city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Eid ul adha | 'പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശം'; ബലിപെരുന്നാൾ ആശംസകൾ നേർന്ന് പ്രമുഖരും സംഘടനകളും

eid ul adha greetings from leaders 

സമാധാനവും സാഹോദര്യവും നിലനിർത്താൻ ആഘോഷങ്ങൾ സഹായിക്കട്ടെ എന്ന് നേതാക്കൾ

 

കാസർകോട്: (KasaragodVartha) സംസ്ഥാനത്ത് തിങ്കളാഴ്ച ബലിപെരുന്നാൾ ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് ആശംസകൾ നേർന്ന് പ്രമുഖർ. സമാധാനവും സാഹോദര്യവും നിലനിർത്താൻ ആഘോഷങ്ങൾ സഹായിക്കട്ടെ എന്ന് നേതാക്കൾ ആശംസിച്ചു.

മഹത്തായ സന്ദേശമാണ് പകരുന്നതെന്ന് മുഖ്യമന്ത്രി 

പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നതെന്ന് ബലിപെരുന്നാള്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിസ്വാര്‍ഥമായി സ്നേഹിക്കാനും മറ്റുള്ളവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണമായൊരു ലോകം സാധ്യമാകു. 

എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം. ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെയെന്നും ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍ നേരുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

മാധുര്യം വിളംബരം ചെയ്യുന്ന മുഹൂർത്തമെന്ന് കാന്തപുരം 

സ്രഷ്ടാവിന് പൂർണമായി വിധേയപ്പെടുന്നതിന്റെയും പരീക്ഷണങ്ങൾ അതിജയിക്കുന്നതിന്റെയുമെല്ലാം മാധുര്യം വിളംബരം ചെയ്യുന്ന മുഹൂർത്തമാണ് ബലിപെരുന്നാളെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബകർ മുസ്ലിയാർ പറഞ്ഞു. ഇബ്‌റാഹീം നബിയും പുത്രൻ ഇസ്മാഈൽ നബിയും അടങ്ങുന്ന കുടുംബത്തിന്റെ ത്യാഗവും സമർപ്പണവുമെല്ലാം പെരുന്നാൾ ദിനങ്ങളുടെ ആത്മചൈതന്യം വിളിച്ചോതുന്നു.

ദൈനംദിന ജീവിതത്തിനിടയിൽ പരീക്ഷണങ്ങളുടെ തീച്ചൂളയിൽ വെന്തുരുകുന്ന നമുക്ക് ചുറ്റുമുള്ള അനേകങ്ങൾക്ക് പ്രതീക്ഷയുടെ സന്ദേശം നൽകാൻ ബലി പെരുന്നാൾ പര്യാപ്തമാണ്. പരിശ്രമങ്ങൾ വെറുതെയാവില്ലെന്നും ആത്മാർഥമായ പ്രവർത്തനങ്ങൾക്ക് തിളക്കമുള്ള ഫലമുണ്ടാവുമെന്നും ഓരോ പെരുന്നാളും വിശ്വാസികളെ ഉണർത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭാഷ-വർണ വ്യത്യാസമില്ലാതെ മക്കയിൽ ഹജ്ജിനായി ഒരുമിച്ചുകൂടിയ ജനലക്ഷങ്ങളുടെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും വിളംബര വേളകൂടിയാണ് പെരുന്നാൾ.

ഇബ്റാഹീമി സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ഈ വേള സ്രഷ്ടാവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിക്കാനും ചുറ്റുമുള്ളവർക്ക് അതിൽ നിന്ന് പങ്കുനൽകാനുമാണ് നാം ഉപയോഗപ്പെടുത്തേണ്ടത്. പ്രയാസപ്പെടുന്നവരുടെ കൂടെ നിന്നും ഒന്നുമില്ലാത്തവർക്ക് തുണയായും ലോകമെമ്പാടുമുള്ള ദുരിതബാധിതരോട് ഐക്യപ്പെട്ടും ബലിപെരുന്നാൾ ഫലപ്രദമാവാൻ ഏവരും ഉത്സാഹിക്കണം. ആഘോഷ വേളകൾ നന്മയിൽ ഉപയോഗപ്പെടുത്താനും അധാർമിക പ്രവർത്തനങ്ങളിൽ നിന്ന് അകന്നു നിൽക്കാനും മുന്നോട്ടുവരണമെന്നും ഏവർക്കും ബലിപെരുന്നാൾ ആശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനവിക ഐക്യത്തിന്റെ പുന:സൃഷ്ടിക്ക് വേണ്ടിയുള്ള ആഘോഷമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്

അനശ്വരമായ ആത്മ ത്യാഗത്തിന്റെ അമരസ്മരണകൾ അയവിറക്കി കടന്നുവരുന്ന ബലിപെരുന്നാൾ ഉദാത്തമായ മാനവിക മൂല്യങ്ങളുടെ പുനസൃഷ്ടിക്ക് വേണ്ടി സമർപ്പിക്കാനുള്ള സന്നദ്ധതയോടെ ആഘോഷിക്കാൻ കഴിയണമെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രസിഡന്റ് സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, ട്രഷറർ എം കെ അബൂബക്കർ ഹാജി എന്നിവർ ആഹ്വാനം ചെയ്തു.

