Eid Al Fitr | ഈദുല്‍ ഫിത്വര്‍: ഒരാഴ്ചയിലധികം നീണ്ട തുടര്‍ച്ചയായ അവധി ദിനങ്ങളില്‍ ക്രമസമാധാനവും സുരക്ഷയും ശക്തമാക്കാന്‍ നടപടികളുമായി യുഎഇ; അതിരുവിട്ട ആഘോഷങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം
*ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിക്കണം
*പൊതുനിരത്തുകളില്‍ നിരീക്ഷണം ശക്തമാക്കും
*പടക്കങ്ങള്‍ പൊട്ടിക്കുന്നതിനും നിയന്ത്രണം
*പാര്‍പിട മേഖലകള്‍ക്ക് സമീപം വാഹന റേസിങ് പാടില്ല
അബൂദബി: (KasargodVartha) വിദേശ രാജ്യങ്ങളില്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ അവധി ദിനങ്ങള്‍ ലഭിക്കുന്ന വേളയാണ് ഈദുല്‍ ഫിത്വര്‍. നാട്ടിലേക്ക് പോകുന്നതിനും അവധിക്കാല യാത്രകള്‍ക്കും ഏറ്റവുമധികം പേര്‍ തിരഞ്ഞെടുക്കുന്ന സമയമാണിത്. യുഎഇയില്‍ തുടര്‍ച്ചയായി ഒമ്പത് ദിവസത്തോളമാണ് ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് അവധി ലഭിക്കുന്നത്.
റമദാന്‍ മാസം അവസാന ദിനങ്ങളിലേക്ക് കടന്നതോടെ പെരുന്നാള്‍ പൊളിയാക്കുന്നതിനോടൊപ്പം അവധി ദിനങ്ങളില്‍ ക്രമസമാധാനവും സുരക്ഷയും ശക്തമാക്കാന്‍ യുഎഇ അധികൃതര്‍ നടപടി ആരംഭിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഈദുല്‍ ഫിത്വര്‍ ദിനത്തിലും ഒരാഴ്ചയിലധികം നീണ്ട തുടര്‍ച്ചയായ അവധി ദിനങ്ങളിലും പൊതുസ്ഥലങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കുകയും കൂടുതല്‍ സുരക്ഷാ ജീവനക്കാരെ വിന്യസിക്കുകയും ചെയ്യും.
സെന്‍ട്രല്‍ ഓപറേഷന്‍സ് സെക്ടറിലെ ഓപറേഷന്‍സ് വകുപ്പിലെ 999 എന്ന കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും സജ്ജമായിരിക്കും. കോളുകളും കമ്യൂണികേഷനുകളും സ്വീകരിക്കുന്നതിനും പൊലീസ് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും പുറമേ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
അതിരുവിട്ട ആഘോഷങ്ങള്‍ പാടില്ലെന്ന് അബൂദബി വ്യക്തമാക്കി. അമിതവേഗതയിലോ അപകടകരമായോ വാഹനമോടിക്കരുത്. പൊതുനിരത്തുകളിലും പാര്‍പിട മേഖലകള്‍ക്ക് സമീപവും വാഹന റേസിങ് പാടില്ല. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിക്കണം. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്.
പടക്കങ്ങള്‍ പൊട്ടിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. പൊതുജനങ്ങള്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയും പൊതുസുരക്ഷ നിലനിര്‍ത്തുന്നതിന് അത്തരം വസ്തുക്കളുടെ വില്‍പന നിരുത്സാഹപ്പെടുത്തുകയും വേണം. ആഘോഷ ദിവസങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അപകടങ്ങള്‍ ഒഴിവാക്കാന്‍, കുട്ടികളുടെ മേല്‍നോട്ടം രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും ഓര്‍മിപ്പിച്ചു.
ട്രാഫിക് നിയമലംഘനങ്ങള്‍ ഉള്‍പെടെ എല്ലാവിധ നിയമലംഘനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സമഗ്രമായ ട്രാഫിക് പ്ലാനും സംവിധാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. നിയമലംഘകര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
റോഡുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഷോപിങ് മാളുകളിലും മാര്‍കറ്റുകളിലും പാര്‍കുകളിലും മറ്റു തിരക്കേറിയ സ്ഥലങ്ങളിലും കൂടുതലായി പൊലീസിനെയും സുരക്ഷാ പട്രോളിങ് വിഭാഗത്തെയും വിന്യസിക്കും. പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവരുള്‍പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് നടപടികള്‍ കൈക്കൊള്ളും.
തിരക്ക് വര്‍ധിക്കുന്ന റാസല്‍ ഖൈമയിലും അല്‍ ഐനിലെയും അല്‍ ദഫ്റയിലേയും പാതകളില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കാനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും എല്ലായ്‌പ്പോഴും പൊലീസ് ഉദ്യോഗസ്ഥ സാന്നിധ്യമുണ്ടാവും.