Birthday | പതിവ് തെറ്റിച്ചില്ല, ഇത്തവണയും ജന്മദിനം വ്യത്യസ്തമാക്കി ഡോ. ജനാർധന നായക്
● 21 വർഷമായി രക്തദാനം ചെയ്തിരുന്നു ഡോക്ടർ
● ഇത്തവണ ബ്ലഡ് ബാങ്കിന് രക്തസമ്മർദ പരിശോധന ഉപകരണം സമ്മാനിച്ചു.
● കുടുംബശ്രീ വളണ്ടിയർമാർക്കും വസ്ത്രങ്ങൾ സമ്മാനിച്ചു.
കാസർകോട്: (KasargodVartha) ജന്മദിന ആഘോഷങ്ങൾ എപ്പോഴും വ്യത്യസ്തമാക്കുന്ന വ്യക്തിയാണ് കാസർകോട് ജനറൽ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. സി എച്ച് ജനാർധന നായക്. കഴിഞ്ഞ 21 വർഷങ്ങളായി തന്റെ ജന്മദിനത്തിൽ രക്തദാനം ചെയ്തുവരുന്ന ഡോക്ടർ, ഈ വർഷം ആൻജിയോപ്ലാസ്റ്റി ചെയ്തതിനാൽ രക്തദാനം ചെയ്യാൻ കഴിഞ്ഞില്ല.
എന്നാൽ, തന്റെ പതിവ് മറ്റൊരു രൂപത്തിൽ തുടരണമെന്ന ഉദ്ദേശത്തോടെ, ആശുപത്രിയിലെ ബ്ലഡ് ബാങ്കിന് രക്തസമ്മർദ പരിശോധന ഉപകരണം സമ്മാനിച്ചു. ഇതോടൊപ്പം, ആശുപത്രിയിലെ കുടുംബശ്രീ വളണ്ടിയർമാർക്കും ഹോസ്പിറ്റൽ ബോയ് സുന്ദരനും പുതു വസ്ത്രങ്ങൾ സമ്മാനിച്ചുകൊണ്ട് ഡോക്ടർ തന്റെ ജന്മദിനം ആഘോഷിച്ചു.
ആശുപത്രിയിലെ എ.ആർ.ടി. സെന്ററിലെ സഹപ്രവർത്തകർ അദ്ദേഹത്തിനായി കേക്ക് മുറിച്ചുകൊണ്ട് ആശംസകൾ അറിയിച്ചു. തന്റെ ജീവിതത്തിലെ പ്രധാന ദിവസമായ ജന്മദിനം മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്തുന്ന രീതിയിൽ ആഘോഷിക്കുന്ന ഡോക്ടറുടെ പ്രവൃത്തിക്ക് നിരവധി പേരാണ് കയ്യടിക്കുന്നത്.
#Birthday #Charity #BloodDonation #Healthcare #CommunityService #DrJanardhanNayak