Controversy | കാസർകോട് മല്ലികാർജുന ക്ഷേത്രത്തിലെ പുതിയ ട്രസ്റ്റിബോർഡിനെ ചൊല്ലി വിവാദം; നിയമിച്ചത് കോൺഗ്രസ് നേതാക്കളെയും ആർഎസ്എസ് അനുഭാവിയെയും; സിപിഎമിൽ നിന്ന് ഒരു അപേക്ഷ പോലും ഉണ്ടായില്ല
ട്രസ്റ്റിബോഡിലേക്ക് അപേക്ഷ ക്ഷണിച്ച വിവരം സിപിഎം പ്രവർത്തകരേയോ അനുഭാവികളെയോ നേതൃത്വത്തിലെ ചിലർ അറിയിക്കാതെ രഹസ്യമാക്കി വെച്ചതായി സിപിഎം കേന്ദ്രങ്ങൾ അരോപിക്കുന്നുണ്ട്.
കാസർകോട്: (KasaragodVartha) പ്രമുഖ തീർഥാടന കേന്ദ്രമായ കാസർകോട്ടെ മല്ലികാർജുന ക്ഷേത്രത്തിൽ, ട്രസ്റ്റിബോർഡ് നിയമനത്തിനു പിന്നാലെ വിവാദം. നാല് കോൺഗ്രസ് നേതാക്കളെയും ഒരു ആർ എസ് എസ് അനുഭാവിയെയുമാണ് ട്രസ്റ്റിയായി നിയമിച്ചിരിക്കുന്നത്. സിപിഎമിൽ നിന്ന് ഒരു അപേക്ഷ പോലും ഉണ്ടാകാത്തതും ചർച്ചയായി.
മൂന്നു മാസം മുമ്പ് മാർച് അഞ്ചിനാണ് ട്രസ്റ്റിമാരെ നിയമിച്ചു കൊണ്ടുള്ള നിയമനം ഇറങ്ങിയതെങ്കിലും ഇപ്പോഴാണ്, വിവാദം കത്തിത്തുടങ്ങിയത്. കഴിഞ്ഞ ബുധനാഴ്ച പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മല്ലികാർജുന ക്ഷേത്ര പരിസരത്ത് വൃക്ഷതൈ നടുന്നതിൻ്റെ ചിത്രം കോൺഗ്രസ് നേതാവ് അർജുനൻ തായലങ്ങാടി ഫേസ്‌ബുകിൽ പോസ്റ്റു ചെയ്തതിനു പിന്നാലെയാണ് വിവാദമുണ്ടായത്.
ട്രസ്റ്റി ബോർഡ് ചെയർമാനും യുഡിഎഫ് ജില്ലാ കൺവീനറുമായ അഡ്വ. എ ഗോവിന്ദൻ നായറാണ് വൃക്ഷതൈ നട്ടത്. ഇദ്ദേഹത്തിനു പുറമേ ട്രസ്റ്റി ബോർഡിലേക്ക് നിയമിക്കപ്പെട്ടത്, കോൺഗ്രസ് നേതാവ് അർജുനൻ തായലങ്ങാടിയുടെ ഭാര്യയും മുൻ ദേവസ്വം ബോർഡ് സൂപ്രണ്ടുമായിരുന്ന എസ് ഉഷ, മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട് ഉമേഷ് അണങ്കൂർ, കോൺഗ്രസ് പ്രവർത്തകനായ നെൽക്കളയിലെ എ സി മനോജ്, ആർ എസ് എസ് അനുഭാവിയായ ശ്യാമപ്രസാദ് എന്നിവരാണ്.
സിപിഎം നേതാവും കാസർകോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും ആയിരുന്ന എസ് ജെ പ്രസാദ് ഉൾപ്പെടെയുള്ളവരെയായിരുന്നു മല്ലികാർജുന ക്ഷേത്രത്തിൻ്റെ ട്രസ്റ്റി ബോർഡിലേക്ക് നേരത്തേ നിയമിച്ചിരുന്നത്. ഇവരുടെ കാലാവധി കഴിഞ്ഞ ശേഷമാണ് പുതിയ അപേക്ഷ ക്ഷണിച്ചത്. പത്തു പേരാണ് ട്രസ്റ്റിമാരാകാൻ അപേക്ഷ നൽകിയത്. ഇതിൽ അഞ്ചു പേർ കോൺഗ്രസുകാരും ബാക്കി അഞ്ചു പേർ ആർ എസ് എസ്, ബിജെപി അനുഭാവികളുമായിരുന്നു.
ട്രസ്റ്റിബോഡിലേക്ക് അപേക്ഷ ക്ഷണിച്ച വിവരം സിപിഎം പ്രവർത്തകരേയോ, അനുഭാവികളെയോ നേതൃത്വത്തിലെ ചിലർ അറിയിക്കാതെ രഹസ്യമാക്കി വെച്ചതായി സിപിഎം കേന്ദ്രങ്ങൾ അരോപിക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കളെയും ആർ എസ് എസ് അനുഭാവിയെയും തങ്ങളുടെ ഭരണത്തിൽ ക്ഷേത്ര ട്രസ്റ്റിമാരായി നിയമിച്ചത് ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. കോൺഗ്രസുകാരെ നിയമിക്കുന്നതിനു പകരം ആർ എസ് എസുകാരെയാണോ നിയമിക്കേണ്ടതെന്ന് വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു കോൺഗ്രസ് നേതാവ് പ്രതികരിച്ചു.
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകൻ്റെ വിവാഹത്തിൽ, കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ ഉദുമയിൽ തോൽപ്പിക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്ന് പെരിയയിലെ കോൺഗ്രസ് നേതാവായ ബാലകൃഷ്ണൻ ഫേസ്ബുക് പോസ്റ്റിലൂടെ അരോപിച്ചിരുന്നു. ഇപ്പോൾ, മല്ലികാർജുന ക്ഷേത്രത്തിൽ നടന്ന ട്രസ്റ്റിബോർഡ് നിയമനവും ബാലകൃഷ്ണൻ്റെ ആരോപണവും തമ്മിൽ ബന്ധമുണ്ടെന്ന രീതിയിലാണ് കോൺഗ്രസ് നേതൃത്വം പ്രചാരണം നടത്തുന്നത്. ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാര സ്മരണയായാണ് കോൺഗ്രസ് നേതാക്കളെ സിപിഎം ട്രസ്റ്റിമാരായി മിയമിച്ചതെന്ന രീതിയിലാണ് വ്യാഖ്യാനങ്ങൾ ഉയർന്നു വരുന്നത്.