നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഭരണമാറ്റത്തിന്റെ സൂചന: സാദിഖലി തങ്ങള്‍

● 'കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു.'
● 'കളമൊരുക്കിയവർക്ക് നന്ദി പറയുന്നു.'
● 'സർക്കാർ ഉത്തരവാദിത്തം മറന്നു പ്രവർത്തിക്കുന്നു.'
● 'ഉമ്മൻചാണ്ടി ജനസമ്പർക്കത്തിന് മാതൃക.'
● 'ഇടതുസർക്കാർ കുടിയുടെയും കുടിശ്ശികയുടേതുമായി.'
● 'കേരളത്തിൻ്റെ നല്ല പേര് നിലനിർത്തണം.'
● 'യുഡിഎഫ് സർക്കാർ ജനങ്ങളുമായി അടുക്കും.'
നിലമ്പൂർ: (KasargodVartha) കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അതിനുള്ള സൂചനയാണെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ സാഹചര്യത്തിൽ നിലമ്പൂരിൽ തിരഞ്ഞെടുപ്പിന് കളമൊരുക്കിയവർക്ക് നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ വേണ്ടിയുള്ള തിരഞ്ഞെടുപ്പായി മാറി. ഭരണമാറ്റത്തിനായി എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള വ്യക്തമായ സൂചനയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നൽകിക്കഴിഞ്ഞത്. അതിന് വഴിയൊരുക്കിയവർക്ക് നന്ദി പറയാം. ജനങ്ങൾക്ക് രക്ഷയില്ലാത്ത അവസ്ഥയായി മാറി. നിരവധി ബുദ്ധിമുട്ടുകൾ കേരളത്തെ കാർന്നുതിന്നുകയാണ്. ഉത്തരവാദിത്തം മറന്നാണ് സർക്കാർ പ്രവർത്തിക്കുന്നത്,' ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങൾ.
കേരളം ലോകത്തിന് മുന്നിൽ മാതൃകയായ ഒരു സംസ്ഥാനമാണ്. ആ നല്ല പേര് നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിന് നേതൃത്വം നൽകുന്ന ഒരു സർക്കാരാണ് കേരളത്തിന് വേണ്ടത്. ജനങ്ങളുമായി അകലം പാലിക്കുന്ന ഒരു സർക്കാരാണ് നിലവിലുള്ളതെന്നും, ജനസമ്പർക്കം പുലർത്തുന്ന യുഡിഎഫ് കേരളം ഭരിക്കേണ്ടതുണ്ടെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ജനങ്ങളുമായി ഏത് നിലയ്ക്കാണ് ബന്ധം പുലർത്തേണ്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കാണിച്ചുതന്നിട്ടുണ്ടെന്നും സാദിഖലി തങ്ങൾ ഓർമ്മിപ്പിച്ചു. ഭരണാധികാരിക്ക് വേണ്ട മികവും ഉത്തരവാദിത്തവും ഉമ്മൻചാണ്ടിയുടെ ഓരോ പ്രവർത്തനങ്ങളിൽ നിന്നും വ്യക്തമായിരുന്നു. അദ്ദേഹം ജനങ്ങൾക്കിടയിൽ ഓടി നടന്ന് പ്രവർത്തിച്ചു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും സമാനമായ രീതിയിൽ ഓടി നടന്ന് പ്രവർത്തിച്ച വ്യക്തിയായിരുന്നു. ഇന്ത്യ വിഭജനത്തിന് ശേഷം ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ഒറ്റപ്പെടലുമായിരുന്നു രാജ്യം നേരിട്ടത്. അതിനെ ജനാധിപത്യവൽക്കരിച്ച് മുന്നോട്ട് കൊണ്ടുവരാൻ ജവഹർലാൽ നെഹ്റു അക്ഷീണം പ്രയത്നിച്ചു. ഒടുവിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അധികാരത്തിൽ നിന്നും ഇറങ്ങിപ്പോകുമ്പോൾ ഭക്ഷ്യസുരക്ഷാ നിയമം പാസാക്കിക്കൊണ്ടാണ് പടിയിറങ്ങിയത്. ദീർഘവീക്ഷണത്തോടെയാണ് കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് സർക്കാരുകൾ ഭരിച്ചിരുന്നത്. കുടിയും കുടിശ്ശികയുടേതുമായി കേരളത്തിലെ ഇടതുസർക്കാർ മാറിയെന്നും സാദിഖലി തങ്ങൾ വിമർശിച്ചു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.