Allegation | പി അനൂബ് തന്നെയും കള്ളക്കേസിൽ കുടുക്കിയെന്ന് കാസർകോട് ജില്ലാ പഞ്ചായത് അംഗം; മുമ്പ് കൈകാര്യം ചെയ്‌ത കേസുകളെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യം
● ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി
● പി അനൂബിനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യം
● ഓടോറിക്ഷ ഡ്രൈവറുടെ ഫേസ്ബുക് വീഡിയോ മരണമൊഴിയാക്കണമെന്ന് ആവശ്യം
കാസർകോട്: (KasargodVartha) ഓടോറിക്ഷ ഡ്രൈവറുടെ മരണത്തിൽ കുറ്റാരോപിതനായ എസ്ഐ പി അനൂബ് തന്നെ കള്ള കേസിൽ കുടുക്കിയെന്ന് ആരോപിച്ച് ജില്ലാ പഞ്ചായത് അംഗവും മുസ്ലീം ലീഗ് നേതാവുമായ ഗോൾഡൻ റഹ്‌മാൻ രംഗത്ത് വന്നു. ഉദ്യോഗസ്ഥൻ എടുത്ത എല്ലാ കേസിനെ കുറിച്ചും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതിയും നൽകി.
പൊലീസ് സേനക്ക് തന്നെ അപമാനമായ ക്രൂര മനസിന് ഉടമയായ പി അനൂബിനെ സർവീസിൽ നിന്ന് തന്നെ പിരിച്ചുവിടണമെന്നും ഗോൾഡൻ റഹ്‌മാൻ കാസർകോട് വാർത്തയോട് പ്രതികരിച്ചു. നിരപരാധിയായ അബ്ദുൽ സത്താറിന്റെ ജീവിതോപാതിയായ ഓടോറിക്ഷ അന്യായമായി ദിവസങ്ങളോളം കസ്റ്റഡിയിലെടുത്ത് അന്നംമുട്ടിക്കുകയും, ഗുരുതര സ്വഭാവമില്ലാത്ത പ്രശ്നങ്ങൾക്ക് വ്യക്തികൾക്കെതിരെ ആക്രമണ സ്വഭാവവും കള്ളക്കേസുകൾ കൊണ്ട് നേരിടുകയും ചെയ്യുന്ന ഇത്തരം പൊലീസ് ക്രിമിനലുകൾ പൊലീസ് വകുപ്പിന് തന്നെ അപമാനകരമാണ്.
സസ്പെൻഷൻ നൽകി മാറ്റിനിർത്തലല്ല ഇതിനുള്ള പ്രതിവിധി. ജോലിയിൽ നിന്ന് പിരിച്ചുവിടുക തന്നെ വേണം. മരണത്തിന് മുമ്പ് അബ്ദുൽ സത്താർ ഫേസ്ബുകിലൂടെ പ്രചരിപ്പിച്ച വീഡിയോ പ്രതിസ്ഥാനത്തുള്ള എസ്ഐ അനൂബിനെതിരെയുള്ള മരണ മൊഴിയായി സ്വീകരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണം എന്നും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ ഉദ്യോഗസ്ഥൻ ജില്ലയിൽ ചുമതലയിൽ ഉണ്ടായിരുന്ന പൊലീസ് സ്റ്റേഷനുകളിലെ പരാതികൾ ഉയർന്ന മുഴുവൻ സംഭവങ്ങളിലും, കേസുകളിലും പുനരന്വേഷണം നടത്തത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തനിക്കെതിരെയും ഇതേ എസ്ഐ കള്ള കേസ് എടുത്തിട്ടുണ്ട്. ഉപ്പളയിൽ അന്യായമായി ഒരാളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുന്നത് കണ്ട് അന്വേഷിച്ചതിൻ്റെ പേരിൽ പൊലീസിനെ അക്രമിച്ചു, ഔദ്യേഗിക കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ജനപ്രതിനിധിയായ തൻ്റെ പേരിൽ കള്ള കേസ് രജിസ്റ്റർ ചെയ്തതെന്നും ഗോൾഡൻ റഹ്‌മാൻ പറയുന്നു. മരിച്ച ഓടോറിക്ഷ ഡ്രൈവറുടെ വീട്ടിലെത്തി ബന്ധുക്കളുമായും അദ്ദേഹം സംസാരിച്ചു.
#KeralaPolice #Corruption #JusticeForVictim #FalseCase #GoldenRahman