Initiative | മാലിന്യം തള്ളുന്നവരെ പിടികൂടാൻ ചെമ്മനാട് പഞ്ചായത്തിൽ കണ്ണുനട്ട് കാമറകൾ; സിസിടിവി സംവിധാനം ഉദ്ഘാടനം ചെയ്തു
● 'നല്ല വീട് നല്ല നാട്' പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
● ചെമ്മനാട് പഞ്ചായത്തിൽ 14 ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു.
കോളിയടുക്കം: (KasargodVartha) ചെമ്മനാട് പഞ്ചായത്തിൽ മാലിന്യ കെട്ടുകൾ റോഡരികൾ തള്ളി ഇനിമുതൽ അങ്ങിനെയൊന്നും രക്ഷപ്പെടാൻ പറ്റില്ല, നല്ല തുക പിഴ അടക്കേണ്ടി വരും. നല്ല വീട് നല്ല നാട് ചേലോടെ ചെമ്മനാട് പദ്ധതിയുടെ തുടർഘട്ടമായി സംസ്ഥാനപാതയിലെ കളനാട്, ചെമ്മനാട് ഉൾപ്പെടെ പതിനാല് ഇടങ്ങളിലായി രണ്ടു വീതം ക്യാമറകളാണ് നിരീക്ഷണത്തിനായി ചെമ്മനാട് പഞ്ചായത്ത് അധികൃതർ ഒരുക്കിയിരിക്കുന്നത്.
രണ്ടാംഘട്ടമായി പന്ത്രണ്ട് ഇടങ്ങളിൽ കൂടി ക്യാമറകൾ സ്ഥാപിക്കുന്നതോടെകൂടി ചെമ്മനാട് പഞ്ചായത്ത് മാലിന്യമുക്ത ഗ്രാമമായി മാറും. ഇരുപത്തിരണ്ട് ലക്ഷം രൂപ ചിലവിലാണ് ക്യാമറ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഐ ടി പ്രൊഫഷണൽ കോർപ്പറേറ്റ് സൊസൈറ്റി ആണ് പദ്ധതി നടപ്പാക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയായ എഎൻപിആർ സൗകര്യമുളളവയാണ് ക്യാമറകൾ. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലും പഞ്ചായത്ത് ഓഫീസിലും ഉൾപ്പെടെ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ജില്ലാ കലക്ടർ കെ ഇമ്പശേഖർ നിരീക്ഷണ ക്യാമറയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷയായി. നവ കേരള കോഡിനേറ്റർ കെ ബാലകൃഷ്ണൻ, മേൽപറമ്പ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൻസൂർ കുരിക്കൾ സ്ഥിരംസമിതി അധ്യക്ഷന്മാരായ ആയിഷ അബൂബക്കർ, ശംസുദ്ദീൻ തെക്കിൽ, രമ ഗംഗാധരൻ, ഹെൽത്ത് ഇൻസ്പെക്ടർ ബിനു, കൃഷ്ണൻ ചട്ടഞ്ചാൽ സംസാരിച്ചു.
#Chemmanad #Kerala #CCTV #antilittering #cleanindia #environment #localnews