Suspension | 'കാറിന്റെ ഡിക്കി തുറന്ന് അതിലിരുന്ന് ആളുകളുടെ യാത്ര', വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
സംഭവം സംബന്ധിച്ച് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയ കാസർകോട് എൻഫോഴ്‌സ്‌മെന്റ് ആർടിഒ പി രാജേഷ് ആണ് നടപടി സ്വീകരിച്ചത്
കാസർകോട്: (KasargodVartha) ദേശീയപാതയിൽ വിവാഹാഘോഷത്തിനിടെ അപകടകരമായി വാഹനം ഓടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.45 മണിയോടെ പെരിയാട്ടടുക്കം ഭാഗത്തായിരുന്നു സംഭവം.
കാറിന്റെ ബൂട്ട് ലിഡ് ഭാഗം (ഡിക്കി) തുറന്ന് യാത്രക്കാര്‍ അതിലിരിക്കുകയും പുറകില്‍ വരുന്ന വാഹനങ്ങളിലൂടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്ത് അപകടത്തിന് കാരണമായേക്കാവുന്ന രീതിയിലായിരുന്നു വാഹനം ഓടിച്ചിരുന്നത്.
സംഭവം സംബന്ധിച്ച് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയ കാസർകോട് എൻഫോഴ്‌സ്‌മെന്റ് ആർടിഒ പി രാജേഷ് ആണ് നടപടി സ്വീകരിച്ചത്. ഡ്രൈവറെയും മറ്റു സാക്ഷികളെയും വിസ്തരിച്ചതിനു ശേഷമാണ് തീരുമാനമെടുത്തത്.
ഡ്രൈവറെ എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന് കീഴിലുള്ള ഐഡിടിആര്‍ എന്ന സ്ഥാപനത്തിൽ അഞ്ച് ദിവസത്തെ പരിശീലനത്തിന് വിധേയമാകാൻ നിര്‍ദേശം നല്‍കിയതായും ആർ ടി ഒ പി രാജേഷ് അറിയിച്ചു.
#caraccident #trafficviolation #licensesuspended #weddingprocession #roadsafety #India