Aging & Caring | വാർധക്യം നേരിടുന്ന ആരോഗ്യ വെല്ലുവിളികൾ; നമുക്ക് എന്ത് ചെയ്യാനാവും?
* അവരുടെയൊപ്പം കുറച്ചു സമയം ചിലവഴിക്കാം
* അവർക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്‌ത് കൊടുക്കാം
കൊച്ചി: (KasaragodVartha) ഭൂമിയിൽ ജനിച്ചു വീണു ജീവിക്കുന്ന എല്ലാവരും ഒരിക്കൽ നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് വാർധക്യം. ചോരത്തിളപ്പിന്റെ യൗവനം തൊലികൾ, ചുക്കി ചുളിഞ്ഞ, പല്ലുകൾ കൊഴിഞ്ഞു പോയ, മുടികൾ നരച്ചു പോയ വർധക്യത്തിലേക്ക് എത്തുമ്പോൾ ദുർബലമായി പോവുന്നു. വയസായവർക്ക് കുട്ടികളുടെ സ്വഭാവമാണ് ഉണ്ടാവുന്നത്. മുടി നരച്ച പ്രായം ചെന്ന ആളുകൾക്ക് സമൂഹത്തിലും വീട്ടിലും സ്ഥാനം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അവരുടെ വാക്കുകൾക്കും അഭിപ്രായങ്ങൾക്കും മൂല്യം ഉണ്ടായിരുന്ന കാലം കഴിഞ്ഞു പോയി.
വയസായവർക്ക് ഇന്ന് സ്വന്തം വീടുകളിൽ പോലും ഒരു വിലയും ഇല്ലാത്ത അവസ്ഥയാണ്. അവരുടെ വാക്കുകൾക്ക് കാതോർക്കാൻ ആരുമില്ല. അവരെ ശുശ്രൂഷിക്കാൻ, പരിഗണനയും സ്നേഹവും നൽകാൻ മക്കൾക്ക് പോലും സമയവും സൗകര്യവും ഇല്ലാതെ പോയി. പലരും വൃദ്ധസദനങ്ങളിലെ അന്തേവാസികളായി. അവരുടെ നോട്ടങ്ങളിൽ സ്നേഹത്തിന്റെ യാചന കാണാം. ജീവിതം മടുത്തുവെന്ന് തന്നെയാണ് പലരും പറയുന്നത്. ശാരീരിക പ്രശ്നങ്ങൾക്കൊപ്പം മാനസിക സങ്കീർണതകളും അവരെ കൂടുതൽ തളർത്തുന്നു. ഒരായുസ് മുഴുവനും മക്കൾക്കോ കുടുംബത്തിനോ വേണ്ടി ജീവിച്ചവരാണ് പലരും. ആരോഗ്യം കുറഞ്ഞപ്പോൾ അവർ ആർക്ക് വേണ്ടിയാണോ ജീവിച്ചത് അവർക്ക് തന്നെ ബാധ്യതകൾ ആവുന്നു.
നമ്മുടെ വീടുകളിൽ ഉണ്ടാവാം പ്രായം ചെന്ന മാതാപിതാക്കള്‍, അല്ലെങ്കിൽ അവരുടെ മാതാപിതാക്കൾ. അവഗണിക്കല്ലേ ഒരു നോട്ടം കൊണ്ട് പോലും. അവരുടെ ഉള്ളറകൾ നോവുന്നുണ്ട്. അവരുടെയൊപ്പം കുറച്ചു സമയം ചിലവഴിക്കാം. മൊബൈൽ ഫോൺ മാറ്റിവെക്കാം. അവർക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്‌ത് കൊടുക്കാം. അരികിൽ ഇരിക്കാം, തലോടാം, കൈ പിടിച്ചിരിക്കാം, പാട്ടുകൾ കേൾപ്പിക്കാം. അവർ പറയുന്ന പഴയ കഥകൾ കേട്ടിരിക്കുക. ചെറിയ കുട്ടികളെ അവരുമായി ഇടപെടാൻ അനുവദിക്കുക. യാത്ര ചെയ്യാനുള്ള ആരോഗ്യം ആണെങ്കിൽ ഇടയ്ക്കൊക്കെ യാത്ര കൊണ്ട് പോവാം. ബീച്ചിലെ കാഴ്ചകൾ കാണിക്കാം.
അവർക്കിഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങിച്ചും നൽകാവുന്നതാണ്. നല്ല പോഷക ആഹാരങ്ങൾ നൽകാൻ ശ്രദ്ധിക്കുക. ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ആരോഗ്യകരമാണെങ്കിൽ ഉണ്ടാക്കി കൊടുക്കാം. നല്ല വൃത്തി ശീലമാക്കുക. അലക്കിയ വസ്ത്രങ്ങളും ദിവസവും ഉള്ള കുളിയും ഒഴിവാക്കാതിരിക്കുക. നല്ല പഴങ്ങളും പച്ചക്കറികളും ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുക. അവരുടെ അഭിപ്രായങ്ങളെ മാനിക്കുക. നാളെ നമുക്കും ഈ വർധക്യമെന്ന പ്രതിസന്ധി നേരിടാനുള്ളതാണ്. നമ്മള്‍ നമ്മുടെ മാതാപിതാക്കളെ സംരക്ഷിക്കുന്നതും പരിപാലിക്കുന്നതും കണ്ടു വേണം പുതിയ തലമുറ വളരാൻ. നല്ല സ്നേഹവും പരിഗണനയും പരിപാലനവും കാത്തു നമ്മുടെ വീടുകളിൽ അച്ഛനോ അമ്മയോ മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടാവാം. തിരക്കുകളുടെ കൂട്ടത്തിൽ അല്പം സമയം അവർക്ക് വേണ്ടി മാറ്റി വെക്കാവുന്നതാണ്.
വാർധക്യം ജീവിതത്തിന്റെ ഒരു സ്വാഭാവിക ഘട്ടമാണെങ്കിലും, അത് നിരവധി വെല്ലുവിളികളും കൊണ്ടുവരുന്നു. ശാരീരികവും, മാനസികവും, സാമൂഹികവുമായ വെല്ലുവിളികളാണ് വാർദ്ധക്യത്തിൽ സാധാരണയായി നേരിടേണ്ടി വരുന്നത്. ഈ വെല്ലുവിളികളെ നേരിടാൻ വാർധക്യത്തിൽ ഉള്ളവരെ സഹായിക്കാൻ സമൂഹം, കുടുംബം, സുഹൃത്തുക്കൾ എന്നിവർക്ക് പങ്കുവഹിക്കാൻ സാധിക്കും.