Event | ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ ആദരവ് സമർപ്പണം ഒക്ടോബർ 19ന് കുമ്പളയിൽ
● കുമ്പള റോയൽ ഖുബ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചടങ്ങ്
● രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും
● യു കെ കുഞ്ഞബ്ദുല്ലയ്ക്ക് തുളുനാട് ശ്രേഷ്ഠ പുരസ്‌കാരം
കാസർകോട്: (KasargodVartha) ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ ആദരവ് സമർപ്പണം പരിപാടി ഒക്ടോബർ 19 ന് വൈകുന്നേരം നാല് മണിക്ക് കുമ്പള റോയൽ ഖുബ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പരിപാടി ഉദ്ഘാടനം ചെയ്യും. എ.കെ.എം. അഷ്‌റഫ് എംഎൽഎ, എൻ.എ. നെല്ലിക്കുന്ന് എംഎൽഎ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ഉത്തര മലബാറിൽ മാലിന്യ സംസ്കരണ രംഗത്തെ പുത്തൻ നാഴികക്കല്ലായ യു കെ കുഞ്ഞബ്ദുല്ല ചെറുവത്തൂർക്ക് ദുബൈ മലബാർ കലാ സാംസ്കാരിക വേദി തുളുനാട് ശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിക്കും. പൊതുപ്രവർത്തന, വ്യവസായ മേഖലകളിൽ തന്റെതായ അടയാളപ്പെടുത്തലുകൾ നടത്തിയ പ്രമുഖ വ്യവസായി കൂടിയാണ് കുഞ്ഞബ്ദുല്ല. കുറ്റാന്വേഷണ രംഗത്ത് കേരള പൊലീസിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച് സർവീസിൽ നിന്നും വിരമിച്ച മുൻ എ.എസ്.പി ടി.പി. രഞ്ജിത്തിനെ കുമ്പള പൗരാവലി അനുമോദിക്കും.
ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർക്കും പ്രത്യേക അനുമോദനങ്ങൾ നൽകും. ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥന്മാർ, സാമൂഹിക, സാംസ്കാരിക, വാണിജ്യ മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. പ്രഗൽഭ കലാകാരൻമാർ ഒരുക്കുന്ന സംഗീത വിരുന്നും ചടങ്ങിന് മാറ്റ് കൂട്ടും. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർപേഴ്‌സണുമായ താഹിറ യുസഫ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും സംഘാടക സമിതി ജനറൽ കൺവീനറുമായ അഷ്‌റഫ് കർള, ട്രഷറർ കെ.പി മുനീർ, മഞ്ജുനാഥ് ആൾവ, എ.കെ. ആരിഫ്, യുസഫ് ഉളുവാർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
#DubaiMalabar #KalaSamskarikaVedi #Kumble #Kerala #awards #culture #community