Eid-ul-Fitr | ശവ്വാൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ ഈദുൽ ഫിത്വർ ബുധനാഴ്ച
* പരസ്പരം ആശ്ലേഷിച്ചും സ്നേഹം പങ്കിട്ടും ആഘോഷിക്കും
കാസർകോട്: (KasargodVartha) ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ ഈദുൽ ഫിത്വർ ബുധനാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി തുടങ്ങിയവർ അറിയിച്ചു. പൊന്നാനിയിലാണ് ചന്ദ്രക്കല ദൃശ്യമായത്.
സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശവുമായാണ് ഈദുൽ ഫിത്വർ വന്നണഞ്ഞിരിക്കുന്നത്. വിശുദ്ധ റമദാനിൽ ഒരുമാസക്കാലം വ്രതത്തിലൂടെ നേടിയെടുത്ത ഹൃദയവിശുദ്ധിയുമായാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാൾ നിസ്‌കാരത്തിന് മസ്‌ജിദുകളിലും ഈദ് ഗാഹുകളിലും ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
പുതുവസ്ത്രമണിഞ്ഞും പരസ്പരം ആശ്ലേഷിച്ചും സ്നേഹം പങ്കിട്ടും വിഭവങ്ങൾ ഒരുക്കിയും ഈ സുദിനം കൊണ്ടാടും. പെരുന്നാൾ നിസ്‌കാരത്തിന് മുമ്പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്ർ സകാത് നല്‍കി പുണ്യമായ കർമങ്ങളിലൊന്ന് പൂർത്തിയാക്കും. ദാനധർമത്തിലും സാമ്പത്തിക സഹായത്തിലും ഇസ്ലാം നൽകുന്ന പ്രധാന പാഠങ്ങളിൽ ഒന്നാണ് ഫിത്ർ സകാത്. ഇതിലൂടെ പെരുന്നാൾ ആഘോഷങ്ങൾ എല്ലാവർക്കും സാധ്യമാക്കുകയും ചെയ്യുന്നു.