ദൈവത്തിൻറെ മിത്രം എന്ന് വിശേഷിപ്പിക്കപ്പെട്ട ഇബ്രാഹിം നബിയും അദ്ദേഹത്തിൻറെ പത്നി ഹാജറയും മകൻ ഇസ്മാഈൽ നബിയും അനുഷ്ഠിച്ചിട്ടുള്ള അതുല്യമായ ത്യാഗവും ലോക ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രഖ്യാപനം നടന്നിട്ടുള്ള പ്രവാചക തിരുമേനിയുടെ അറഫ പ്രസംഗവും  അനുസ്മരിച്ചു കൊണ്ട് കടന്നുവരുന്ന ബലി പെരുന്നാൾ ലോകത്തിനു മുമ്പാകെ മുഴക്കുന്നത് അത്യുദാത്തമായ സമർപ്പണത്തിന്റെയും മാനവിക ഏകതയുടെയും മഹാ സന്ദേശങ്ങളാണ്.

ഫലസ്തീനിൽ നാൽപതിനായിരത്തോളം മനുഷ്യർ കൊല്ലപ്പെടുകയും 20 ലക്ഷത്തിലേറെ മനുഷ്യന്മാർ ഭവനരഹിതരും നിരാലംബരും നിരാശ്രരുമായിത്തീരുകയും ചെയ്ത ഇസ്രാഈലിന്റെ നരമേധം ലോക മാനവികതക്ക് മുന്നിൽ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. സ്വന്തം ജന്മനാട് അന്യായമായി അപരന് സമ്മാനിച്ച സാമ്രാജ്യത്വ ശക്തികൾക്ക് മുന്നിൽ കയ്യുംകെട്ടി നോക്കി നിൽക്കേണ്ടി വന്ന ഒരു ജനത അവശിഷ്ടമായി തങ്ങൾക്ക് ലഭിച്ച മാതൃഭൂമിയുടെ സംരക്ഷണത്തിനു വേണ്ടി നടത്തുന്ന പോരാട്ടമാണ് ഫലസ്തീനികളുടെ സമരം. 

ആ പോരാട്ടത്തെ തീവ്രവാദവും ഭീകരവാദവുമായി മുദ്രകുത്തി ഇസ്രാഈൽ പാശ്ചാത്യ ശക്തികളുടെ പിൻബലത്തോടെ നടത്തുന്ന മനുഷ്യ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആക്രമണത്തെ കയ്യും കെട്ടി നോക്കി നിൽക്കുന്ന ലോകത്തെ ഭരണകൂടങ്ങൾ യഥാർത്ഥത്തിൽ മാനവികതക്ക് നേരെയുള്ള ഹീനമായ കടന്നാക്രമണത്തിന് മുന്നിൽ പുലർത്തുന്ന നിസ്സംഗത ലജ്ജാകരമാണ്. പിടയുന്ന മനുഷ്യനു വേണ്ടി ഉയരാത്ത കരങ്ങളും മുഴങ്ങാത്ത നാവുകളും മനുഷ്യ സമൂഹത്തിൻറെ പുരോഗതിയുടെ ലക്ഷണമായല്ല, അധഃപതനത്തിന്റെയും അധോഗതിയുടെയും അടയാളങ്ങളായിട്ടാണ് പരിഗണിക്കപ്പെടേണ്ടത്. 

ഇത്തരം ഒരു സന്ദർഭത്തിൽ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അവർ ഉൾപ്പെടെ ലോകമെങ്ങും പീഡനം അനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടി പ്രാർത്ഥിച്ചും അവർക്ക് സഹായം എത്തിക്കാൻ കഴിയുന്ന ഔദ്യോഗിക മാർഗങ്ങളിലൂടെ സഹായങ്ങൾ എത്തിച്ചും ഈ പെരുന്നാളിന്റെ നന്മകളെ അവരോടൊപ്പം പങ്കുവെക്കാൻ കൂടി നമുക്ക് കഴിയേണ്ടതുണ്ട്. 

