Tribute | സീതാറാം യെച്ചൂരി: കാസർകോട്ടെ ജനങ്ങൾക്കൊപ്പം എന്നും ചേർന്നുനിന്ന നേതാവ്; ഒടുവിൽ എത്തിയത് ചെർക്കളയിലെ പരിപാടിക്ക്
● സെമിനാറുകളിലും അദ്ദേഹം മുഖ്യ പ്രഭാഷകനായി.
കാസർകോട്: (KasargodVartha) ജില്ലയിലെ ജനങ്ങൾക്കൊപ്പം എന്നും ചേർന്ന് നിന്ന നേതാവാണ് വ്യാഴാഴ്ച അന്തരിച്ച സിപിഎം ജെനറൽ സെക്രടറി സീതാറാം യെച്ചൂരി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിരവധി തവണ പ്രസംഗിക്കാനെത്തിയിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സമയത്തും അല്ലാതെയും കാസർകോട്ട് യെച്ചൂരിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. റാലികളിൽ മുഖ്യ പ്രാസംഗികനായിരുന്നു. സെമിനാറുകളിലും അദ്ദേഹം മുഖ്യ പ്രഭാഷകനായി.
കഴിഞ്ഞ ഡിസംബർ 28ന് ചെർക്കളയിലാണ് അദ്ദേഹം ജില്ലയിൽ അവസാനമായി എത്തിയത്.
ഫലസ്തീൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടന്ന റാലിയിൽ ആയിരക്കണക്കിന് പേരെ അദ്ദേഹം അഭിസംബോധന ചെയ്തു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത്, കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ പഴയങ്ങാടിയിലെ ഒരു പ്രചാരണ സമ്മേളനത്തിലും അദ്ദേഹം പ്രസംഗിച്ചിരുന്നു. ഫലസ്‌തീനിൽ ഇപ്പോൾ നടക്കുന്ന അധിനിവേശത്തിന് സമാനമായി ഇൻഡ്യയിലും നാളെ സംഭവിച്ചുകൂടായ്‌കയില്ലെന്ന് ഡിസംബർ 28ന് ചെർക്കളയിലെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
എല്ലാ ബിജെപി വിരുദ്ധ പാർടികൾക്കും സ്വീകാര്യനായ നേതാവായിരുന്നു സീതാറാം യെച്ചൂരി. ദേശീയ രാഷ്ട്രീയത്തിൽ അത്തരമൊരു റോൾ വഹിക്കാൻ കഴിയുന്ന മറ്റൊരു നേതാവിനെ സിപിഎമ്മിൽ കണ്ടെത്താൻ പ്രയാസമാണെന്ന് പാർടിയിലെ പല നേതാക്കളും സമ്മതിക്കുന്നു. സീതാറാമിന്റെ വിയോഗം മതേതര രാഷ്ട്രീയ കക്ഷികൾക്ക് വലിയ നഷ്ടമാണെന്ന് ഇൻഡ്യ മുന്നണിയിലെ കക്ഷികളും അഭിപ്രായപ്പെടുന്നു.
തെലുങ്ക് സീതാറാം യെച്ചൂരിയുടെ മാതൃഭാഷയായിരുന്നെങ്കിലും, ഭാഷകളുടെ അറിവില്‍ അദ്ദേഹം ഒരു പ്രതിഭയായിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, മലയാളം എന്നിവയിൽ അദ്ദേഹത്തിന് പ്രാവീണ്യം ഉണ്ടായിരുന്നു. കാസർകോട് ജില്ലയിലെ പാർടിയുമായും നേതാക്കളുമായും അടുത്ത ഹൃദയബന്ധം പുലർത്താൻ സീതാറാം യച്ചൂരി പ്രത്യേകം ശ്രദ്ധിച്ചുവെന്ന് സിപിഎം ജില്ലാസെക്രടറി എം വി ബാലകൃഷ്‌ണൻ പറയുന്നു. ജെനറൽ സെക്രടറി ആയതിന് മുമ്പും ശേഷവും നിരവധി തവണ ജില്ലയിലെ പരിപാടിക്ക് അദ്ദേഹം വന്നു. പരിപാടിക്കായി ക്ഷണിച്ചാൽ, എല്ലാ തിരക്കുകളും മാറ്റിവച്ച് ജില്ലയിലെത്താൻ അദ്ദേഹം പ്രത്യേകം താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീതാറാം യെച്ചുരിയുടെ വിയോഗം മതേതരത്വ ജനാധിപത്യ വിശ്വാസികൾക്ക് തീരാ നഷ്ടമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അനുശോചന കുറുപ്പിൽ അറിയിച്ചു. രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിച്ച് പോരാടിയ ദേശസ്നേഹിയായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. രാജ്യത്തെ വീണ്ടെടുക്കാൻ രാഹുൽ ഗാന്ധിക്കൊപ്പം നടത്തിയ പോരാട്ടം എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീതാറാം യച്ചൂരിയെ അനുസ്‌മരിക്കാൻ ശനിയാഴ്‌ച സിപിഎമ്മിന്റെ നേതൃത്വത്തിൽ ലോകൽ കേന്ദ്രങ്ങളിൽ അനുസ്‌മരണ യോഗങ്ങൾ ചേരും. എസ്എഫ്‌ഐ അംഗം മുതൽ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡൻറ് വരെയും, പിന്നീട് സിപിഎം അഖിലേന്ത്യാ ജെനറൽ സെക്രടറിയുമായും ഉയർന്ന യെച്ചൂരിയുടെ സ്മരണകൾ കാസർകോട്ടും നിലനിൽക്കുമെന്നതിൽ സംശയമില്ല.
#SitaramYechury, #CPM, #Kasaragod, #SecularPolitics, #IndianPolitics, #Obituary