Special Foods | മനുഷ്യസ്നേഹത്തിന്റെയും മഹത്തായ സന്ദേശവുമായി ഒരു ബലിപെരുന്നാള്‍ കൂടി; കൊതിയൂറും വിഭവങ്ങളുമായി ഈ ദിനം ആഘോഷിക്കാം
നാടന്‍ ആട്ടിച്ചറി കറി.
കുരുമുളകിട്ട കോഴി പിരളന്‍.
ഉള്ളി ചതച്ചിട്ട് പോത്തിറച്ചി വരട്ടിയത്.
കൊച്ചി: (KasargodVartha) ആത്മസമര്‍പണത്തിന്റെ ആഘോഷമായ ബലി പെരുന്നാള്‍ ഇബ്രാഹിം നബി(അ)യുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായാണ് ലോകമെങ്ങുമുള്ള മുസ്ലീം വിശ്വാസികള്‍ കാണുന്നത്. ത്യാഗത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മഹത്തായ സന്ദേശവുമായി ഒരു ബലിപെരുന്നാള്‍ കൂടി കടന്നുവരുമ്പോള്‍ ഈ ദിനം കൊതിയൂറും വിഭവങ്ങളുമായി നമുക്ക് ആഘോഷിക്കാം.
എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന കുറച്ച് വിഭവങ്ങള്‍ പരിചയപ്പെടാം;
1. നാടന്‍ ആട്ടിച്ചറി കറിക്ക് ആവശ്യമായ ചേരുവകള്‍: ആട്ടിച്ചറി - 1 കിലോ, സവാള - 2 എണ്ണം, ചെറിയ ഉള്ളി - 10, ഇഞ്ചി - ഒരു വലിയ കഷണം, വെളുത്തുള്ളി - ആവശ്യത്തിന്, പച്ച മുളക് - ആവശ്യത്തിന്, മുളകുപൊടി -1 സ്പൂണ്‍, മല്ലിപ്പൊടി - 2 സ്പൂണ്‍, കുരുമുളക് പൊടി -1 സ്പൂണ്‍, മഞ്ഞപ്പൊടി - അര സ്പൂണ്‍, ഗരംമസാല - 1 സ്പൂണ്‍, കറുവപ്പട്ട - 2 ചെറിയ കഷണം, ഗ്രാമ്പു - 4, പെരുംജീരകം - ആവശ്യത്തിന്, ഏലയ്ക്ക -4, ഉപ്പ് - പാകത്തിന്.
തയ്യാറാക്കുന്ന വിധം: ആട്ടിച്ചറി ചെറിയ കഷണങ്ങളാക്കിയതില്‍ മഞ്ഞപ്പൊടിയും ഉപ്പും പുരട്ടി വെള്ളം വറ്റാന്‍ വയ്ക്കുക. തുടര്‍ന്ന് പ്രഷര്‍ കുകറില്‍ വേവിക്കുക. ചതച്ചു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും കടുകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിനോടൊപ്പം സവാള അരിഞ്ഞതും ചെറിയ ഉള്ളിയും പച്ചമുളകും ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ഗരം മസാലയും ചേര്‍ത്തു നല്‍കുക. ഇതിലേക്ക് ആട്ടിച്ചറി ചേര്‍ത്തു നല്‍കണം. മസാല ആട്ടിച്ചറിയില്‍ നന്നായി പിടിക്കുന്നതിനായി നന്നായി ഇളക്കി നല്‍കുക. തുടര്‍ന്ന ആവശ്യത്തിന് കുരുമുളക് പൊടി ചേര്‍ക്കു. ഇതിലേക്ക് ആവശ്യത്തിന് ചൂട് വെള്ളവും ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ത്തു നല്‍കുക. തുടര്‍ന്ന് അടച്ചുവെച്ച് വേവിക്കുക. നല്ല പോലെ വെന്തതിനുശേഷം വാങ്ങി കറിവേപ്പിലയും മല്ലിയിലയും ഉപയോഗിക്കിച്ച് അലങ്കരിക്കാം.
2. കുരുമുളകിട്ട കോഴി പിരളന് ആവശ്യമായ ചേരുവകള്‍: കോഴി - 1 കിലോ, മുളക് പൊടി - 2 സ്പൂണ്‍, മഞ്ഞള്‍പ്പൊടി - ആവശ്യത്തിന്, കുരുമുളക് പൊടി - 2 സ്പൂണ്‍, ഗരം മസാല - 2 സ്പൂണ്‍, സവാള - 3 എണ്ണം, മല്ലിപ്പൊടി - 1 സ്പൂണ്‍, തക്കാളി - 1 എണ്ണം, ഇഞ്ചി - ആവശ്യത്തിന്, പച്ചമുളക് - ആവശ്യത്തിന്
വെളുത്തുള്ളി - ആവശ്യത്തിന്, കറിവേപ്പില - ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം: ചിക്കന്‍ ചെറിയ കഷണങ്ങളാക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ മിക്സ് ചെയ്യുക. ഇത് അരമണിക്കൂര്‍ നേരത്തിനുശേഷം എണ്ണ ചൂടാക്കി ഇരുപുറവും വേവിച്ചെടുക്കുക. സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഒപ്പം തക്കാളി കൂടെ ചേര്‍ക്കുക. വേവിച്ചു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് അടച്ചുവച്ച് 10 മിനിറ്റ് വേവിക്കുക. തുടര്‍ന്ന് തുറന്നുവച്ച് വെള്ളം വറ്റിച്ചെടുക്കുക. തുടര്‍ന്ന് കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങാം.
3. ഉള്ളി ചതച്ചിട്ട് പോത്തിറച്ചി വരട്ടുന്നിന്റെ ചേരുവകള്‍: പോത്തിറച്ചി - 1കിലോ ചെറിയ ഉള്ളി ചതച്ചത് 1 കപ്, വെളിച്ചെണ്ണ - 6 ടേബിള്‍ സ്പൂണ്‍, മുളക്പൊടി - 3 ടേബിള്‍ സ്പൂണ്‍, മല്ലിപ്പൊടി - 2 ടേബിള്‍ സ്പൂണ്‍, മഞ്ഞള്‍പൊടി - അര ടേബിള്‍ സ്പൂണ്‍, ഗരം മസാല - 1 ടേബിള്‍ സ്പൂണ്‍, കരുമുളക്പൊടി - അര ടേബിള്‍ സ്പൂണ്‍, കടുക് - 1 അര ടേബിള്‍ സ്പൂണ്‍, വറ്റല്‍ മുളക് - 6 എണ്ണം, കറിവേപ്പില - 2 തണ്ട്, ഉപ്പ് - ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം: പോത്തിറച്ചി, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ശേഷം ഇവ കുകറിലിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ഇത് നന്നായി വെന്തശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിക്കുക. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന പോത്തിറച്ചി ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് വെള്ളം ആറി വരുമ്പോള്‍ അല്‍പം എണ്ണ തൂവിയ ശേഷം വിളമ്പാം.