Agriculture | പുതിയ തെങ്ങും കൊക്കോയും വികസിപ്പിച്ച് കാസർകോട്ടെ സിപിസിആർഐ; 4 ഇനങ്ങൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപിക്കും; കൂടുതൽ വിളവും ഗുണനിലവാരവും പ്രത്യേകത
കൂടുതൽ വിളവ്, രോഗപ്രതിരോധം, ഗുണനിലവാരം എന്നിവയാണ് പുതിയ ഇനങ്ങളുടെ പ്രത്യേകതകൾ.
കാസർകോട്: (KasargodVartha) കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) വികസിപ്പിച്ചെടുത്ത രണ്ടു തെങ്ങ് ഇനങ്ങളും രണ്ടു കൊക്കോ ഇനങ്ങളും പുറത്തിറക്കുന്നു. കൽപ സുവർണ, കൽപ ശതാബ്ദി എന്നീ തെങ്ങിൻ തൈ ഇനങ്ങളും വിടിഎൽ സിഎച്ച്1, വിടിഎൽ സിഎച്ച്2 എന്നീ കൊക്കോ തൈ ഇനങ്ങളുമാണ് പുതിയതായി പുറത്തിറക്കുന്നത്. ഇവ ഉൾപ്പെടെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ICAR) കീഴിൽ വികസിപ്പിച്ചെടുത്ത 109 പുതിയ വിളകൾ ഓഗസ്റ്റ് 11 ന് ന്യൂഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിന് സമർപ്പിക്കുന്നത്.
കൽപ സുവർണ
കൽപ സുവർണ എന്ന പേരിൽ അറിയപ്പെടുന്ന ഈ തെങ്ങിൻ ഇനം കുള്ളൻ തരത്തിൽപ്പെടുന്ന ഒന്നാണ്. ധാരാളം തേങ്ങ ഉത്പാദിപ്പിക്കുന്ന ഇനമാണിത്. മധുരമുള്ള ഇളനീരും നല്ല നിലവാരമുള്ള കൊപ്രയും പ്രത്യേകതയാണ്. നല്ല പരിചരണം നൽകിയാൽ ഒരു തെങ്ങിൽ നിന്ന് വർഷം 108 മുതൽ 130 വരെ തേങ്ങ ലഭിക്കും. കേരളത്തിലും കർണാടകയിലും ഈ തെങ്ങ് കൃഷി ചെയ്യാൻ അനുയോജ്യമാണ്.
കൽപ ശതാബ്ദി
കൽപ്പ ശതാബ്ദി എന്നത് ഉയരം കൂടിയ ഒരു തെങ്ങിൻ ഇനമാണ്. വലിയ കായ്കളുള്ള ഈ ഇനം ഇളനീർ, ഗുണനിലവാരമുള്ള കൊപ്ര ഉത്പാദനത്തിന് അനുയോജ്യം. പച്ച കലർന്ന മഞ്ഞ നിറത്തിലുള്ള തേങ്ങയിൽ 612 മില്ലി ലിറ്റർ വെള്ളം ലഭിക്കും. തേങ്ങാപ്പാൽ അളവ് 273 ഗ്രാം. വർഷം ഒരു തെങ്ങിൽ നിന്ന് 105 മുതൽ 148 വരെ തേങ്ങ ലഭിക്കും. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ കൃഷി ചെയ്യാം.
വിടിഎൽ സിഎച്ച്1
വിടിഎൽ സിഎച്ച്1 എന്ന പേരിൽ അറിയപ്പെടുന്ന ഈ കൊക്കോ ഇനം വേഗത്തിൽ കായ്ക്കുന്ന തരത്തിലുള്ളതാണ്. ഇടത്തരം ചെടിയായ ഇത് കവുങ്ങിനും തെങ്ങിനും ഇടയിൽ നന്നായി വളരും. ഒരു വർഷം ഒരു ചെടിയിൽ നിന്ന് 1.5 മുതൽ 2.5 കിലോഗ്രാം വരെ കൊക്കോ ലഭിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഇവയ്ക്ക് ഒരു ഗ്രാം മുതൽ 1.1 ഗ്രാം വരെ തൂക്കമുണ്ടാവും.
ചോക്കലേറ്റ് നിർമ്മാണത്തിന് അനുയോജ്യമായ ഇതിൽ 13 ശതമാനം തൊലിയും 87 ശതമാനം വിളയും 50 ശതമാനം കൊഴുപ്പും ഒരു ശതമാനം ഫ്രീ ഫാറ്റി ആസിഡും ഇരുമ്പ്, സിങ്ക് എന്നീ ധാതുക്കളും അടങ്ങിയിരിക്കുന്നു. രോഗത്തെയും വണ്ടിനെയും പ്രതിരോധിക്കുന്ന ഈ ഇനത്തിന് വെള്ളം കുറഞ്ഞ സാഹചര്യങ്ങളെയും താങ്ങാനാകും. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യാൻ അനുയോജ്യമാണ്.
വിടിഎൽ സിഎച്ച്2
വിടിഎൽ സിഎച്ച്2 എന്ന പേരിൽ അറിയപ്പെടുന്ന ഈ കൊക്കോ ഇനം വേഗത്തിൽ കായ്ക്കുന്ന തരത്തിലുള്ളതാണ്. അടക്കയും തെങ്ങും തണലിൽ നന്നായി വളരുന്ന ഇത് രോഗത്തെ പ്രതിരോധിക്കുന്നതിൽ മികച്ചതാണ്. ഒരു വർഷം ഒരു ചെടിയിൽ നിന്ന് 1.5 മുതൽ 2.5 കിലോഗ്രാം വരെ കൊക്കോ ലഭിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഇവയ്ക്ക് ഒരു ഗ്രാം മുതൽ 1.2 ഗ്രാം വരെ തൂക്കമുണ്ടാവും.
ചോക്കലേറ്റ് നിർമ്മാണത്തിന് അനുയോജ്യമായ ഇതിൽ 13 ശതമാനം തൊലിയും 87 ശതമാനം വിളയും 50 ശതമാനം കൊഴുപ്പും ഒരു ശതമാനം ഫ്രീ ഫാറ്റി ആസിഡും ഇരുമ്പ്, സിങ്ക് എന്നീ ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇടതൂർന്ന നടീലിന് അനുയോജ്യമായ ഈ ഇനത്തിന് വണ്ടിനെയും വെള്ളം കുറഞ്ഞ സാഹചര്യങ്ങളെയും താങ്ങാനാകും. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യാൻ അനുയോജ്യമാണ്.