ പ്രസംഗങ്ങളില്‍ പെരുന്നാളിന്റെ പവിത്രത നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തു.
*വിഭവസമൃദ്ധമായ ഭക്ഷണമാണ് വീടുകളില്‍ ഒരുക്കിയിട്ടുള്ളത്.
*ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തി സ്‌നേഹബന്ധങ്ങള്‍ പുതുക്കി.
കാസര്‍കോട്: (KasargodVartha) നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷം. ഒരു മാസത്തെ വ്രതശുദ്ധിയുമായി മനസും ശരീരവും പാകപ്പെടുത്തിയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. മസ്ജിദുകളിലും ഈദ് ഗാഹുകളിലും നടന്ന ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിൽ പങ്കെടുത്ത് വിശ്വാസികൾ പരസ്പരം സൗഹൃദം കൈമാറി. ഖത്വീബുമാരുടെ പ്രസംഗങ്ങളില്‍ പെരുന്നാളിന്റെ പവിത്രത നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തു.
ഈദിന്റെ ഭാഗമായുള്ള നിര്‍ബന്ധിത ദാനകര്‍മമായ ഫിത്വർ സകാത് പൂര്‍ത്തിയാക്കിയാണ് ആഘോഷത്തിലേക്ക് കടന്നത്. റമദാന്‍ മാസത്തില്‍നിന്ന് ആര്‍ജിച്ചെടുത്ത ചൈതന്യം അടുത്ത 11 മാസവും തുടരുകയെന്നത് ഓരോ വിശ്വാസിയുടേയും കര്‍ത്തവ്യമാണ്. വിഭവസമൃദ്ധമായ ഭക്ഷണമാണ് വീടുകളില്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് ശേഷം ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തി സ്‌നേഹബന്ധങ്ങള്‍ പുതുക്കി. മുതിർന്നവരേക്കാൾ കുട്ടികളാണ് ആഘോഷത്തിൽ പ്രധാന ഭാഗമാകുന്നത്.