Violence | ചെങ്കള ആശുപത്രിക്ക് മുന്നിൽ ഇരുവിഭാഗം തമ്മിൽ ഏറ്റു മുട്ടി; പൊലീസ് ലാത്തിവീശി, നിരവധി പേർക്ക് പരിക്ക്; 15 ഓളം പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
കാസർകോട്: (KasargodVartha) ചെങ്കള ഇ കെ നായനാർ സഹകരണ ആശുപത്രിക്ക് മുന്നിൽ ഇരുവിഭാഗം തമ്മിൽ ഏറ്റു മുട്ടി. സംഘട്ടനത്തിൽ ഏർപ്പെട്ടവരെ പിരിച്ചു വിടാൻ പൊലീസ് ലാത്തി വീശി. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
സംഭവത്തിൽ 15 ഓളം പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. പരുക്കേറ്റ് നായനാർ ആശുപത്രിയിൽ കഴിയുന്ന നാലു പേരുടെ ഇൻ്റിമേഷൻ എത്തിയിട്ടുണ്ടെന്ന് വിദ്യാനഗർ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഘട്ടനം. ആശുപത്രിക്ക് സമീപം ഇരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രദേശവാസികളായ യുവാക്കളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതെന്നാണ് പറയുന്നത്. വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കുതിച്ചെത്തിയ വിദ്യാനഗർ പൊലീസ് ലാത്തി വീശിയാണ് സംഘട്ടനത്തിൽ ഏർപ്പെട്ടവരെ പിരിച്ചുവിട്ടത്.
സ്ഥലത്തെത്തിയ വിദ്യാനഗർ എസ് ഐ യുടെ പരാതിയിലാണ് 15 ഓളം പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത്. ഇപ്പോൾ സ്ഥിതിഗതി ശാന്തമാണെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.