ബലിപെരുന്നാൾ ഉയർത്തുന്ന വിശ്വാസ തീഷ്ണതയുടെയും അത് പകരുന്ന ദൈവത്തിനു മുമ്പുള്ള സമ്പൂർണമായ കീഴടങ്ങലിൻറേയും അടയാളപ്പെടുത്തലാകണം പെരുന്നാൾ ആഘോഷമെന്നും മതം വിലക്കിയിട്ടുള്ള അരുതായ്മകളുടെ കൂത്തരങ്ങുകളാക്കി പെരുന്നാൾ ആഘോഷത്തെ മാറ്റാതിരിക്കാൻ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്നും അതിനനുസൃതമായ ബോധവൽക്കരണങ്ങൾ നൽകാൻ മഹല്ല് നേതൃത്വവും ഖത്വീബുമാരുൾപ്പെടെയുള്ള മതപണ്ഡിതന്മാരും മുന്നോട്ടുവരണമെന്നും ഭാരവാഹികൾ  കൂട്ടിച്ചേർത്തു.

ലോകത്തിൻറെ അഷ്ടദിക്കുകളിൽ നിന്ന് ദൈവത്തിന്റെ ആദ്യ ഭവനമായ കഅ്ബയിലേക്ക് ഒഴുകിയെത്തിയ ദശലക്ഷക്കണക്കിന് വിശ്വാസി സമൂഹം ഒരേ മനസും ഒരേ ശരീരവും ഒരേ വേഷവുമായി ദൈവത്തിനു മുൻപിലുള്ള സമർപ്പണത്തിന്റെ മുദ്രകൾ അടയാളപ്പെടുത്തുമ്പോൾ ദേശ, ഭാഷ, വർണ, വർഗ്ഗ അതിർത്തികൾ ഭേദിച്ചുകൊണ്ട് അവിടെ മുഴക്കപ്പെടുന്ന മാനുഷിക ഒരുമയുടെ  പ്രഖ്യാപനം സർവ മനുഷ്യരുടെയും ഐക്യത്തിനും നന്മക്കും വേണ്ടി കൂടിയുള്ള പ്രാർത്ഥനയാണ്. ആ പ്രാർത്ഥനകളുടെ അലയൊലികൾ മുഴക്കപ്പെടുന്ന ബലിപെരുന്നാൾ അതുകൊണ്ടു തന്നെ സർവ മനുഷ്യർക്കും വേണ്ടിയുള്ള തേട്ടത്തിൻറെ ഒരു വേദി കൂടിയായി തീരേണ്ടതുണ്ട്. എല്ലാ മനുഷ്യർക്കും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ ബലിപെരുന്നാൾ ആശംസകൾ നേരുന്നുവെന്നും പ്രസ്താവനയിൽ ഭാരവാഹികൾ പറഞ്ഞു.

ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിൽക്കണമെന്ന് കാസർകോട് സംയുകത മുസ്ലിം ജമാഅത്ത്

ത്യാഗസ്മരണകളുമായെത്തുന്ന ബക്രീദ് ദിനം ലോകമെമ്പാടും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളുടെ നന്മക്കായി പ്രാർത്ഥിക്കാൻ ഉപയോഗപ്പെടുത്തണമെന്ന് കാസർകോട് സംയുകത മുസ്ലിം  ജമാഅത്ത് ആഹ്വാനം ചെയ്തു. ലോക ചരിത്രത്തിൽ  സമാനതയില്ലാത്ത ത്യാഗത്തിൻ്റെയും അർപ്പണമനോഭാവത്തിൻ്റെയും ഓർമ്മകളാണ് ഓരോരുത്തരുടെയും മനസ്സിൽ ബക്രീദ് ദിനത്തിൽജ്വലിച്ചുനിൽക്കുന്നത്.

സഹജീവികളോടുള്ള സ്നേഹവും ബന്ധവും കൂടുതൽ ദൃഡമാക്കാനും നന്മയ്ക്കുവേണ്ടി ത്യാഗ മനസ്ഥിതിയോടെ പ്രവർത്തിക്കാനും ബക്രീദ് പ്രചോദനമാകണം. കാസർകോടിൻ്റെ ഒരുമ നിലനിർത്താനും   മൈത്രി വളർത്താനുമുള്ള പ്രതിജ്ഞയാണ് ബക്രീദ് ദിനത്തിൽ വേണ്ടതെന്ന് പ്രസിഡണ്ട് എൻ.എ നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ, ട്രഷറർ എൻ.എ അബൂബക്കർ ഹാജി എന്നിവർ പറഞ്ഞു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia