Gaza | ഇബ്രാഹിം നബിയുടെ ത്യാഗവും സമർപണവും നെഞ്ചേറ്റിയ ജനത; ഗസ്സ പകരുന്ന പാഠങ്ങൾ
ഹാജറയും ഇസ്മാഈലും അടങ്ങുന്ന ഇബ്രാഹീം കുടുംബത്തിൻ്റെ മനോഹരമായ പുനരാവിഷ്കാരങ്ങൾ ഗസ്സയിൽ നമുക്ക് കാണാം.
ശിബിൻ റഹ്‌മാൻ
(KasaragodVartha) ഇബ്രാഹിം നബിയുടെയും കുടുംബത്തിൻ്റെയും ത്യാഗസമർപ്പിതമായ ഓർമകളാൽ വിശ്വാസി സമൂഹം ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. ഇബ്രാഹിം പ്രവാചകൻ്റെ ത്യാഗനിർഭരമായ ആദർശ ജീവിതത്തിൻ്റെ പുനരാവിഷ്കാരം നിർവഹിക്കുന്ന ഗസ്സയിലെ സഹോദരി സഹോദരൻമാർ നമ്മുടെ പ്രാർഥനകളിലുണ്ടാവണം. തകർന്ന മിഹ്റാബുകൾക്കും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ നിന്ന് അവരുയർത്തുന്ന തക്ബീർ ധ്വനികൾക്ക് വല്ലാത്തൊരു സൗന്ദര്യമുണ്ട്. ഈ പെരുന്നാൾ സുദിനങ്ങളിലും അവിടെ നിന്ന് കേൾക്കുന്ന വാർത്തകൾ ഉള്ളുലക്കുന്നുണ്ട്.
അധിനിവേഷമെന്ന ഹിംസയെ സാധൂകരിച്ച് ചോര കൊണ്ട് നിർമിക്കപ്പെട്ട ഇസ്രായേൽ എന്ന വംശീയ രാഷ്ട്രത്തിൻ്റെ രക്ത ദാഹം ഇനിയും തീർന്നിട്ടില്ല. കുഞ്ഞുടലുകളെ ചുട്ട് കൊല്ലുന്നതിലും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിലും ആത്മഹർഷം കൊള്ളുന്ന വംശവെറി പൂണ്ട ഭീകരൻമാർ. എട്ട് മാസമായി നിരന്തരം തുടരുന്ന വംശഹത്യ പദ്ധതികൾ നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ട ഹതഭാഗ്യരായല്ലോ നാം. പലപ്പോഴും രക്തം പുരണ്ട നഗ്ന യാഥാർഥ്യങ്ങളിലേക്ക് കണ്ണും കാതും ഹൃദയവുമെല്ലാം തുറന്നു വെക്കാൻ പോലും കഴിയാതെ അശക്തമാവുന്നു.
പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുമ്പോഴും പിടയാതെ പിടിച്ചു നിൽക്കുന്ന ഉപ്പമാർ, കരയുമ്പോഴും പരിഭവങ്ങളൊന്നും ചൊല്ലാത്ത പ്രിയപ്പെട്ട ഉമ്മമാർ, ഏഴു മാസം ഗർഭിണിയായ ഉമ്മയുടെ നിറവയറ്റിൽ വെടിയുണ്ടയേൽക്കുന്ന രംഗം ലൈവായി കാണേണ്ടി വരുന്ന എഴ് വയസ്സുകാരൻ, ശരീരം തണുത്തുറഞ്ഞിട്ടും പുഞ്ചിരി മായാത്ത പ്രശാന്തമായ മുഖങ്ങൾ... ഹാജറയും ഇസ്മാഈലും അടങ്ങുന്ന ഇബ്രാഹീം കുടുംബത്തിൻ്റെ മനോഹരമായ പുനരാവിഷ്കാരങ്ങൾ ഗസ്സയിൽ നമുക്ക് കാണാം.
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയും ഫലസ്തീൻ ജനത നടത്തുന്ന പ്രതിരോധ പോരാട്ടവും ഫലസ്തീൻ എന്ന പ്രദേശത്തിൽ മാത്രം പരിമിതപ്പെടുന്നതല്ല. ചോരയിൽ കുതിർന്ന ഗസ്സ ഇന്ന് നിലനിൽക്കുന്ന ആധുനിക ലോകക്രമത്തിന്റെ പ്രതീകമാണ്. നമ്മുടെയെല്ലാം കാലുകൾ ആ ചോരച്ചതുപ്പിൽ ആണ്ടുപോയിട്ടുണ്ട്. പാശ്ചാത്യൻ ആധുനികത ഒരു ലോകക്രമമായി രൂപപ്പെടുന്നത് ഹിംസാത്മകമായ അധിനിവേശ പദ്ധതികളിലൂടെയാണ്. ആധുനികതയുടെ പ്രത്യശാസ്ത്രത്തെ രൂപപ്പെടുത്തുന്നതും നിലനിർത്തുന്നതും ശുദ്ധ വംശീയതയാണ്.
ഇസ്ലാമടക്കമുള്ള വ്യത്യസ്ത നാഗരികതകളുടെ വൈജ്ഞാനികവും സാംസ്കാരികവുമായ വിഭവങ്ങളെ തച്ചുടച്ച് യൂറോപ്പിനെയും യൂറോപ്പിന്റെ വിജ്ഞാനത്തെയും ലോകകേന്ദ്രമായി പ്രതിഷ്ഠിച്ച് നിർമ്മിച്ചെടുത്ത നാഗരികതയുടെ അന്ത്യശ്വാസ വെപ്രാളങ്ങളാണ് ഇപ്പോൾ ഇസ്രായേലും അമേരിക്കയും കൂടി നിർവഹിക്കുന്ന ഈ ഹിംസകൾ. ലോക ചരിത്രത്തിലെ അസാധാരണവും അസാമാന്യവുമായ ഈ ചെറുത്ത് നിൽപ്പ് അതിൻ്റെ ലക്ഷ്യം സാക്ഷാൽക്കരിച്ചു എന്നാണ് ലോക മനസ്സാക്ഷിയുടെ പ്രതികരണങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്.മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഹൃദയങ്ങൾ ലോകത്തിൻ്റെ വ്യത്യസ്ത ഇടങ്ങളിൽ നിന്ന് ഫലസ്തീന് വേണ്ടി അവരുടേതായ ആവിഷ്കാരങ്ങളിലൂടെ പ്രതിരോധം തീർക്കുന്നുണ്ട്.
ജനനവും ജീവിതവും മരണവും അതിജീവന കലയായി സ്വീകരിച്ച, ഇബ്രാഹീം പ്രവാചകൻ്റെ ആദർശ ധീരതയെ ജീവശ്വാസമായി സ്വീകരിച്ച ഒരു ജനതയെ കൊന്ന് തീർക്കാമെന്നത് വ്യാമോഹമാണ്. വംശീയ യുക്തിയിൽ സ്ഥാപിതമായ ഈ ലോക ഘടനയുടെ അടിവേരറുക്കാൻ ശേഷിയുള്ള ആദർശ പ്രചോദിതമായ പോരാട്ടമാണ് ഫലസ്തീൻ ജനത നടത്തുന്നത്. ഇബ്രാഹീം പ്രവാചകൻ പ്രാർഥിച്ച് സ്വപ്നങ്ങളിൽ നെയ്തെടുത്ത നീതിയും നിർഭയത്വവും പുലരുന്ന സന്തുലിതമായ ഒരു ലോകക്രമത്തിൻ്റെ പുലർച്ചക്കായുള്ള ഭാവനാസമ്പന്നമായ പോരാട്ടമാണത്, വിജയിക്കാനുള്ള പോരാട്ടം. വംശീയതയുടെ ഇരുണ്ട ലോകത്ത് എല്ലാ മനുഷ്യരെയും ചേർത്ത് നിർത്തുന്ന ആദർശ ശുദ്ധിയുടെ തെളിമയാർന്ന ജീവിതാവിഷ്കാരങ്ങൾക്ക് ബലിപെരുന്നാൾ പ്രചോദിതമാവട്ടെ.
(എസ് ഐ ഒ കാസർകോട് ജില്ലാ പ്രസിഡന്റാണ് ലേഖകൻ)