Wild Animals | കാട്ടാനകളുടെയും പന്നികളുടെയും ആക്രമണം ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുന്നു; നാട്ടുകാര്‍ കാനത്തൂരില്‍ നിര്‍മിച്ച സോളാര്‍ വേലി തകര്‍ത്തു
* 'വനം വകുപ്പിന്റെ പദ്ധതികള്‍ വിജയത്തിലേക്ക്'
കാസര്‍കോട്: (KasaragodVartha) കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ആക്രമണം ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുന്നു. നാട്ടുകാര്‍ കാനത്തൂരില്‍ നിര്‍മിച്ച സോളാര്‍ വേലി രണ്ട് കാട്ടാനകള്‍ ചേര്‍ന്ന് തകര്‍ത്തു. വനം വകുപ്പ് നിര്‍മിച്ച സോളാര്‍ തൂക്കുവേലി നശിപ്പിച്ച് രണ്ട് ആനകള്‍ അകത്തുകടന്നിട്ടുണ്ടെന്നും ഇവയാണ് അക്രമണം നടത്തുന്നതെന്നും കാസര്‍കോട് ഡിഎഫ്ഒ കെ അശ്റഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കാറഡുക്ക ആനപ്രതിരോധപദ്ധതിയെന്ന പേരില്‍ ദേലമ്പാടി പഞ്ചായതില്‍ ജനവാസ മേഖലയില്‍ 21 കിലോമീറ്റര്‍ സോളാര്‍ തൂക്കുവേലി നിര്‍മിച്ചിട്ടുണ്ട്. സോളാര്‍ വൈദ്യുതിയുടെ ചാര്‍ജ് കുറയുന്ന സന്ദര്‍ഭത്തില്‍ ഒന്നോ രണ്ടോ ആനകളാണ് ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നത്. നേരത്തെ 20 ഓളം ആനകളാണ് ഉണ്ടായിരുന്നത്. ഇവയെ വനം വകുപ്പ് പുലിപ്പറമ്പ് വഴി കര്‍ണാടക വനത്തിലേക്ക് കയറ്റിയിരുന്നു. ഇവയില്‍ നിന്ന് രണ്ടാനകളാണ് വേലി തകര്‍ത്ത് എത്തിയത്.
ഇപ്പോള്‍ ഇറങ്ങിയിട്ടുള്ള ആനകളെ നെയ്യങ്കയം വഴി പുലിപ്പറമ്പിലേക്ക് കടത്തിവിടാന്‍ നോക്കുന്നുണ്ടെന്നും ഇവ കൂടി കാട്ടിലേക്ക് കടന്നാല്‍ ആനഭീഷണി ഒഴിയുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. നേരത്തെ കുങ്കി ആനകളെ കൊണ്ടുവന്നാണ് ആനകളെയെല്ലാം കാട്ടിലേക്ക് കയറ്റി വിട്ടത്.
പനത്തടി, ബളാല്‍, ഈസ്റ്റ് എളേരി മേഖലകളില്‍ 31 കിലോമീറ്റര്‍ സോളാര്‍ തൂക്കുവേലി നിര്‍മിക്കുന്നതിനായി ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 2.5 കോടി രൂപയാണ് സോളാര്‍ വേലി നിര്‍മിക്കാന്‍ കരാറായിരിക്കുന്നത്. ഈ വേലി കൂടി നിര്‍മിക്കുന്നതോടെ ജില്ലയുടെ ആനപ്പേടി ഒഴിവാകുമെന്നും ഡിഎഫ്ഒ പറഞ്ഞു. കാട്ടുപന്നികളുടെ അക്രമം തടയാന്‍ ലൈസന്‍സുള്ള കര്‍ഷകര്‍ക്ക് പന്നികളെ വെടിവെച്ചുകൊല്ലാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഈ ഉത്തരവിന്റെ കാലാവധി അടുത്ത വര്‍ഷം വരെയുണ്ടെന്നും പഞ്ചായതുകള്‍ക്കാണ് ഇതിന് അധികാരം നല്‍കിയിട്ടുള്ളതെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
കാട്ടുപോത്തുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വന്യജീവികളുടെ അക്രമം ജില്ലയില്‍ കാര്യമായി റിപോർട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഡിഎഫ്ഒ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. മഴക്കാലമാകുന്നതോടെ വന്യ മൃഗങ്ങളുടെ അക്രമം കൂട്ടാന്‍ സാധ്യതയുണ്ടെന്നും വനാതിര്‍ത്തിയില്‍ ഉള്ളവര്‍ ജാഗ്രതപാലിക്കണമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. 2016 ല്‍ അഡൂര്‍ വനമേഖലകളില്‍ കാട്ടാനശല്യം തടയുന്നതിനായി ആന പ്രതിരോധമതില്‍ കെട്ടിയിരുന്നു. ഒരു കിലോ മീറ്റർ ദൂരത്തിലാണ് 2.20 മീറ്റര്‍ ഉയരത്തില്‍ കരിങ്കല്ല് കൊണ്ട് പ്രതിരോധ മതില്‍ നിര്‍മിച്ചത്. 1.25 കോടി രൂപ ചിലവിലായിരുന്നു മതില്‍ നിര്‍മാണം.
കഴിഞ്ഞ ദിവസം വേനല്‍മഴയ്ക്ക് പിന്നാലെ കാട്ടാനകള്‍ കാനത്തൂര്‍ മൂടയംവീട്ടില്‍ ജനകീയ കൂട്ടായ്മയില്‍ നിര്‍മിച്ച സോളാര്‍ വേലി തകര്‍ത്ത് വന്‍ തോതില്‍ കൃഷി നശിപ്പിക്കുകയുണ്ടായി. മുടയംവീട്ടിലെ വി മാധവന്റെ കുലച്ച തെങ്ങ്, ആറ് കവുങ്ങ്, ഒട്ടേറെ വാഴകള്‍, രാധാകൃഷ്ണന്റെ തോട്ടത്തിലെ കവുങ്ങ്, കെ വി അമ്മാളുവിന്റെ തോട്ടത്തിലെ വാഴകള്‍ എന്നിവ നശിപ്പിച്ചിരുന്നു.
ഇതിനുമുമ്പും ആനകള്‍ വീടിനടുത്തുവരെ എത്തിയിരുന്നു. ഇതോടെയാണ് ആറുമാസം മുന്‍പു ഇവിടെ നാട്ടുകാര്‍ പണം സ്വരൂപിച്ച് ഒമ്പത് ലക്ഷം രൂപ ചിലവില്‍ സോളാര്‍ വേലി നിര്‍മിച്ചിരുന്നത്. അതിനു ശേഷം ആനശല്യം ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് വീണ്ടും ആനകളെത്തിയത്. ഈ ആനകളെയാണ് വനം വകുപ്പ് നെയ്യങ്കയം വഴി പുലിപ്പറമ്പിലേക്ക് കടത്താന്‍ ശ്രമിക്കുന്നത്.