Order | 'ആശുപത്രി ചിലവ് നൽകാൻ തയ്യാറായില്ല'; ആരോഗ്യ ഇൻഷുറൻസ് കംപനി പരാതിക്കാരന് ബിൽ തുകയടക്കം 99,403 രൂപ നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃ കോടതി ഉത്തരവ്
● ഉപഭോക്താവിന്റെ പരാതി പരിഗണിക്കാതെ തള്ളിയത് നിയമവിരുദ്ധമെന്ന് കോടതി
കാസര്‍കോട്: (KasargodVartha) ആരോഗ്യ ഇൻഷുറൻസ് കംപനി പരാതിക്കാരന് ആശുപത്രി ചിലവടക്കം 99,403 രൂപ നല്‍കാന്‍ കാസര്‍കോട് ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ബജാജ് അലയന്‍സ് കംപനിക്കെതിരെ കാഞ്ഞങ്ങാട് കാഞ്ഞിരപ്പൊയില്‍ തണ്ണീര്‍ പന്തല്‍ സ്വദേശി കളിക്കാല്‍ വീട്ടില്‍ ജോസഫ് ഡാനിയേല്‍ 2022ൽ നൽകിയ പരാതിയിലാണ് വിധിയുണ്ടായത്. ബജാജ് ഗ്രൂപില്‍പെടുന്ന നാല് കംപനികള്‍ക്കെതിരെയായിരുന്നു പരാതി.
ബജാജ് അലയൻസ് കംപനി തങ്ങളുടെ പോളിസിയിലുള്ള ആർക്കെങ്കിലും എന്തെങ്കിലും രോഗം ഉണ്ടെന്ന് കണ്ടെത്തുകയും 24 മണിക്കൂർ തുടർച്ചയായി ആശുപത്രിയിൽ കിടത്തുകയും ചെയ്താൽ രണ്ട് ലക്ഷം രൂപയും ആശുപത്രി ചിലവും നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടി. പോളിസി എടുത്ത ശേഷം ജോസഫ് ഡാനിയേല്‍ ക്രമാനുഗതമായി പുതുക്കി വരികയായിരുന്നു.
2021 ജൂലൈ 14ന് മകന് അസുഖമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ആശുപത്രി ചിലവ് 69,403 രൂപയായി. തുകയ്ക്കായി ഇൻഷുറൻസ് കംപനിയിൽ അപേക്ഷ നൽകിയെങ്കിലും പണം അനുവദിക്കാൻ കംപനി തയ്യാറായില്ല. മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രോഗം കണ്ടെത്താനും വിലയിരുത്താനുമായി മാത്രമാണെന്നും, അതിനാൽ ഇൻഷുറൻസ് തുക അനുവദിക്കാനാകില്ലെന്നുമായിരുന്നു കംപനിയുടെ വാദമെന്ന് ജോസഫ് ഡാനിയേല്‍ പരാതിയിൽ പറഞ്ഞു.
ഇതിനെതിരെയാണ് ജില്ലാ ഉപഭോക്തൃ കമീഷനെ സമീപിച്ചത്. പല ഇൻഷുറൻസ് കംപനികളും മെഡികല്‍ ഇൻഷുറൻസിന്റെ പേരില്‍ വന്‍ തുക വാങ്ങുകയും, ചികിത്സാ സമയത്ത് പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാകുകയുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ പരാതിക്കാരന്‍ കോടതിയെ സമീപിക്കാന്‍ മടിച്ച് തുടര്‍ നടപടികളിലേക്ക് പോകാത്തത് ഇത്തരം കംപനികള്‍ക്ക് തുണയാവുകയുമാണെന്നും എല്ലാ കോര്‍പറേറ്റ് കംപനികള്‍ക്കും അഭിഭാഷകരുള്ളതിനാല്‍ അവര്‍ ഈ അവസരങ്ങള്‍ മുതലാക്കുന്നതായും പരാതിക്കാരനായി ഹാജരായ അഡ്വ. ടി സി നാരായണന്‍ കോടതിയെ ബോധിപ്പിച്ചു.
വാദം കേട്ട കമീഷൻ, ഇൻഷുറൻസ് കംപനി ഉപഭോക്താവിന്റെ പരാതി പരിഗണിക്കാതെ തള്ളിയത് നിയമപ്രകാരമല്ലെന്നും, അതിനാൽ നഷ്ടപരിഹാരം നൽകണമെന്നും വ്യക്തമാക്കി. ഉപഭോക്താവിന് നഷ്ടപരിഹാരമായി 25,000 രൂപയും, നിയമ ചിലവായി 5,000 രൂപയും ആശുപത്രി ചിലവ് 69403 രൂപയുമാണ് അനുവദിച്ചത്. തുക 30 ദിവസത്തിനകം ഉപഭോക്താവിന് നൽകണമെന്നാണ് നിർദേശം.
ഇൻഷുറൻസ് കംപനികൾ തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കാത്ത സാഹചര്യങ്ങളിൽ ഉപഭോക്താക്കൾ നിശ്ശബ്ദരായിരിക്കരുതെന്ന് ജോസഫ് ഡാനിയേല്‍ കാസർകോട് വാർത്തയോട് പറഞ്ഞു. എന്റെ അനുഭവം മറ്റുള്ളവർക്ക് ഒരു പാഠമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇൻഷുറൻസ് കംപനികൾ പലപ്പോഴും ഉപഭോക്താക്കളുടെ അജ്ഞതയും നിസ്സഹായതയും മുതലാക്കാറുണ്ട്. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന എല്ലാവരും തങ്ങളുടെ അവകാശങ്ങൾക്കായി പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#healthinsurance #consumercourt #insurancefraud #bajajallianz #hospitalbill #kasaragod #kerala #india #law